പിആർഡിയിൽ അനധികൃത നിയമന നീക്കം; ഉദ്യോഗസ്ഥർ തമ്മിൽ അഭിപ്രായ ഭിന്നത രൂക്ഷം

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ കീഴിലുള്ള ഇൻഫർമേഷൻ ആന്റ് പബ്ലിക് റിലേഷൻസ് ഡിപ്പാർട്മെന്റിൽ നടക്കുന്ന അനധികൃത നിയമന നീക്കവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥ തലത്തിൽ അഭിപ്രായ ഭിന്നത രൂക്ഷം. പാക്കർ, സ്വീപ്പർ, ഒ.എ തസ്തികകളിൽ സ്ഥിരജോലി ചെയ്യുന്നവരെ അസിസ്റ്റന്റ് ഇൻഫര്‍മേഷൻ ഓഫിസർ തസ്തികയിലേക്കു തിരുകി കയറ്റാൻ സർക്കാർ തലത്തിലും പാർട്ടി തലത്തിലും നടക്കുന്ന നീക്കത്തെ തുടർന്നാണ് ഭിന്നത. സ്പെഷൽ റൂൾ ഭേദഗതി വരുത്തി നിലവിലെ ജോലിയുടെ സീനിയോറിറ്റി വച്ച് ഇവരെ അസിസ്റ്റന്റ് ഇൻഫർമേഷൻ ഓഫിസറായി നിയമിക്കണമെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസും സിപിഎം നേതൃത്വവും പിആർഡി ഉദ്യോഗസ്ഥരെ അറിയിച്ചിരിക്കുന്നത്. ഇതിനായി ഉദ്യോഗസ്ഥരിൽ ചിലർ ശ്രമവും ആരംഭിച്ചു. ഇതോടെ പിഎസ്‌സി പരീക്ഷ എഴുതി നിയമനത്തിനായി കാത്തിരിക്കുന്നവരിൽ പലരുടെയും അവസരം നഷ്ടമാകുമെന്ന് ഉറപ്പാണ്.
ഉദ്യോഗസ്ഥരുടെ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ പ്രതിപാദിച്ചിട്ടുള്ള സ്പെഷൽ റൂൾസിൽ ഭേദഗതികൾ വരുത്തി ബൈ ട്രാൻസ്ഫർ നിയമനത്തിൽ 10 ശതമാനം സംവരണം നേടാനാണ് ശ്രമം. ഇതു സംബന്ധിച്ച ഫയൽ നീക്കം ആരംഭിച്ചതോടെ പിആർഡിയിലെ ഒരു വിഭാഗം ഉദ്യോഗസ്ഥർ ശക്തമായ എതിർപ്പറിയിച്ചിട്ടുണ്ട്. അസി. ഇൻഫർമേഷൻ ഓഫിസർ തസ്തികയിലേക്കു ആവശ്യമായ പ്രധാന യോഗ്യതയായ രണ്ടു വർഷത്തെ മാധ്യമ പ്രവൃത്തി പരിചയം നേടാതെയാണ് പാക്കർ, സ്വീപ്പർ, ഒ.എ തസ്തികകളിലുള്ളവരെ അസി. ഇൻഫർമേഷൻ ഓഫിസറാക്കാൻ ശ്രമം നടക്കുന്നത്. വിദൂര വിദ്യാഭ്യാസം വഴി ജേണലിസം യോഗ്യത നേടിയും സ്ഥാനക്കയറ്റത്തിനു ശ്രമം നടക്കുന്നുണ്ട്. നിലവിലുള്ള 23 അസിസ്റ്റന്റ് ഇൻഫർമേഷൻ ഓഫിസർ തസ്തികയിലെ ഒഴിവുകൾ പിഎസ്‌സി വഴി നികത്തുന്നതിനു മുന്നേ കടന്നുകൂടുകയാണ് ലക്ഷ്യം. ഇതിലൂടെ സീനിയോറിറ്റി ലഭിക്കുകയും ഇന്നത്തെ അവസ്ഥയിൽ 4 വർഷത്തിനകം ഇൻഫർമേഷൻ ഓഫിസർ വരെയായി മാറാനും സാധിക്കും. പിഎസ്‌സി പരീക്ഷയെഴുതി ജയിച്ചവർ പുറത്താകും. സ്പെഷൽ റൂൾ പ്രകാരം എഐഒ തസ്തികയ്ക്കു ബിരുദവും അംഗീകൃത മാധ്യമത്തിൽ 2 വർഷത്തെ പത്രപ്രവർത്തന പരിചയവുമാണ് യോഗ്യത. ഈ തസ്തികയിലേക്ക് ഓഫിസ് അറ്റൻഡറായുള്ള പ്രവൃത്തി പരിചയം പരിഗണിക്കുന്നത് വകുപ്പിനു നാണക്കേടാകുമെന്ന് ഒരു വിഭാഗം പറയുന്നു. ഇവരുടെ നിയമനം നടത്താൻ വേണ്ടി മാത്രമാണ് അസി. ഇൻഫർമേഷൻ ഓഫിസറുടെ പിഎസ്‌സി ഷോർട്ട് ലിസ്റ്റ് വൈകിപ്പിക്കുന്നതെന്നു ഉദ്യോഗാർഥികളും ആരോപിക്കുന്നു.

Related posts

Leave a Comment