കേരളത്തിൽ നിന്ന് 11 പേർക്ക് രാഷ്ട്രപതിയുടെ പൊലീസ് മെഡൽ

തിരുവനന്തപുരം : രാഷ്ട്രപതിയുടെ ഈ വർഷത്തെ പൊലീസ് മെഡലിന് കേരളത്തിൽ നിന്ന് പതിനൊന്ന് ഉദ്യോഗസ്ഥർ അർഹരായി. എ.ഡി.ജി.പി യോഗേഷ് ഗുപ്ത വിശിഷ്ട സേവനത്തിനുളള രാഷ്ട്രപതിയുടെ പൊലീസ് മെഡലിന് അർഹനായി.  
ഐ.ജി ജി.സ്പർജൻ കുമാർ, എസ്.പിമാരായ ബി.കൃഷ്ണകുമാർ, ടോമി സെബാസ്റ്റ്യൻ (റിട്ട.), ഡിവൈ.എസ്.പിമാരായ അശോകൻ.എ, (റിട്ട.), അരുൺ കുമാർ.എസ്, ഇൻസ്പെക്ടർ സജി കുമാർ.ബി, ആംഡ് പൊലീസ് സബ് ഇൻസ്പെക്ടർ കിഴക്കേ വീട്ടിൽ ഗണേഷൻ, സബ് ഇൻസ്പെക്ടർ സിന്ധു പി.വി, അസിസ്റ്റൻറ് സബ് ഇൻസ്പെക്ടർമാരായ സന്തോഷ് കുമാർ സദാശിവൻ, സതീശൻ. എം എന്നിവർക്കാണ് സ്തുത്യർഹസേവനത്തിനുളള രാഷ്ട്രപതിയുടെ പൊലീസ് മെഡൽ ലഭിച്ചത്.    
യോഗേഷ് ഗുപ്ത നിലവിൽ ബിവറേജസ് കോർപ്പറേഷൻ ചെയർമാൻ ആൻറ് മാനേജിംഗ് ഡയറക്ടറാണ്. ഏഴുവർഷത്തോളം ഡൽഹിയിലും കൊൽക്കത്തയിലും എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റിൽ ജോലിചെയ്തു. വിവിധ സാമ്പത്തിക  കുറ്റകൃത്യങ്ങൾ അന്വേഷിച്ച് തെളിയിച്ചു. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ എസ്.പിയായും സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം, റോഡ് സേഫ്റ്റി ട്രാഫിക്ക്, ഇൻറലിജൻസ്, അഡ്മിനിസ്ട്രേഷൻ എന്നിവിടങ്ങളിൽ ഐ.ജിയായും ജോലി നോക്കി. സപ്ലൈകോ, കേരളാ ഫിനാൻഷ്യൽ കോർപ്പറേഷൻ എന്നിവിടങ്ങളിൽ സി.എം.ഡി ആയിരുന്നു. സി.ബി.ഐയിലും ജോലി ചെയ്തിട്ടുണ്ട്.    
ഐ.ജി ജി.സ്പർജൻ കുമാർ നിലവിൽ ക്രൈംബ്രാഞ്ച് തിരുവനന്തപുരം റെയ്ഞ്ച് ഐ.ജിയാണ്. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണറായി പ്രവർത്തിച്ചിച്ചുണ്ട്. ട്രാഫിക്ക് സൗത്ത് സോൺ വിഭാഗം എസ്.പിയായ ബി.കൃഷ്ണകുമാർ ക്രൈംബ്രാഞ്ചിലും സേവനം അനുഷ്ടിച്ചിട്ടുണ്ട്. പൊലീസ് ആസ്ഥാനത്തെ സ്പെഷ്യൽ സെൽ എസ്.പിയുടെ അധികച്ചുമതലയും വഹിക്കുന്നു.  തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം എന്നിവിടങ്ങളിൽ ഡിവൈ.എസ്.പിയായി ജോലി നോക്കിയിട്ടുണ്ട്.
എറണാകുളം ക്രൈംബ്രാഞ്ച് എസ്.പിയായി വിരമിച്ച ടോമി സെബാസ്റ്റ്യൻ ട്രാഫിക്ക് സൗത്ത് സോൺ എസ്.പി, സിവിൽ സപ്ലൈസ് കോർപ്പറേഷൻ വിജിലൻസ് ഓഫീസർ എന്നീ നിലകളിലും പ്രവർത്തിച്ചു. 2000ൽ മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ ലഭിച്ചിരുന്നു.
കൊല്ലം ഡിവൈ.എസ്.പിയായി വിരമിച്ച അശോകൻ വിജിലൻസ്, കൊട്ടാരക്കര, ജില്ലാ ക്രൈംബ്രാഞ്ച് എന്നിവിടങ്ങളിൽ സേവനം അനുഷ്ടിച്ചിട്ടുണ്ട്. 2016 ലും 2021 ലും മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ ലഭിച്ചിരുന്നു. ഡിവൈ.എസ്.പിയായ അരുൺ കുമാർ.എസ് ഇപ്പോൾ പൊലീസ് ട്രെയിനിംഗ് കോളേജ് വൈസ് പ്രിൻസിപ്പലാണ്. ഇക്കൊല്ലത്തെ മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ ലഭിച്ചിരുന്നു. വിജിലൻസ്, ക്രൈംബ്രാഞ്ച്, പൊലീസ് ആസ്ഥാനം  എന്നിവിടങ്ങളിൽ ജോലി ചെയ്തു.    
ഇൻസ്പെക്ടറായ സജി കുമാർ.ബി നിലവിൽ തിരുവനന്തപുരം വിജിലൻസ് സ്പെഷ്യൽ സെല്ലിൽ ജോലി ചെയ്യുന്നു. 2012 ൽ മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ ലഭിച്ചിരുന്നു. കണ്ണൂർ ആസ്ഥാനമായുളള കേരളാ ആംഡ് പോലീസ് നാലാം ബറ്റാലിയനിലെ ആംഡ് പൊലീസ് സബ് ഇൻസ്പെക്ടറാണ് കിഴക്കേ വീട്ടിൽ ഗണേശൻ. 2017 ൽ മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ ലഭിച്ചിരുന്നു.
നിലവിൽ തൃശ്ശൂർ സിറ്റി വനിതാ പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടറാണ് സിന്ധു.പി.വി. 2017 ൽ മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ ലഭിച്ചിരുന്നു. അസിസ്റ്റൻറ് സബ് ഇൻസ്പെക്ടറായ സന്തോഷ് കുമാർ.എസ് നിലവിൽ വിജിലൻസ് തിരുവനന്തപുരം മരുതംകുഴി യൂണിറ്റിൽ ജോലിനോക്കിവരികയാണ്. 2009ൽ മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ ലഭിച്ചിരുന്നു. അസിസ്റ്റൻറ് സബ് ഇൻസ്പെക്ടറായ സതീശൻ.എം തൃശ്ശൂർ റൂറലിലെ കൊരട്ടി പൊലീസ് സ്റ്റേഷനിൽ ആണ്. 2013ൽ മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ ലഭിച്ചിരുന്നു.  

Related posts

Leave a Comment