പ്രണയ വലയം-ആസിതബാവ പി കെ ; ചെറുകഥ വായിക്കാം

ഇത് തീർത്തും അപ്രതീക്ഷിതമാണ്. വാക
പ്പൂക്കൾ ചെമ്പട്ട് വിരിച്ചു കിടക്കുന്ന ഈ പാതയോരത്തിലൂടെ ഇളം കാറ്റേറ്റ് ഇങ്ങനെ ഒരിക്കൽക്കൂടി നടന്നു നീങ്ങുമെന്ന്, അന്നത്തെ ആ സംഭവബഹുലമായ രാത്രിയിൽ ഞാൻ കരുതിയിരുന്നില്ല. അന്ന് എന്റെ കൂടെ ഞാൻ ഏറെ സ്നേഹിച്ച,ഇഷ്ടപ്പെട്ട,എന്റെ….
എന്റെ……ഷാനുവും കൂടെ ഉണ്ടായിരുന്നല്ലോ. ഈ പാതയോരത്തിലൂടെ നടക്കുമ്പോൾ ആ ഓർമ്മകളെന്നെ വേട്ടയാടുന്നു.

എവിടെനിന്നാണ് എന്റെ ജീവിതം മാറിമറിയാൻ തുടങ്ങിയത്. പുതിയ വീട് പണിയെടുക്കാൻ വന്നവരുടെ കൂട്ടത്തിലാണ് ഷാനുവിനെ ഞാൻ ആദ്യമായി കാണുന്നത്. സുമുഖൻ, സുന്ദരൻ,സംസാര പ്രിയൻ,എന്തോ ഒരു ആകർഷണം തോന്നി അവന്റെ പെരുമാറ്റത്തിൽ. അവന്റെസരസ സംഭാഷണങ്ങൾക്കു ഭർതൃവീട്ടിലെ വിരസതകൾക്കിടയിൽ ചെവി കൊടുത്തതാണ് ഞാൻ ചെയ്തുപോയ തെറ്റ്.

എനിക്ക് ഒരു ഭർത്താവും രണ്ടു കുട്ടികളും ഉണ്ടെന്നുള്ളത് പോലും മറന്നുപോയ നാളുകൾ. അവന്റെ വരവിനായി ഞാൻ കാത്തിരുന്നു. ആ സരസസംഭാഷണങ്ങളിൽ പൊട്ടിച്ചിരിക്കാൻഞാൻറെഡിയായിനിന്നു
.പതിയെ അവനെന്റെ സ്വപ്നങ്ങളിലെ പ്രണയ നായകനായി. ഭൂമിയിലും ആകാശത്തിലും ഞങ്ങളുടെ പ്രണയ സങ്കൽപ്പങ്ങൾ പറന്നുനടന്നു. അവനും ഭാര്യയും കുട്ടികളും ഉണ്ടെന്നുള്ളത് ഞങ്ങൾക്ക് പ്രശ്നമായില്ല.
അവന്റെ ഫോൺ വിളികളിൽ, ഞാൻ എന്നെത്തന്നെ മറന്നു പോയ ഉന്മാദിച്ച നാളുകൾ. അവന്റെ കൈ പിടിച്ചീ വാക മരത്തിന്റെ ചുവട്ടിലൂടെ ഞാനിറങ്ങി. പുതിയ വീടിന്റെ പണി തീർക്കാൻ ഭർത്താവ് ഗൾഫിൽ നിന്ന് അയച്ചുതന്ന പണം ഞാൻ എന്റെ കയ്യിൽ കരുതിയിരുന്നു. എന്റെ സ്വർണങ്ങളും.

പ്രണയം കോരിച്ചൊരിഞ്ഞനാളുകൾ.ഞാൻ എന്നെ തന്നെ മറന്ന നാളുകൾ. രണ്ടു ദിവസത്തിനപ്പുറം പോലീസ് സ്റ്റേഷനിൽ എത്തേണ്ടിവന്നു
എനിക്ക് ഷാനുവിനെ മതിയെന്നപിടിവാശിയിൽ ഞാൻ ഉറച്ചുനിന്നു.ഭർത്താവിനെ ഞാൻ വെറുത്തു കഴിഞ്ഞിരുന്നു.കുട്ടികളെ ഓർക്കുന്നത് പോലും എന്നിൽ മടുപ്പുണ്ടാക്കി. ഭർത്താവ് എന്നെ ഒഴിവാക്കി. ഷാനുവും അവന്റെ ഭാര്യയെ വേണ്ടെന്നു പറഞ്ഞു. അവരുടെ കരച്ചിലൊന്നും എന്നിലേശിയില്ല.ഞാനൊരു ന്മാദ ലോകത്തായിരുന്നുവല്ലോ.

എന്റെ ഉമ്മ അന്നത്തെ രാത്രിക്ക് ശേഷം ഹോസ്പിറ്റലിലാണെന്നും,മാനസിക നില തകരാറിലായിരുന്നു എന്നും ആരോ പറഞ്ഞു. ആങ്ങളനോക്കിയത്പോലുമില്ല..എനിക്കിഷ്ടപ്പെട്ട ആളുടെ കൂടെ പോന്നതാണോ ഞാൻ ചെയ്ത തെറ്റ്?

ഞാനും ഷാനുവും ജീവിക്കാൻ തുടങ്ങി.ഷാനുവിന്റെ ഭാര്യ കേസ് കൊടുത്തു.മാസാമാസം ഭാര്യക്കും കുട്ടികൾക്കും ചിലവിന് കൊടുക്കണം.അല്ലെങ്കിൽ ജയിലിൽ കിടക്കേണ്ടിവരും.വല്ലപ്പോഴും ജോലിക്ക് പോകുന്ന ഷാനുവിന് ഞങ്ങളുടെചെലവിനുള്ള പണം തന്നെ ബുദ്ധിമുട്ടായി.

കൈക്കുഞ്ഞിനെ തൊട്ടിലിൽ ഇട്ട് ഞാൻ മറ്റുള്ളവരുടെ എച്ചിൽ പാത്രങ്ങൾ കഴുകാൻ തുടങ്ങി. തറ തുടക്കലും,അലക്കലും,പണി ഇഷ്ടംപോലെ ഉണ്ടെങ്കിലും, കൂലി തരുമ്പോൾ കൈവിറയ്ക്കുന്നവർ ആയിരുന്നു. ജോലി യ്ക്കൊരോ കുറ്റങ്ങൾ കാരണങ്ങളായി പറയും. രണ്ടാമതും ഗർഭിണിയായി അപ്പോഴാണ് ഈ ജോലി കൊണ്ട് ഒരിക്കലും ഒന്നും ഉണ്ടാവില്ല എന്ന് മനസ്സിലായത്.

പ്രസവം കഴിഞ്ഞ സ്ത്രീകളെ കുളിപ്പിക്കുന്ന ജോലി തെരഞ്ഞെടുക്കുന്നത് അങ്ങനെയാണ് 40 ദിവസം കൊണ്ട് ഒരു സംഖ്യ നേടാം അല്ലറചില്ലറ വരുമാനങ്ങൾ വേറെയും. ഷാനുവിന് അയക്കാനുള്ള പണം വരെ ഞാൻ ഉണ്ടാക്കേണ്ടി വന്നു

രാവിലെ ഇറങ്ങിപ്പോയാൽ പല വീടുകളിലായി ചില ദിവസങ്ങളിൽ വൈകുന്നേരംവരെ പണിയുണ്ടായിരുന്നു. എന്റെ പഴയ സൗന്ദര്യം നഷ്ടപ്പെട്ടു. അലച്ചിലിനൊടുവിൽ ഞാൻ എല്ലും തോലുമായി. രണ്ടു കുട്ടികളുണ്ട് ഈ കുട്ടികൾക്ക് ബന്ധുക്കളെന്ന് പറയാൻ ആരുമില്ല, ഞങ്ങൾ രണ്ടുപേരല്ലാതെ. എന്തെങ്കിലും സംഭവിച്ചാൽ കുട്ടികൾക്ക് ആരുണ്ടാവും എന്ന ചിന്ത എന്റെ മനസ്സിനെ പൊളളിക്കാൻ തുടങ്ങി.
കാലമൊരു ചിറകുള്ള കുതിരയെപോലെ പാറിപ്പറന്നു.
ഒരു ചീത്ത സ്ത്രീയെന്ന നിലയിൽ ഉള്ള ആളുകളുടെ കഴുകൻ കണ്ണുകൾ ഞാൻ അവഗണിച്ചു. അടുത്ത വീടുകളിലുള്ള കല്യാണങ്ങൾക്ക് പോലും ആരും ഞങ്ങളെ ക്ഷണിക്കാറില്ല. എന്റെ കുട്ടികൾക്ക് ചിലപ്പോൾ ബിരിയാണി ഞാൻ പാർസൽ വാങ്ങി കൊടുക്കാറുണ്ട്
ബന്ധുക്കൾ ഇല്ലാത്തതിനെ പറ്റി അവർ ചോദിക്കുമ്പോൾ, എന്റെ ഹൃദയം പോലും തേങ്ങും. ഞാൻ എന്റെ ഉത്തരങ്ങൾ വിഴുങ്ങും.

എന്റെ ആഭി മോനെയും ഷാജി മോളെയും കാണണമെന്ന് ആഗ്രഹം തോന്നിത്തുടങ്ങി.തനിക്ക് എന്തെങ്കിലും സംഭവിച്ചാൽ,എത്രയായാലും ഈ കുട്ടികളുടെ സഹോദരങ്ങളല്ലേ ഞാൻ പ്രസവിച്ചു വളർത്തിയവർ. ആ അവകാശത്തിലാണ് തിരിച്ച് ഈ വാകമരത്തണലിൻ ചുവട്ടിലൂടെ ഒന്ന് നടന്നു വരാൻ തോന്നിയത്. പഴയ ഓർമ്മകൾ എന്നിൽ അലയടിച്ചു. ഇന്ന് ഞാൻ ഒറ്റയ്ക്കാണ്.

ദൂരെ നിന്നേ കണ്ടു വലിയ ബംഗ്ലാവ് ആയിട്ടുണ്ട്. ഞാൻ പോകുമ്പോൾ വീടുപണി നടക്കുന്നെയുണ്ടായിരുന്നുള്ളൂ.നാലു പാടും മതിലുകളും ഗേറ്റും. ഗേറ്റ് തള്ളിത്തുറന്ന് ഞാൻ നടന്നു കോളിംഗ് ബെല്ലടിച്ചു.വാതിൽ തുറന്നത് ഒരു സുന്ദരി.എന്റെ മകളല്ല, ഞാൻ ചുറ്റും നോക്കി ഒന്ന് കണ്ടിരുന്നെങ്കിൽ.

ആരാ?
ഞാൻ…… ഷാജി മോളെ ഉമ്മ, അവളെയൊ ന്ന് കാണാൻ…..
കുറച്ചു നേരം അവർ ഒന്നും മിണ്ടിയില്ല എന്റെ കോലം കണ്ടിട്ട് ആയിരിക്കാം.
കുറച്ചു നേരത്തെ നിശബ്ദതയ്ക്കു ശേഷം അവർ തുടർന്നു,
ഷാജി മോൾ എഞ്ചിനീയറിംഗിന് പഠിക്കുന്നു,എറണാകുളത്താണ്. ആബിക്ക് ബാംഗ്ലൂരിൽ ജോലിയായി,കല്യാണം നോക്കുന്നുണ്ട് പക്ഷേഉമ്മാന്റെ കാര്യങ്ങൾ അറിയുമ്പോൾ ആലോചനകൾ ശരിയാവുന്നില്ല.കുട്ടികൾക്ക് നിങ്ങളുടെ പേര് കേൾക്കുന്നത് പോലും ഇഷ്ടമല്ല.എല്ലാവർക്കും നിങ്ങളോട് വെറുപ്പാണ്.

കവിളിലൂടെ ഒലിച്ചിറങ്ങിയ കണ്ണുനീർ അവർ കാണാതിരിക്കാൻ മുഖംതിരിച്ച് ഞാൻ ഇറങ്ങി നടന്നു.ഞാൻ നട്ടു പിടിപ്പിച്ച ചാമ്പക്കമരം നിറയെ ചുവന്നുതുടുത്ത ചാമ്പക്കകൾ ഉണ്ടായിരിക്കുന്നു. അവർ ഉറക്കെ ഞാൻ കേൾക്കാൻ വിളിച്ചു പറഞ്ഞു.ഇനി വരരുത് ഭർത്താവിനും കുട്ടികൾക്കും നിങ്ങളെ കാണുന്നതേ ഇഷ്ടമല്ല.

കരളുരുകി ഞാൻ പോയ വഴിയിലൂടെ തിരിച്ചു നടന്നു.തെറ്റായ ചിന്തകൾക്കും വികാരങ്ങൾക്കും ഞാൻ കൊടുത്തത് എന്റെ ജീവിതത്തിന്റെവിലയായിരുന്നു.പോകുന്ന
വഴിക്ക് ഇന്ന് കുളിപ്പിക്കാനുള്ള വീടിന്റെ മുന്നിൽ ഇറങ്ങണം. ഇങ്ങനെ ഓടിനടന്ന് പണിയെടുക്കാൻ ആണ് എന്റെ യോഗം.

ഷാനുവിനും മനം മാറ്റമുണ്ട്.ആദ്യ ഭാര്യയുടെ അടുത്തേക്ക് തിരിച്ചു പോകുന്ന കാര്യം തമാശരൂപത്തിൽ ആണെങ്കിലും പറയാറുണ്ട്.3 ആൺകുട്ടികളായിരുന്നു മക്കളൊക്കെ വളർന്നു. ഇനി എങ്ങനെയെങ്കിലും അവിടെകയറിപ്പറ്റിയാൽ അയാളുടെ ജീവിതം സ്വസ്ഥം. അനാഥരാകുന്നത് ഞാനും എന്റെ മക്കളും മാത്രം.

കാലുകൾ വെച്ച് മരവിച്ച ശരീരത്തോടെ ഞാൻബസിൽ കയറി. തല മരവിച്ചു, ഒന്നും കാണുന്നില്ല കേൾക്കുന്നില്ല. തൊണ്ട വരണ്ട് പൊട്ടുന്നതുപോലെ, കണ്ണിലാകെ ഇരുട്ട്. നാവ് തൊണ്ടക്കുഴിയിലേക്ക് ഇറങ്ങിപ്പോയിരിക്കുന്നു. സീറ്റിൽ അവൾ ചാരിക്കിടന്നു. ശരീരത്തിനൊട്ടും ഭാരം ഇല്ലാത്തതുപോലെ,

ടിക്കറ്റ്, ടിക്കറ്റ്, കണ്ടക്ടറുടെ ചോദ്യം കേട്ടവൾ ചാടിയെഴുന്നേറ്റു. ഞാൻ സൈറ……..
സൈറ രാജകുമാരി. അവൾ ഉറക്കെ വിളിച്ചു പറഞ്ഞു. ഉറക്കെ ഉറക്കെ പൊട്ടിച്ചിരിച്ചു , ആർത്തട്ടഹസിച്ചു കൊണ്ടവളാ ബസ്സ് നിർത്തിയപ്പോൾ, ഇറങ്ങിയോടി എങ്ങോട്ടെന്നില്ലാതെ.
അപ്പോഴും അവൾ വിളിച്ചു പറയുന്നുണ്ടായിരുന്നു ഞാൻ സൈറ, സൈറ രാജകുമാരി. അതെ ഒരു കാലത്ത് രാജകുമാരി ആയിരുന്നവൾ.

Related posts

Leave a Comment