‘മന്ത്രിമാര്‍ക്ക് ഒരു ചുക്കും അറിയില്ല’; പഠിപ്പിക്കണമെന്ന് പൊതുഭരണ വകുപ്പ്

നിസാർ മുഹമ്മദ്

*മന്ത്രിസഭയില്‍ വിഷയമെത്തി, പരിശീലനത്തിന് അംഗീകാരം

തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരിലെ മന്ത്രിമാരില്‍ പലര്‍ക്കും ഭരണപരമായ വിഷയങ്ങളില്‍ ഒരു പരിചയവുമില്ലെന്നും അത് പഠിപ്പിച്ചെടുക്കാന്‍ പ്രത്യേക സമഗ്ര പരിശീലനം ഏര്‍പ്പെടുത്തണമെന്നും ആവശ്യപ്പെട്ട് പൊതുഭരണ വകുപ്പ് ഉത്തരവിറക്കി. മന്ത്രിമാര്‍ക്ക് ഒരു മണിക്കൂര്‍ വീതമുള്ള ഒമ്പത് ക്ലാസുകള്‍ (ദിവസേന മൂന്ന് ക്ലാസുകള്‍ വീതം) നല്‍കണമെന്നാണ് ഉത്തരവില്‍ പറയുന്നത്.
ഇക്കഴിഞ്ഞ 30-ന് തിരുവനന്തപുരത്തെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് (ഐ.എം.ജി) ഡയറക്ടര്‍ സമര്‍പ്പിച്ച നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് പൊതുഭരണ വകുപ്പ് ഉത്തരവിറക്കിയത്.
സ്വന്തം വകുപ്പിലെ കാര്യങ്ങള്‍ പോലും എങ്ങനെ ചെയ്യണമെന്ന് അറിയാത്തവരാണ് മന്ത്രിമാരില്‍ പലരുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ ഐ.എം.ജി ഡയറക്ടര്‍ സമര്‍പ്പിച്ച നിര്‍ദ്ദേശം ക്യാബിനറ്റ് യോഗത്തില്‍ ഔട്ട് ഓഫ് അജണ്ടയായി അവതരിപ്പിക്കപ്പെട്ടു. അന്നുതന്നെ മന്ത്രിമാര്‍ക്ക് പരിശീലനം നല്‍കാനുള്ള ഉത്തരവും ഇറങ്ങി. ജി.ഒ(എംഎസ്) 159/2021/ജി.എ.ഡി എന്ന നമ്പറിലുള്ള ഉത്തരവില്‍ പരിശീലന പരിപാടി അടിയന്തരമായി നടത്തണമെന്നാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. അതിന്റെ അടിസ്ഥാനത്തില്‍ സെപ്റ്റംബര്‍ 20,21,22 തീയതികളില്‍ പരിശീലന ക്ലാസ് നടത്താനുള്ള അനുമതിയും മുഖ്യമന്ത്രിയുടെ കീഴിലുള്ള പൊതുഭരണ വകുപ്പ് നല്‍കി. ഐ.എം.ജി ഓഡിറ്റോറിയത്തിലാണ് മന്ത്രിമാര്‍ക്ക് പരിശീലനം നല്‍കുക. ഇതിന് വരുന്ന ചെലവുകള്‍ പൊതുഭരണ വകുപ്പിന്റെ മറ്റിനങ്ങള്‍ എന്ന ശീര്‍ഷകത്തില്‍ നിന്ന് കണ്ടെത്താമെന്നും ചെലവിന്റെ ഇനം തിരിച്ചുള്ള വിശദാംശങ്ങള്‍ ഐ.എം.ജി ഡയറക്ടര്‍ സര്‍ക്കാരിന് സമര്‍പ്പിക്കണമെന്നും ഉത്തരവില്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.
അതേസമയം, ഭരണപരിചയമുള്ളവരെ മാറ്റി നിര്‍ത്തി പുതുമുഖങ്ങളെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയ പിണറായി വിജയന്റെ പിടിവാശി തെറ്റായിരുന്നുവെന്ന പരോക്ഷ വിലയിരുത്തലാണ് ഐ.എം.ജി ഡയറക്ടര്‍ നടത്തിയിരിക്കുന്നത്. മട്ടന്നൂരില്‍ വന്‍ ഭൂരിപക്ഷത്തിന് ജയിച്ച കെകെ ശൈലജയ്ക്ക് പോലും മന്ത്രിസ്ഥാനം നല്‍കാതിരിക്കുകയും നേരത്തെ ഭരണ മികവ് കാട്ടിയ ജി സുധാകരന്‍, തോമസ് ഐസക്ക്, ഇപി ജയരാജന്‍ തുടങ്ങിയവര്‍ക്ക് മല്‍സരിക്കാന്‍ സീറ്റു നല്‍കാതിരിക്കുകയും ചെയ്തത് ഭരണ രംഗത്ത് തിരിച്ചടിയായെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.
21 അംഗ മന്ത്രിസഭയില്‍ മുഖ്യമന്തിയുള്‍പ്പടെ സിപിഎമ്മിന് പന്ത്രണ്ട് പേരും സിപിഐക്ക് നാലു പേരും കേരള കോണ്‍ഗ്രസ്(എം), എന്‍സിപി, ജനതാദള്‍ (എസ്) എന്നിവര്‍ക്ക് ഒന്ന് വീതവും ഐഎന്‍എല്‍, ജനാധിപത്യ കേരള കോണ്‍ഗ്രസ്, കോണ്‍ഗ്രസ്(എസ്), കേരള കോണ്‍ഗ്രസ് (ബി) എന്നിവര്‍ക്ക് രണ്ടര വര്‍ഷക്കാലത്തേക്ക് ഒരോ മന്ത്രിമാരുമാണുള്ളത്. ഇതില്‍ പിണറായി വിജയന്‍, കെ കൃഷ്ണന്‍കുട്ടി, എ.കെ ശശീന്ദ്രന്‍ എന്നിവരൊഴികെ ബാക്കിയുള്ളവരെല്ലാം മന്ത്രിപദത്തില്‍ പുതുമുഖങ്ങളാണ്. നേരത്തെ മന്ത്രിയായും സ്പീക്കറായും ചുമതല വഹിച്ചിരുന്ന കെ രാധാകൃഷ്ണനാണ് ഇക്കുറി മന്ത്രിസഭയിലുള്ള മറ്റൊരാള്‍.

Related posts

Leave a Comment