സിന്ധുമോളെ പുറത്താക്കാന്‍ സമ്മര്‍ദം, ജോസ് കെ മാണി-സിപിഎം ഒത്തുകളി പൊളിയുന്നു

കോട്ടയംഃ പാലായിലെ പരാജയത്തിന്‍റെ പേരില്‍ സിപിഎം ജില്ലാ നേതൃത്വവുമായി ഉടക്കി നില്‍ക്കുന്ന കേരള കോണ്‍ഗ്രസ് എം നേതാവ് ജോസ് കെ മാണിക്കെതിരേ നിലപാട് കടുപ്പിച്ച് സിപിഎം പ്രാദേശിക നേതൃത്വം രംഗത്ത്. കുറ്റ്യാടിക്കു പിന്നാലെ, പാലായിലും സിപിഎമ്മിനുള്ളില്‍ വലിയ വിവാദമാണു പുകയുന്നത്. സംസ്ഥാന നേതൃത്വവുമായി നീരസത്തിലുള്ള പല പ്രാദേശിക ഘടകങ്ങളും അച്ചടക്ക ഭീഷണി നേരിടുമ്പോള്‍, ജോസുമായി സമരസപ്പെട്ടുപോകാനാവാതെ ജില്ലാ നേതൃത്വവും വെട്ടിലായി.

നിയമസഭാ തെരഞ്ഞെടുപ്പില്‍ സിപിഎമ്മില്‍ നിന്നു വലിയ തോതിലുള്ള കാലുവാരലുണ്ടായി എന്നാണ് ജോസ് കെ മാണിയുടെ ആക്ഷേപം. എന്നാല്‍ പാലായില്‍ കെ.എം. മാണിയുടെ വിശ്വസ്തര്‍ യുഡിഎഫിനൊപ്പം ഉറച്ചു നിന്നതാണ് പരാജയ കാരണമെന്നാണു സിപിഎം പ്രാദേശിക നേതൃത്വത്തിന്‍റെ വിലയിരുത്തല്‍. തെരഞ്ഞെടുപ്പ് പ്രചാരണം കൊടുമ്പിരിക്കൊണ്ടിരിക്കെ, പാലാ നഗരസഭയില്‍ സിപിഎം കൗണ്‍സിലറെ കേരള കോണ്‍ഗ്രസ് ജോസ് പക്ഷത്തുള്ളവര്‍ കൈയേറ്റം ചെയ്തത് ഇവര്‍ ചൂണ്ടിക്കാട്ടുന്നു. ജോസ് കെ മാണിയുടെ ഇടതു പ്രവേശനം പാലായിലെ പരമ്പരാഗത ക്രൈസ്തവ മേഖലയ്ക്കു രുചിക്കാതെ പോയതാണു പരാജയ കാരണമെന്നാണ് സിപിഎമ്മിന്‍റെ വാദം. എന്നാല്‍, തനിക്ക് വോട്ട് ചെയ്യാതെ സിപിഎം പ്രവര്‍ത്തകര്‍ വിട്ടു നിന്നു എന്നു ജോസും പറയുന്നു. ഇതേക്കുറിച്ച് അന്വേഷിക്കണമെന്ന ജോസ് കെ മാണിയുടെ ആവശ്യത്തോടു സിപിഎം ജില്ലാ നേതൃത്വം വിമുഖത കാണിച്ചതോടെയാണു സംസ്ഥാന നേതൃത്വം ഇടപെട്ടത്. ഇന്നു കൂടുന്ന ജില്ലാ കമ്മിറ്റിയില്‍ പുതിയ അന്വേഷണ കമ്മിഷനെ നിയോഗിക്കാനാണു നിര്‍ദേശം.

അതിനിടെ, ഉഴവൂര്‍ ബ്ലോക്ക് പ‍ഞ്ചായത്ത് വൈസ് പ്രസിഡന്‍റും സിപിഎം അനുഭാവിയുമായ സിന്ധുമോള്‍ ജേക്കബിനെതിരേയും ജില്ലാ കമ്മിറ്റിയില്‍ ഇന്നു ചര്‍ച്ച വരും. സംസ്ഥാന നേതൃത്വത്തിന്‍റെ അനുമതിയോടെ, പിറവത്ത് യുഡുഎഫിനെതിരേ പേയ്മെന്‍റ് സീറ്റ് നേടിയാണ് സിന്ധുമോള്‍ ജേക്കബ് മത്സരിച്ചതെന്നാണ് പാര്‍ട്ടിക്കുള്ളിലെ ആക്ഷേപം. ഇതിനു വേണ്ടി, ജോസ് കെ മാണി വലിയ തോതില്‍ പണം കൈപ്പറ്റിയെന്ന ആക്ഷേപം തെരഞ്ഞെടുപ്പ് സമയത്ത് തന്നെ ഉയര്‍ന്നിരുന്നു. പിറവത്തും കുറ്റ്യാടിയിലും സിപിഎം അനുഭാവികളെ ജോസ് കെ മാണിയുടെ പാര്‍ട്ടിയുടെ പ്രതിനിധികളാക്കി മത്സരിപ്പിച്ചത്, യുഡിഎഫ് പക്ഷത്തുള്ള കേരള കോണ്‍ഗ്രസുകളെ ആശയക്കുഴപ്പത്തിലാക്കാനായിരുന്നു. ജോസ് പക്ഷത്തിനു മത്സരിക്കാന്‍ കൂടുതല്‍ സീറ്റ് അനുവദിച്ചു എന്നു മേനി പറഞ്ഞ്, സ്വന്തം പ്രതിനിധികളെ മത്സരിപ്പിക്കുകയായിരുന്നു സിപിഎം തന്ത്രം. ഇതിനു വഴങ്ങിക്കൊടുത്ത ജോസ് കെ മാണി പ്രവര്‍ത്തകരെ വഞ്ചിക്കുകയായിരുന്നു എന്നാണ് സിപിഎമ്മിലെ തന്നെ ഒരു വിഭാഗം പറയുന്നത്. ഉഴവൂരിലടക്കം ജോസിനു വലിയ തോതില്‍ ഇതു തിരിച്ചടിയായി.

അതേ സമയം, ജില്ലാ കമ്മിറ്റിയുടെ അനുമതിയോ അറിവോ ഇല്ലാതെ സിന്ധുമോള്‍ ജേക്കബ് പിറവത്തു സ്ഥാനാര്‍ഥിയായതിന്‍റെ പേരില്‍ അന്നു മുതല്‍ നടപടി ആവശ്യപ്പെടുകയാണ് ഉഴവൂരുലെ സിപിഎം നേതൃത്വം. സിപിഎം സ്ഥാനാര്‍ഥിയായിട്ടാണ് സിന്ധു മോള്‍ ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്തിലേക്കു മത്സരിച്ചത്. പഞ്ചായത്തിന്‍റെ ഭരണം പിടിച്ചപ്പോള്‍ വൈസ് പ്രസിഡന്‍റായതും പാര്‍ട്ടിയുടെ ലേബലിലായിരുന്നു. അങ്ങനെയൊരാള്‍ പിറവത്ത് പോയി കേരള കോണ്‍ഗ്രസ് എം സ്ഥാനാര്‍ഥിയായി മത്സരിച്ചതിനെതിരേ കര്‍ശന നടപടി വേണമെന്നാണു ഉഴവൂര്‍ ഏരിയ കമ്മിറ്റി ജില്ലാ കമ്മിറ്റിക്കു നല്‍കിയ പരാതിയിലെ പ്രധാന ആവശ്യം. എന്നാല്‍ സംസ്ഥാന നേതൃത്വം എതിര്‍ക്കുന്നതിനാല്‍ ജില്ലാകമ്മിറ്റിക്ക് ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല. ഇന്നു കൂടുന്ന ജില്ലാ കമ്മിറ്റിയിലും ഇക്കാര്യം ഉയര്‍ന്നേക്കുമെന്നാണ് പ്രാദേശിക നേതാക്കള്‍ പറയുന്നത്.

Related posts

Leave a Comment