തിരുവനന്തപുരം: വിദ്യാർഥിനികൾക്ക് മോശമായ വാട്ട്സാപ്പ് സന്ദേശങ്ങൾ അയച്ച കോളജ് അധ്യാപകനെതിരെ സർക്കാർ നടപടിക്കൊരുങ്ങുന്നു. തിരുവനന്തപുരം ചെമ്പഴന്തി എസ്എൻ കോളജിലെ അധ്യാപകനെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു പ്രതികരിച്ചു. അധ്യാപകൻറെ ഭാഗത്തു ഗുരുതര പിഴവുകളുണ്ടായി എന്ന് കോളജ് വിദ്യാഭ്യാസ ഡയറക്ടർ സർക്കാരിന് റിപ്പോർട്ട് നൽകിയിരുന്നു. ചെമ്പഴന്തി എസ്എൻ കോളജിൽ ഉണ്ടായ സംഭവങ്ങളെ കുറിച്ച് അന്വേഷിച്ച കോളജ് വിദ്യാഭ്യാസ ഡയറക്ടർ വിശദമായ റിപ്പോർട്ട് നൽകിയതിനൊപ്പം ഉന്നത വിദ്യാഭ്യാസ മന്ത്രിയെ നേരിട്ട് വിവരം ധരിപ്പിക്കുകയും ചെയ്തു. നിയമം അനുശാസിക്കുന്ന ശിക്ഷണ നടപടികൾ സ്വീകരിക്കാനാണ് ഉന്നത വിദ്യാഭ്യാസ വകുപ്പിൻറെ തീരുമാനം. അധ്യാപകൻറെ പദവിക്കു നിരക്കാത്ത പ്രവൃത്തികളാണ് ഉണ്ടായതെന്ന് കോളജ് വിദ്യാഭ്യാസ ഡയറക്ടർ സർക്കാരിന് നൽകിയ റിപ്പോർട്ട് വ്യക്തമാക്കുന്നു. പലതവണ വിലക്കിയിട്ടും വിദ്യാർഥിനികളെ ആവർത്തിച്ച് വീഡിയോ കോളിൽ വിളിച്ചു. അറിയാതെ കൈതട്ടി കോൾപോയതാണെന്ന അധ്യാപകൻറെ വിശദീകരണം സ്വീകരിക്കാനാവില്ലെന്നാണ് റിപ്പോർട്ട് പറയുന്നത്.
വിദ്യാർഥിനികൾക്ക് അശ്ലീലസന്ദേശം; അധ്യാപകനെതിരെ നടപടിയുണ്ടാകും
