സംസ്ഥാനം അപ്രഖ്യാപിത പവര്‍ കട്ടിലേക്ക്

തിരുവനന്തപുരം: സംസ്ഥാനം ഗുരുതരമായ ഊര്‍ജ പ്രതിസന്ധിയിലേക്ക്. ഉത്തരേന്ത്യയിലെ താപ നിലയങ്ങളിലുണ്ടായ കല്‍ക്കരി ക്ഷാമത്തിന്‍റെ പേരിലാണ് കെഎസ്ഇബി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത്. പവര്‍ കട്ട്, ലോഡ് ഷെഡിംഗ് തുടങ്ങിയ സാങ്കേതിക പദങ്ങളുപയോഗിക്കാതെ പീക്ക് ടൈമില്‍ വൈദ്യുത നിയന്ത്രണം ഉണ്ടാകുമെന്ന് ബോര്‍ഡ് മുന്നറിയിപ്പ് നല്‍കി. കല്‍ക്കരിയുടെ ലഭ്യതയില്‍ വന്‍ ഇടിവ് നേരിട്ടതിനാല്‍, ഉത്തരേന്ത്യയിലെ താപവൈദ്യുതി നിലയങ്ങളിലടക്കം ഉത്പാദനത്തില്‍ കുറവ് അനുഭവപ്പെടുന്നുണ്ട്. ഇതുമൂലം ദീര്‍ഘകാല കരാര്‍ പ്രകാരം കേരളത്തിന്‌ ലഭിക്കേണ്ടിയിരുന്ന വൈദ്യുതിയില്‍ ഗണ്യമായ കുറവു നേരിടുന്നതായി ബോര്‍ഡ് അറിയിച്ചു. ഈ കുറവ് പരിഹരിക്കുന്നതിനുള്ള ശ്രമം വൈദ്യുതി ബോര്‍ഡ് നടത്തുന്നതിനാല്‍ വൈദ്യുതി നിയന്ത്രണം ഉണ്ടാകില്ലെന്നു പറയുന്നുണ്ടെങ്കിലും പീക്ക് സമയത്ത് (6.30 PM – 10.30 PM) വൈദ്യുതി ഉപയോഗത്തില്‍ സ്വയം നിയന്ത്രണം ഏര്‍പ്പെടുത്തി സഹകരിക്കണമെന്ന് വൈദ്യുതി മന്ത്രി .കെ കൃഷ്ണന്‍കുട്ടി ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.

താപനിലയങ്ങള്‍ക്കു പുറമേ ആണവ നിലയങ്ങളില്‍ നിന്നു കൂടുതല്‍ വൈദ്യുതി ലഭിക്കുന്നുണ്ട്. എന്നാല്‍ കഴിഞ്ഞ അഞ്ചര വര്‍ഷത്തെ ഇടതു ഭരണത്തില്‍ കേരളത്തില്‍ ആഭ്യന്തര ഉത്പാദനം കൂട്ടുന്നതില്‍ കാര്യമായ ശ്രമങ്ങളുണ്ടായില്ല. കെ. കരുണാകരന്‍ മുഖ്യമന്ത്രിയായിരുന്ന കാലത്ത് ‌ലഭിച്ച കായംകുളം താപനിലയം ഈ സര്‍ക്കാരിന്‍റെ കാലത്ത് അടച്ചുപൂട്ടിപ്പോവുകയും ചെയ്തു. ഒരുഡസണോളം ചെറുകിട ജല വൈദ്യുതി നിലയങ്ങള്‍ക്കും അതിവിപുലമായ സോളാര്‍ വൈദ്യുതിക്കും സാധ്യ‌‌ത ഉള്ളപ്പോള്‍ ആ വഴിക്കും സര്‍ക്കാര്‍ ആലോചിക്കുന്നതുപോലുമില്ല. പാരമ്പര്യേതര ഊര്‍ജ സ്രോതസുകള്‍ ഉപയോഗിക്കുന്ന കാര്യത്തിലും സംസ്ഥാ്നം മെല്ലെപ്പോക്കിലാണ്.

Related posts

Leave a Comment