ലഖിംപൂര്‍ സംഘ‍ര്‍ഷത്തില്‍ കര്‍ഷകരെ അനുകൂലിച്ചുള്ള നിലപാട് ; ബി.ജെ.പി ദേശീയ നിര്‍വാഹക സമിതിയില്‍ നിന്ന് മനേകാ ഗാന്ധിയേയും മകന്‍ വരുണ്‍ ഗാന്ധിയേയും ഒഴിവാക്കി

ബി.ജെ.പി ദേശീയ നിര്‍വാഹക സമിതിയില്‍ നിന്ന് മനേകാ ഗാന്ധിയേയും മകന്‍ വരുണ്‍ ഗാന്ധിയേയും ഒഴിവാക്കി. കാര്‍ഷിക നിയമത്തിനെതിരേയും ലഖിംപൂര്‍ ഖേരി കൂട്ടക്കൊലയ്‌ക്കെതിരേയും വരുണ്‍ ഗാന്ധി കഴിഞ്ഞ ദിവസങ്ങളില്‍ നിരന്തരം പാര്‍ട്ടിയെ പ്രതിരോധത്തിലാക്കിയിരുന്നു.

ഇതിന് പിന്നാലെയാണ് ഇരുവരേയും ഒഴിവാക്കി ദേശീയ നിര്‍വാഹകസമിതി പുനഃസംഘടിപ്പിച്ചത്. ലഖിംപുര്‍ സംഘര്‍ഷത്തിന്‍്റെ വീഡിയോ രണ്ട് തവണ ട്വീറ്റ് ചെയ്ത വരുണിന്‍്റെ നടപടി നേരത്തെ ച‍ര്‍ച്ചയായിരുന്നു. പ്രതിഷേധിക്കുന്ന കര്‍ഷകരെ കൊല ചെയ്ത് നിശബ്ദരാക്കാമെന്ന് കരുതേണ്ടെന്ന് വരുണ്‍ ഗാന്ധി പറഞ്ഞിരുന്നു.

ലഖിംപൂര്‍ സംഘ‍ര്‍ഷത്തില്‍ കര്‍ഷകരെ അനുകൂലിച്ചുള്ള നിലപാടാണ് വരുണ്‍ സ്വീകരിച്ചിരുന്നത്. നിരപരാധികളായ കര്‍ഷകരുടെ ജീവനെടുക്കാന്‍ കാരണക്കാരയവര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്ന് വരുണ്‍ അഭിപ്രായപ്പെട്ടിരുന്നു. ലഖിംപൂര്‍ സംഘര്‍ഷം ഖലിസ്ഥാന്‍ തീവ്രവാദികള്‍ ആസൂത്രണം ചെയ്തതാണെന്നായിരുന്നു ബിജെപിയുടെ ആദ്യപ്രതികരണം. എന്നാല്‍ വിഷയത്തില്‍ ജനവികാരം എതിരാണെന്ന് കണ്ടതോടെ പാര്‍ട്ടി ദേശീയനേതൃത്വം ഇതേക്കുറിച്ച്‌ കൂടുതല്‍ പ്രതികരിച്ചിരുന്നില്ല.

അതേസമയം വരുണ്‍ ഗാന്ധി അതൃപ്തി പ്രകടമാക്കിയതിന് പിന്നാലെ പുറത്തു വന്ന ബിജെപി ദേശീയ നിര്‍വ്വാഹകസമിതി അം​ഗങ്ങളുടെ പട്ടികയില്‍ വരുണും മനേകയും ഇല്ലാതിരുന്നതോടെ വരുണിനോടുള്ള ബിജെപി നിലപാട് എന്താണെന്ന് വ്യക്തമായെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. യു പിയിലെ സുല്‍ത്താന്‍പൂരില്‍ നിന്നുള്ള എംപിയാണ് മനേകാ ഗാന്ധി. പിലിഭിത്ത് മണ്ഡലത്തെയാണ് വരുണ്‍ പ്രതിനിധീകരിക്കുന്നത്.

Related posts

Leave a Comment