വാക്സിനേഷന്‍ഃ ഗര്‍ഭിണി മരിച്ചു, പരാതിയുമായി ബന്ധുക്കള്‍

കോട്ടയംഃ ഗര്‍ഭിണിയുടെ മരണകാരണം വാക്‌സിനേഷന്‍ മൂലമെന്ന് അധികൃതര്‍. ഇതേക്കുറിച്ച് അന്വേഷിക്കണമെന്ന് ബന്ധുക്കള്‍ ആരോഗ്യമന്ത്രിയ്ക്ക് പരാതി നല്‍കി. ഗര്‍ഭിണിയുടെ മരണകാരണം വാക്‌സിനേഷന്‍ മൂലമെന്ന് അധികൃതര്‍ തന്നെ സമ്മതിച്ചു. പാലായിലെ സ്വകാര്യ ആശുപത്രിയില്‍ മരിച്ച കാഞ്ഞിരപ്പള്ളി സ്വദേശിനിയായ മഹിമ മാത്യുവിന്റെ മരണമാണ് വാക്‌സിനേഷന്‍ മൂലമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചത്.

സംഭവത്തില്‍ ബന്ധുക്കല്‍ ആരോഗ്യമന്ത്രിയ്ക്ക് പരാതി നല്‍കിയിട്ടുണ്ട്. യുവതിയുടെ മരണകാരണം കോവിഡ് വാക്സിനേഷന്‍ മൂലമാണെന്ന് ആശുപത്രി നല്‍കിയ ഡെത്ത് സര്‍ട്ടിഫിക്കറ്റില്‍ പറയുന്നുണ്ട്. ഓഗസ്റ്റ് ആറാം തീയതിയാണ് മഹിമാ മാത്യു മരങ്ങാട്ടുപള്ളി പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ നിന്ന് കോവിഡ് വാക്സിന്‍ സ്വീകരിച്ചത്.അന്ന് രാവിലെയാണ് മഹിമ ഗര്‍ഭിണിയാണെന്ന് സ്ഥിരീകരിച്ചതും.

സ്വകാര്യ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് നിര്‍ദ്ദേശിച്ചത് അനുസരിച്ചാണ് വാക്സിന്‍ സ്വീകരിച്ചതെന്ന് മഹിമയുടെ ബന്ധുക്കള്‍ പറയുന്നു. തുടര്‍ന്ന് ഓഗസ്റ്റ് 11 മുതല്‍ മഹിമയെ പല ആരോഗ്യപ്രശ്നങ്ങളും അലട്ടിയിരുന്നു. തലവേദന ആയിരുന്നു പ്രധാന പ്രശ്നമെന്ന് ബന്ധുക്കള്‍ പറയുന്നു. ഇതേ തുടര്‍ന്ന് വീണ്ടും പാലായിലെ ആശുപത്രിയില്‍ എത്തി പരിശോധന നടത്തി. ആദ്യം കണ്ട ഗൈനക്കോളജിസ്റ്റ് അവധിയായിരുന്നതിനാല്‍ മറ്റൊരു ഡോക്ടറെ ആണ് കണ്ടത്.

എന്നാല്‍ ഗ്യാസിനുള്ള മരുന്ന് നല്‍കി മടക്കി അയക്കുകയാണ് ചെയ്തത്. 14 ന് വീണ്ടും എത്തി പരിശോധനകള്‍ നടത്തി. ന്യൂറോളജി വിഭാഗത്തില്‍ അടക്കം പരിശോധന നടന്നു. എന്നാല്‍ ഡോളോയുടെ ഇഞ്ചക്ഷന്‍ എടുത്ത ശേഷം മടക്കി വിടുകയാണ് ചെയ്തത് എന്നാണ് ബന്ധുക്കള്‍ പറയുന്നു. 15ന് തലവേദന രൂക്ഷമായതോടെ ആശുപത്രിയിലെത്തി അഡ്മിറ്റ് ചെയ്തു. ആശുപത്രിയിലെത്തി അരമണിക്കൂറിന് ശേഷം ബോധം പൂര്‍ണമായി നഷ്ടപ്പെട്ടു.

സ്ഥിതി കൂടുതല്‍ വഷളായതോടെ വെന്റിലേറ്ററിലേക്ക് മാറ്റി. ഇതിനുശേഷം വെള്ളിയാഴ്ച വൈകുന്നേരത്തോടെ മരണം സംഭവിച്ചു. ആശുപത്രി നല്‍കിയ ഡെത്ത് സര്‍ട്ടിഫിക്കറ്റില്‍ തലച്ചോറിലെ രക്തസ്രാവം കൂടാതെ കോവിഡ് വാക്സിനേഷന്‍ എടുത്തതിലെ പാര്‍ശ്വഫലങ്ങള്‍ മരണത്തിന് കാരണമായിട്ടുണ്ടാകാം എന്ന് റിപ്പോര്‍ട്ട് ചെയ്തിരുന്നു. തുടര്‍ന്നാണ് ആശുപത്രിയുടെ ചികിത്സയില്‍ തൃപ്തിയില്ലെന്ന് പറഞ്ഞ് ബന്ധുക്കള്‍ ആരോഗ്യ മന്ത്രിയ്ക്ക് പരാതി നല്‍കിയിരിക്കുന്നത്.

Related posts

Leave a Comment