ഡോക്റ്ററേറ്റ് സർട്ടിഫിക്കറ്റ് ഹാജരാക്കണം: ഷാഹിദയോടു ലോകായുക്ത

തിരുവനന്തപുരം: വനിതാ കമ്മീഷൻ അംഗം ഷാഹിദാ കമാലിനോട് വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന യഥാർഥ രേഖകൾ ഹാജരാക്കാൻ ലോകായുക്ത. നിയമനത്തിന് അവർ ഹാജരാക്കിയ ഡോക്ടറേറ്റ് എവിടെ നിന്നു കിട്ടിയെന്നു കോടതി ചോദിച്ചു. കസാഖിസ്ഥാൻ സർവ്വകലാശാലയിൽ നിന്നാണെങ്കിൽ, ഷാഹിദയുടെ സ്ത്രീ ശാക്തീകരണ പ്രവർത്തനങ്ങൾ കസാഖിസ്ഥാൻ സർവ്വകലാശാല എങ്ങനെയറിഞ്ഞുവെന്ന് കോടതി ചോദിച്ചു.
വ്യാജഡോക്ടറേറ്റ് ആരോപണത്തിൽ വിചിത്ര വാദങ്ങളാണ് ഷാഹിദ ഉയർത്തുന്നത്.
ഷാഹിദ കമാലിന്റെ സ്ത്രീ ശാക്തീകരണ പ്രവർത്തനങ്ങൾ കസാഖിസ്ഥാൻ സർവ്വകലാശാല എങ്ങനെ അറിഞ്ഞുവെന്നും കോടതി ചോദിച്ചു. യൂണിവേഴ്സിറ്റിയിലെ മലയാളിയായ ഒരു പ്രതിനിധിയാണ് തന്നെ ശുപാർശ ചെയ്തതുവെന്നായിരുന്നു ഇതിന് ഷാഹിദയുടെ മറുപടി. എന്നാൽ അതാരാണെന്നു വ്യക്തമല്ല.
അതേ സമയം ഷാഹിദയുടെ യോഗ്യതയിൽ സർക്കാരും മലക്കം മറിയുകയാണ്. ഷാഹിദക്ക് വിയറ്റ്നാം സർവ്വകലാശാലയുടെ ഡോക്ടറേറ്റുണ്ടെന്നായിരുന്നു നേരത്തെ സർക്കാർ അറിയിച്ചിരുന്നത്. സാമൂഹിക നീതി വകുപ്പ് വിവരാവകാശ നിയമപ്രകാരം നൽകിയ മറുപടിയിലാണ് ഷാഹിദക്ക് വിയറ്റ്നാം സർവ്വകലാശാലയുടെ ഡോക്ടറേറ്റുണ്ടെന്ന് വ്യക്തമാക്കിയിരുന്നത്. എന്നാൽ ഇന്ന് ലോകായുക്തക്ക് മുന്നിൽ സമർപ്പിച്ച സത്യവാങ് മൂലത്തിൽ ഷാഹിദ കമാലിന് കസാക്കിസ്ഥാൻ ഓപ്പൺ സർവ്വകലാശാല ഓണററി ഡോക്ടറേറ്റ് നൽകിയെന്നാണ് സംസ്ഥാന സർക്കാർ അറിയിച്ചത്. ഷാഹിദാ കമാലാണ് ഇക്കാര്യം അറിയിച്ചതെന്നും സർക്കാർ രേഖാമൂലം നൽകിയ മറുപടിയിൽ പറയുന്നു.
അടുത്ത തവണ വിചാരണയ്ക്കു വരുമ്പോൾ യഥാർഥ വിദ്യാഭ്യാസ രേഖകൾ ഹാജരാക്കണമെന്ന് ലോകായുക്ത ആവശ്യപ്പെട്ടു.

Related posts

Leave a Comment