പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഏകപക്ഷീയം: വയനാട് ബി ജെ പിയില്‍ വീണ്ടും പൊട്ടിത്തെറി; കൂട്ടരാജി വെച്ച് നേതാക്കള്‍

സുല്‍ത്താന്‍ബത്തേരി: ബി ജെ പി ജില്ലാ പ്രസിഡന്റായി കെ പി മധുവിനെ തിരഞ്ഞെടുത്തതോടെ വയനാട് ബി ജെ പിയില്‍ വീണ്ടും പൊട്ടിത്തെറി. തിരഞ്ഞെടുപ്പ് കോഴയുമായി ബന്ധപ്പെട്ടുള്ള വിഷയങ്ങള്‍ പാര്‍ട്ടിക്കുള്ളില്‍ പുകയുന്നതിനിടെയാണ് പ്രസിഡന്റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സുല്‍ത്താന്‍ബത്തേരി നിയോജക മണ്ഡലം കമ്മറ്റിയും മഹിളാമോര്‍ച്ചയിലുമടക്കം നേതാക്കള്‍ കൂട്ടത്തോടെ രാജിവെച്ചിരിക്കുന്നത്. ബി ജെ പി സുല്‍ത്താന്‍ബത്തേരി നിയോജക മണ്ഡലം പ്രസിഡന്റ് കെ ബി മദന്‍ലാലും പതിമൂന്നംഗ കമ്മറ്റിയും, മഹിളാമോര്‍ച്ച ജില്ലാപ്രസിഡന്റ് ലളിതാവല്‍സനും ഒമ്പത് അംഗകമ്മറ്റിയുമാണ് രാജിവെച്ചത്. ബത്തേരി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പാര്‍ട്ടിയില്‍ നിന്നുതന്നെ ആരോപണവിധേയനായ ആളെ പ്രസിഡന്റാക്കിയതിലും, കമ്മറ്റികളുടെ പരാതികള്‍ക്ക് വ്യക്തമായി മറുപടി ലഭിക്കാത്തതിലും പ്രതിഷേധിച്ചാണ് കൂട്ടരാജി. ബത്തേരി നിയോജക മണ്ഡലം പ്രസിഡന്റ് കെ ബി മദന്‍ലാല്‍ രാജിക്കത്ത് നിലവിലെ പ്രസിഡന്റ് സജിശങ്കറിന് ഇ മെയില്‍ ചെയ്യുകയായിരുന്നു. മഹിളാമോര്‍ച്ച ജില്ലാപ്രസിഡന്റ് ലളിതാ വത്സന്‍ നേരിട്ടെത്തിയാണ് കത്ത് കൈമാറിയത്. നിയമസഭ തിരഞ്ഞെടുപ്പും പ്രചരണവും നടത്തിപ്പുമായി ബന്ധപ്പെട്ട് മണ്ഡലം കമ്മറ്റിയില്‍ നിന്നും ഉയര്‍ന്ന പരാതിയിന്മേല്‍ ആരോപണവിധേയനായ ആളെ ഏകപക്ഷീയമായി പ്രസിഡന്റാക്കിയ നടപടിയാണ് കൂട്ടരാജിയിലേക്ക് നയിച്ചത്. ഇതിനുപുറമെ തിരഞ്ഞെടുപ്പ് കോഴആരോപണവുമായി ബന്ധപ്പെട്ട് നിയോജക മണ്ഡലം കമ്മറ്റി സംസ്ഥാന നേതൃത്വത്തിന് നല്‍കിയ പരാതിയിന്മേല്‍ അഞ്ച് തവണ സംസ്ഥാനനേതാക്കളടക്കം എത്തി യോഗം ചേര്‍ന്നിട്ടും വ്യക്തമായ മറുപടി ലഭിക്കാത്തതും രാജിക്കുള്ള മറ്റൊരു കാരണമാണ്. തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളിലും നടത്തിപ്പിലും മണ്ഡലത്തില്‍ മഹിളാമോര്‍ച്ച പ്രവര്‍ത്തകര്‍ക്ക് വേണ്ടത്ര പരിഗണന നല്‍കാന്‍ തിരഞ്ഞെടപ്പ് ചുമതല വഹിച്ചിരുന്നവര്‍ തയ്യാറായില്ലന്നും ഇതിനെതിരെ സംസ്ഥാനകമ്മറ്റിക്ക് പരാതി നല്‍കിയിട്ടും വ്യക്തമായ മറുപടി ലഭിക്കാത്ത സാഹചര്യത്തിലും ആരോപണവിധേയനായ വ്യക്തി ജില്ലാ പ്രസിഡന്റ് സ്ഥാനത്ത് എത്തിയിതിലും പ്രതിഷേധിച്ചാണ് മഹിളാമോര്‍ച്ചാ കമ്മറ്റി രാജിവെച്ചിരിക്കുന്നത്. കഴിഞ്ഞദിവസം സുല്‍ത്താന്‍ബത്തേരിയില്‍ നിലവിലെ പാര്‍ട്ടി അഴിച്ചുപണിനടന്ന പശ്ചാതലത്തില്‍ മണ്ഡലം കമ്മറ്റി യോഗം ചേര്‍ന്നിരുന്നു. ഇതില്‍ മണ്ഡലത്തില്‍ നിന്നുള്ള സംസ്ഥാന കമ്മറ്റി നേതാക്കളും, ഒരു വിഭാഗം ജില്ലാനേതാക്കളും, പഞ്ചായത്ത് കമ്മറ്റിനേതാക്കളും പങ്കെടുത്തിരുന്നു. യോഗത്തില്‍ നിയുക്ത ജില്ലാപ്രസിഡന്റിനെതിരെ രൂക്ഷവിമര്‍ശനമാണ് ഉയര്‍ന്നതെന്നാണ് ലഭിക്കുന്ന വിവരം. ഇതും രാജിക്കുള്ള സാഹചര്യമൊരുക്കി. ജില്ലയില്‍ ബിജെപിയുടെ ഓഫീസ് കെട്ടിടമായ മാരാര്‍ജി ഭവന്‍ കേന്ദ്രമന്ത്രി വി മുരളീധരന്‍ ഉദ്ഘാടനം ചെയ്ത ദിവസം തന്നെ കമ്മറ്റികള്‍ രാജിവെച്ചത് നേതൃത്വത്തിന് തിരിച്ചടിയായിരിക്കുകയാണ്. മാത്രമല്ല, ഉദ്ഘാടന ചടങ്ങില്‍ നിന്നും സുല്‍ത്താന്‍ ബത്തേരി മണ്ഡലത്തില്‍ നിന്നുള്ള ബിജെപി ജില്ലാവൈസ് പ്രസിഡന്റ് രാധാസുരേഷ് ബാബു, ജില്ലാസെക്രട്ടറി പി എം അരവിന്ദ്രന്‍, ട്രഷറര്‍ ഗോപാലകൃഷ്ണന്‍, കെ സി കൃഷ്ണന്‍കുട്ടി എന്നിവര്‍ വിട്ടുനില്‍ക്കുകയും ചെയ്തു. വരുംദിവസങ്ങളില്‍ സുല്‍ത്താന്‍ ബത്തേരി മണ്ഡലത്തില്‍ പഞ്ചായത്തുകമ്മറ്റികളും രാജിവെക്കുമെന്നുമാണ് സൂചന. ഇതിനുപുറമെ കല്‍പ്പറ്റ, മണ്ഡലം കമ്മറ്റികളിലും കൂടിയാലോചനകള്‍ ഇല്ലാതെ പ്രസിഡന്റിനെ നിയോഗിച്ചതില്‍ അതൃപ്തിയിലാണ്. ഇവിടെയും നേതാക്കള്‍ രാജിസന്നദ്ധതയുമായി രംഗത്തെത്തിയേക്കുമെന്നാണ് വിവരം.

Related posts

Leave a Comment