പ്രൈം വോളിബോൾ ലീഗ് താരലേലം ഇന്ന്; പ്ലെയർഡ്രാഫ്റ്റിൽ 400ലേറെ ഇന്ത്യൻ-വിദേശ താരങ്ങൾ

കൊച്ചി: വോളിബോൾ ആരാധകർ ആവേശംപൂർവം കാത്തിരിക്കുന്ന പ്രൈം വോളിബോൾ ലീഗിന്റെ താരലേലം ഇന്ന് കൊച്ചിയിൽ നടക്കും. 400ലേറെ ഇന്ത്യൻ, അന്താരാഷ്ട്ര താരങ്ങളെ ലേലത്തിൽ സ്വന്തമാക്കാൻ ഏഴു ഫ്രാഞ്ചൈസികളാണ് മത്സരിക്കുക. കാലിക്കറ്റ് ഹീറോസ്, കൊച്ചി ബ്ലൂ സ്പൈക്കേഴ്സ്, അഹമ്മദാബാദ് ഡിഫൻഡേഴ്സ്, ഹൈദരാബാദ് ബ്ലാക്ക് ഹോക്സ്, ചെന്നൈ ബ്ലിറ്റ്സ്, ബെംഗളൂരു ടോർപ്പിഡോസ്, കൊൽക്കത്ത തണ്ടർബോൾട്ട് ടീമുകളാണ് ഇത്തവണ പ്രൈം വോളി ലീഗ് കിരീടത്തിനായി മത്സരിക്കുക. വോളിബോളിലെ എക്കാലത്തെയും വലിയ താരലേലമായിരിക്കും ഇത്. ഓരോ ഫ്രാഞ്ചൈസികൾക്കും അവരുടെ ടീമിലേക്ക് മൊത്തം 14 താരങ്ങളെ തിരഞ്ഞെടുക്കാം. ഇതിൽ 12 ഇന്ത്യൻ കളിക്കാരും രണ്ട് അന്താരാഷ്ട്ര കളിക്കാരും ഉൾപ്പെടും.

അശ്വൽ റായ്, അജിത്ലാൽ സി, അഖിൻ ജിഎസ്, ദീപേഷ് കുമാർ സിൻഹ, ജെറോം വിനീത്, കാർത്തിക് എ, നവീൻ രാജ ജേക്കബ്, വിനീത് കുമാർ എന്നിവരുൾപ്പെടെയുള്ള ഇന്ത്യയിലെ മുൻനിര വോളിബോൾ താരങ്ങൾ പ്ലാറ്റിനം വിഭാഗത്തിലായിരിക്കും. ഗോൾഡ് കാറ്റഗറിയിൽ 33 താരങ്ങളുണ്ട്. സിൽവർ (141), ബ്രോൺസ് (205) എന്നിങ്ങനെയാണ് മറ്റു വിഭാഗങ്ങളിലെ കളിക്കാരുടെ എണ്ണം. അണ്ടർ 21 വിഭാഗത്തിൽ ആകെ 23 താരങ്ങളും ലേലത്തിൽ മത്സരിക്കും. ഡേവിഡ് ലീ (യുഎസ്എ), ലൂയിസ് അന്റോണിയോ ഏരിയാസ് ഗുസ്മാൻ (വെനസ്വേല) എന്നിവരുൾപ്പെടെ നിരവധി അന്താരാഷ്ട്ര താരങ്ങളും പ്രൈം വോളിബോൾ ലീഗ് ഇന്റർനാഷണൽ പ്ലെയർ ഡ്രാഫ്റ്റിൽ ഇടംപിടിച്ചിട്ടുണ്ട്.

അടുത്ത വർഷം നടക്കുന്ന പ്രൈം വോളിബോൾ ലീഗിനായി ഓരോ ടീമുകളും മുഖ്യപരിശീലകരെ ഇതിനകം പ്രഖ്യാപിച്ചിട്ടുണ്ട്. അഹമ്മദാബാദ് ഡിഫൻഡേഴ്‌സ്-സജ്ജാദ് ഹുസൈൻ, എസ് ദക്ഷിണാമൂർത്തി, ബെംഗളൂരു ടോർപ്പിഡോസ്-കെ ആർ ലക്ഷ്മിനാരായണ, കാലിക്കറ്റ് ഹീറോസ്-കിഷോർ കുമാർ, ചെന്നൈ ബ്ലിറ്റ്‌സ്-ചന്ദർ സിങ്, ഹൈദരാബാദ് ബ്ലാക്ക് ഹോക്‌സ്-റൂബൻ വൊലോച്ചിൻ, കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സ്-ഡോ. എം.എച്ച് കുമാര, കൊൽക്കത്ത തണ്ടർബോൾട്ട്-സണ്ണി ജോസഫ്.

പ്രൈം വോളിബോൾ ലീഗ് മത്സരങ്ങൾ സോണി പിക്ചേഴ്സ് നെറ്റ്വർക്കിൽ സംപ്രേക്ഷണം ചെയ്യും. രാജ്യത്തെ പ്രമുഖ സ്പോർട്സ് മാർക്കറ്റിങ് സ്ഥാപനമായ ബേസ്ലൈൻ വെഞ്ചേഴ്സിനാണ് വിപണന അവകാശം. റുപേ ആണ് പ്രൈം വോളിബോൾ ലീഗിന്റെ ടൈറ്റിൽ സ്‌പോൺസർ. എ23 പവേർഡ് ബൈ സ്‌പോൺസർമാരായി ബഹുവർഷ കരാറിലും ഒപ്പുവച്ചിട്ടുണ്ട്. ആകെ 24 മത്സരങ്ങളാണ് പ്രൈം വോളിബോൾ ലീഗിൽ ഉണ്ടാവുക. മത്സരക്രമവും വേദിയും ഉടൻ പ്രഖ്യാപിക്കും.

പ്രതിഭാശാലികളായ വോളിബോൾ താരങ്ങൾക്ക് അവരുടെ കഴിവുകൾ പ്രകടിപ്പിക്കാനും, വോളിബോളിൽ വിജയകരമായ കരിയർ വികസിപ്പിക്കാനും ഒരു വേദിയൊരുക്കാനുള്ള ഞങ്ങളുടെ ശ്രമമാണിതെന്ന് ബേസ്‌ലൈൻ വെഞ്ചേഴ്‌സ് സഹ സ്ഥാപകനും എംഡിയുമായ തുഹിൻ മിശ്ര പറഞ്ഞു. ഇന്ത്യയിൽ വളരെയധികം കഴിവുള്ള വളർന്നുവരുന്ന നിരവധി വോളിബോൾ താരങ്ങളുണ്ടെന്നും, അവർക്ക് മികച്ച ഇന്ത്യൻ, അന്താരാഷ്ട വോളിബോൾ താരങ്ങൾക്കൊപ്പം കളിക്കാനുള്ള അവസരം നൽകുന്നതിൽ ഞങ്ങൾ സന്തുഷ്ടരാണെന്നും പ്രൈം വോളിബോൾ ലീഗ് സിഇഒ ജോയ് ഭട്ടാചാര്യ പറഞ്ഞു.

Related posts

Leave a Comment