‘അന്തസ്സ് വേണം മുകേഷേ അന്തസ്സ്’ വിമർഷനവുമായി രാഹുൽ മാങ്കൂട്ടത്തിൽ

കൊല്ലം: പരാതി പറയാൻ വിളിച്ച പത്താം ക്ലാസുകാരനോട് ക്ഷുഭിതനായ മുകേഷ് എം എൽ എയെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ. തന്റെ ഫോണിലേക്ക് പരാതി പറയാനായി പാലക്കാട് നിന്നും വിളിച്ച കുട്ടിയോട് മോശമായി മുകേഷ് സംസാരിക്കുന്നതിന്റെ ഫോൺ സംഭാഷണം പുറത്ത് വന്നതോടെയാണ് മുകേഷിനെതിരെ രാഹുൽ പരസ്യപ്രതികരണം അറിയിച്ചത്.

മുകേഷിന്റെ തന്നെ വൈറലായ ഡയലോഗ് ആയ ‘അന്തസ്സ് വേണം മിസ്റ്റർ, അന്തസ്സ്’ എന്ന വാക്ക് കടമെടുത്താണ് രാഹുൽ, എം എൽ എയെ വിമർശിക്കുന്നത്. പരാതി പറയാൻ വിളിച്ച പത്താം ക്ലാസ്സുകാരനു മറുപടി കൊടുക്കേണ്ടുന്ന ബാധ്യത ഒരു ജനപ്രതിനിധിയെന്ന നിലയിൽ താങ്കൾക്കുണ്ടെന്ന് രാഹുൽ മുകേഷിനോട് പറയുന്നു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം:

അന്തസ്സ് വേണം മുകേഷേ , അന്തസ്സ്.
നിങ്ങളുടെ തന്നെ വിഖ്യാതമായ ഒരു ഫോൺ സംഭാഷണത്തിലെ ഒരു വാചകമാണത്. അന്ന് നിങ്ങളെ ഫോൺ ചെയ്തത്, നിങ്ങളുടെ സിനിമ കണ്ട് ആരാധന തോന്നിയ വ്യക്തിയാണ്, അയാളോട് എങ്ങനെ പ്രതികരിക്കണമെന്നത് തികച്ചും വ്യക്തിപരമായ സംസ്കാരത്തിൻ്റെ ഭാഗമാണ്.
എന്നാൽ ഇപ്പോൾ ആ പത്താം ക്ലാസ്സുകാരൻ വിളിച്ചത് M മുകേഷ് എന്ന കൊല്ലം MLA യെയാണ്. അവന് മറുപടി കൊടുക്കേണ്ടുന്ന ബാധ്യത ഒരു ജനപ്രതിനിധിയെന്ന നിലയിൽ നിങ്ങൾക്കുണ്ട്. അവൻ വാങ്ങുന്ന ബുക്കിൻ്റെയും പേനയുടെയുമൊക്കെ നികുതി കൂടി ചേരുന്നതാണ് നിങ്ങളുടെ ശമ്പളം.
ആറ് തവണ വിളിച്ചതിൻ്റെ പേരിലാണോ ആ പതിനാറുകാരൻ്റെ നേർക്ക് നിങ്ങളുടെ ധിക്കാരവും, ധാർഷ്ട്യവും, അഹങ്കാരവും യഥേഷ്ടം വലിച്ചെറിഞ്ഞത്. നിങ്ങളുടെ നമ്പർ അവന് കൊടുത്തതിൻ്റെ പേരിൽ അവൻ്റെ കൂട്ടുകാരൻ്റെ ചെവിക്കുറ്റിക്കടിക്കണം എന്ന് പറയുന്ന നിങ്ങളെ തിരഞ്ഞെടുത്ത കൊല്ലത്തുകാരും നിങ്ങളുടെ നമ്പർ കൊടുത്താൽ ചെവിക്കുറ്റിക്കടിക്ക് വിധേയരാകണോ?
സാർ എന്ന് പതിഞ്ഞ ദയനീയതയുടെ ശബ്ദത്തിൽ വിളിച്ച്, ഒരു അത്യാവശ്യ കാര്യം പറയാനാണെന്ന് പല കുറി പറഞ്ഞിട്ടും, നിങ്ങൾ അവനോട് ആക്രോശിക്കുന്നതിനിടയിൽ ഒരു തവണയെങ്കിലും അവനോട് ആ അത്യാവശ്യം എന്താണെന്ന് ചോദിക്കാനുള്ള കരളലിവ് നിങ്ങൾക്കില്ലെ? ഒരുപാട് സാധാരണക്കാരൻ്റെ വിഷമങ്ങൾ കേട്ട്, നാടകങ്ങൾ സൃഷ്ടിച്ച ഒ മാധവൻ്റെ മകന് ഇങ്ങനെ ചെയ്യുവാൻ കഴിയുമോ?
പ്രിയ കൊല്ലംകാരെ, MLA യുടെ പേരറിയാത്തവരെ നേരിൽ കണ്ടാൽ ചൂരലിനു അടിക്കുമെന്ന് പറയുന്ന M മുകേഷാണ് നിങ്ങളുടെ MLA, അതിനാൽ ചൂരലിനടികൊള്ളാതിരിക്കുവാൻ അയാളുടെ പേര് പറഞ്ഞ് പഠിക്കുക.
പിന്നെ ഒറ്റപ്പാലം MLA ബഫൂണാണോ, ജീവനോടെയുണ്ടോ, മരിച്ചുപോയോ എന്നൊക്കെയുള്ള മുകേഷിൻ്റെ സംശയത്തിന് സ്ഥലം MLA അഡ്വ K പ്രേംകുമാർ മറുപടി പറയുക.
ആ ശബ്ദത്തിനുടമയായ സഹോദരനെ അറിയുന്നവർ പറയുക, യൂത്ത് കോൺഗ്രസ്സിന് സാധ്യമായ എല്ലാ സഹായവും ചെയ്യും…

Related posts

Leave a Comment