പിആർഡിയിൽ പിൻവാതിൽ നിയമന നീക്കം

തിരുവനന്തപുരം : പിആർഡിയിലെ അനധികൃത നിയമന നീക്കത്തെക്കുറിച്ച് പുറത്തുവന്ന വാർത്തകൾക്ക് ആധാരമായ വസ്തുതകളെക്കുറിച്ച് മുഖ്യമന്ത്രിയുടെ ഓഫീസ് റിപ്പോർട്ട് തേടി. യോഗ്യതാ മാനദണ്ഡങ്ങള്‍ അട്ടിമറിച്ച് പിആര്‍ഡിയിലെ തന്നെ ലാസ്റ്റ് ഗ്രേഡ് ജീവനക്കാരെ അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസർമാരായി നിയമിക്കാനുള്ള നീക്കം വിവാദമായതോടെയാണിത്. അതേസമയം, വിവരം പുറത്തുവന്നതോടെ സ്പെഷ്യൽ റൂൾ പരിഷ്കരണത്തിനുള്ള കരട് മാത്രം തയാറാക്കുകയാണ് ചെയ്തതെന്ന വിശദീകരണവുമായി പിആർഡി അധികൃതർ രംഗത്ത് എത്തിയിട്ടുണ്ട്. ഇതു സംബന്ധിച്ചുള്ള ചോദ്യത്തിന് പിആര്‍ഡി ഡയറക്ടര്‍ക്ക് വേണ്ടി അഡീഷണല്‍ ഡയറക്ടറാണ് പൊതുഭരണ വകുപ്പിന് മറുപടി നല്‍കിയത്. 2019 ല്‍ പിആര്‍ഡിയിലെ ഉദ്യാഗസ്ഥര്‍ നല്‍കിയ ശുപാര്‍ശ പ്രകാരം പായ്ക്കര്‍, സ്വീപ്പര്‍, ഓഫീസ് അസിസ്റ്റന്റ് തസ്തികയിലുള്ള ബിരുദം യോഗ്യതയുള്ളവരെ ഇന്‍ഫര്‍മേഷന്‍ ഓഫീസറായി നിയമിക്കാമെന്ന ഒരു ആലോചന മാത്രമാണ് നടന്നതെന്നണ് വിശദീകരണം. സ്‌പെഷ്യല്‍ റൂള്‍ പരിഷ്‌കരണത്തിന് മുന്നോടിയായി വകുപ്പിലെ എല്ലാ വിഭാഗം ജീവനക്കാരുടെയും അഭിപ്രായം തേടുമെന്നും വിശദീകരണത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഹൈക്കോടതി വിധി മറികടന്നാണ് ലാസ്റ്റ് ഗ്രേഡ് ജീവനക്കാരെ തസ്തിക മാറ്റം വഴി അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ തസ്തികയില്‍ നിയമിക്കാന്‍ നീക്കം നടന്നത്. ബിരുദവും രണ്ടു വര്‍ഷം മാധ്യമ രംഗത്തെ പൂര്‍ണ സമയ പ്രവര്‍ത്തന പരിചയവുമാണ് അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫസറാവാന്‍ യോഗ്യയെന്നിരിക്കെയാണ് ലാസ്റ്റ് ഗ്രേഡ് ജീവനക്കാരെ തസ്തിക മാറ്റംവഴി അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസറായി നിയമിക്കാനാണ് വകുപ്പിലെ ചില ഉന്നത ഉദ്യോഗസ്ഥര്‍ ശ്രമിച്ചത്. യോഗ്യതയില്ലാത്ത വകുപ്പിലെ ലാസ്റ്റ് ഗ്രേഡ് ജീവനക്കാര്‍ വ്യാജമായി മാധ്യമ പ്രവര്‍ത്തന പരിചയ സര്‍ട്ടിഫിക്കറ്റ് കൈവശപ്പെടുത്തിയെന്നും ആരോപണമുണ്ടായിരുന്നു.

Related posts

Leave a Comment