പ്രിയങ്ക കസ്റ്റഡിയില്‍ത്തന്നെ, കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സീതാംപുര്‍ ഗസ്റ്റ് ഹൗസ് ഉപരോധിക്കുന്നു

ലക്നോ: ലഖിംപൂര്‍ കര്‍ഷക കൂട്ടക്കൊലയില്‍ പ്രതിഷേധിക്കാനെത്തിയ എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയെ കസ്റ്റഡിയില്‍ പാര്‍പ്പിച്ചിരിക്കുന്ന സീതാംപൂര്‍ ഗസ്റ്റ് ഹൗസിലേക്ക് നൂറ്കണക്കിനു കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേ‌ധവുമായെത്തി. കേന്ദ്ര ആഭ്യന്തര മന്ത്രി അജയ് കുമാര്‍ മിശ്രയുടെ മകന്‍ ആശിഷ് കുമാറിന്‍റെ നേതൃത്വത്തിലുള്ള ബിജെപി നേതാക്കളാണ് സംഘര്‍ഷത്തിനും കൊലപാതകത്തിനും നേതൃത്വം നല്‍കിയത്. ഗൂഢാലോചനക്കുറ്റം ചുമത്തി അജയ് മിശ്രയ്ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തതായ മീറ‌റ്റ് ജില്ലാ പൊലീസ് മേധാവി അറിയിച്ചു. ആശിഷ് കുമാറിനെതിരേ കൊലക്കുറ്റത്തിനു കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ബിജെപിയിലെ പ്രാദേശിക നേതാക്കളടക്കം പതിനെട്ടു പേര്‍ക്കെതിരേയും കേസുണ്ട്.

കൊല്ലപ്പെട കര്‍ഷകരുടെ കുടുംബങ്ങളിലെത്തി ഉറ്റവരെ ആശ്വസിപ്പിക്കാനാണ് പ്രിയങ്ക ഗാന്ധി ലഖിംപൂരിലേക്കു പുറപ്പെട്ടത്. എന്നാല്‍ വഴിക്കു വച്ച് അവരെ തടഞ്ഞ് പൊലീസ് കസ്റ്റഡിയിലെടുത്തു. സീതാംപുര്‍ ഗസ്റ്റ്ഹൗസിലാണ് അവരെ പാര്‍പ്പിച്ചിരിക്കുന്നത്. എന്നാല്‍ പ്രിയങ്കയ്ക്കെതിരേ കേസൊന്നും രജിസ്റ്റര്‍ ചെയ്തിട്ടില്ല. സ്ഥലത്ത് സംഘര്‍ഷം ഒഴിവാക്കാനാണ് നടപടിയെന്നാണ് പോലീസ് പറയുന്നത്. ക്രമസമാധാന പാലനത്തിനു നാലു പ്രത്യേക സേനാ കമ്പനികളെയും കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ചു.

Related posts

Leave a Comment