‘പ്രിവിലേജിന്റെ താരത്തിളക്കം ആവശ്യമില്ല,കോൺഗ്രസ്‌ പാർട്ടി നൽകുന്ന രാഷ്ട്രീയ ആർജ്ജവം മാത്രം മതി’ ; ഇതിലും ശക്തമായി ” തെരുവിൽ ” തന്നെ സമരവുമായി മുന്നോട്ടുപോകും ; പ്രതികരണവുമായി ഡിസിസി പ്രസിഡന്റ്

കൊച്ചി : എറണാകുളം ജില്ലാ കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ദേശീയ പാത ഉപരോധം ഒറ്റ ദിവസം കൊണ്ട് നടത്തിയ സമരമല്ലെന്നും ഒരാഴ്ച മുൻപ് പ്രഖ്യാപിക്കുകയും പൊലീസ് ഉൾപ്പടെയുള്ള അധികാരികളെ കൃത്യമായി അറിയിച്ചതിനു ശേഷം നടത്തിയ സമരമാണെന്നും ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്.

സമരത്തെ തുടർന്ന് പൊലീസ് വാഹന ഗതാഗതം മറ്റു വഴികളിലൂടെ നിയന്ത്രിച്ചിരുന്നു. ഒന്നിലേറെ തവണ പത്രവാർത്തകളിലൂടെ സമരത്തെ കുറിച്ച് ജനങ്ങളുമായി ആശയ വിനിമയം നടത്താൻ ഡിസിസി മുൻകൈ എടുത്തതാണ്.സമരത്തിൽ ആംബുലൻസ് അടക്കമുള്ള സർവീസുകൾക്ക് ബുദ്ധിമുട്ട് അനുഭവിക്കാതിരിക്കാൻ ശ്രദ്ധിച്ചു എന്ന് മാത്രമല്ല മാധ്യമങ്ങളിൽ കാണുന്നത് പോലെ മണിക്കൂറുകളുടെ കഥകൾക്ക് അപ്പുറം 30 മിനുട്ട് മാത്രമാണ് സമരം അരങ്ങേറിയത്.

നടൻ ജോജു ജോർജിന്റെ നേതൃത്വത്തിൽ ഇന്ന് നടന്ന സംഭവങ്ങൾ ജനകീയമായ ഒരു സമരത്തെ അട്ടിമറിക്കാൻ വേണ്ടിയുള്ള കരുതി കൂട്ടിയുള്ള നാടകം മാത്രമാണ്.ജോജു ജോർജിനെതിരെ പ്രവർത്തകർ തിരിയാനുണ്ടായ പ്രധാന കാരണം മഹിളാ കോൺഗ്രസ്‌ നേതാക്കളോട് ജോജു നടത്തിയ മര്യാദ കെട്ട പെരുമാറ്റം മൂലമാണ്. അവരുടെ അടുത്തേക്ക് ആക്രോശിച്ചു കൊണ്ട് വരികയും മോശം വാക്കുകൾ ഉപയോഗിച്ച് കൊണ്ട് പ്രവർത്തകരെ പിടിച്ച് തള്ളുകയുമാണ് സംഭവിച്ചത്.

ഇത് അംഗീകരിച്ചു നൽകാൻ കഴിയില്ല. മാന്യതയുടെ സകല അതിർ വരമ്പുകളും ലംഘിച്ചു കൊണ്ട്, സ്വന്തം ഉത്തരവാദിത്തം മറന്ന് ഒരു സമരത്തെ തകർക്കാനും ഒരു രാഷ്ട്രീയ പ്രസ്ഥാനത്തെ സമൂഹത്തിൽ താറടിച്ചു കാണിക്കാനുമുള്ള ജോജുവിന്റെ ശ്രമത്തിനെതിരെ പ്രതിഷേധിക്കുന്നു.കേവലം ഒരു നടൻ തന്റെ പ്രിവിലേജ് ഉപയോഗിച്ച് നടത്തിയ മൂന്നാം കിട നാടകത്തിനു മുന്നിൽ എറണാകുളം ജില്ലാ കോൺഗ്രസ്‌ കമ്മിറ്റി പിന്നോട്ട് പോകില്ല.

കോൺഗ്രസ്‌ പ്രവർത്തകരുടെ ആത്മാഭിമാനത്തെയും, പ്രവർത്തന സ്വാതന്ത്ര്യത്തെയും ചോദ്യം ചെയ്ത് കൊണ്ടോ, അപമാനിച്ചു കൊണ്ടോ ആരെങ്കിലും മുന്നോട്ട് പോകാം എന്ന് കരുതുന്നുണ്ടെങ്കിൽ അത് അംഗീകരിച്ചു നൽകില്ല എന്ന് മാത്രമല്ല, പ്രവർത്തകരെ സംരക്ഷിക്കാൻ ഏതറ്റം വരെയും പോകുമെന്നും അറിയിക്കുന്നു.അതിന് പ്രിവിലേജിന്റെ താരത്തിളക്കം ആവശ്യമില്ല.കോൺഗ്രസ്‌ പാർട്ടി നൽകുന്ന രാഷ്ട്രീയ ആർജ്ജവം മാത്രം മതി.തുടർന്നും ജനദ്രോഹ നടപടികൾക്കെതിരെ ജനകീയ സമരവുമായി ഇതിലും ശക്തമായി ” തെരുവിൽ ” തന്നെ സമരവുമായി കോൺഗ്രസ്‌ പാർട്ടി മുന്നോട്ട് പോകുമെന്നും ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ഫേസ്ബുക്കിൽ കുറിച്ചു.

Related posts

Leave a Comment