അശ്ലീല വിഡിയോകൾ കാണുന്നവർക്ക് പൊലീസിന്റേ പേരിൽ നോട്ടീസ് അയച്ച്‌ പണം തട്ടൽ ; 3 പേര്‍ അറസ്റ്റില്‍

ഡെൽഹി: അശ്ലീല വിഡിയോകൾ കാണുന്നവർക്ക് പൊലീസിന്റേതെന്ന പേരിൽ നോടീസ് അയച്ച്‌ പണം തട്ടിയവർ പിടിയിൽ. കംബോഡിയയിൽ നിന്നും നിയന്ത്രിക്കുന്ന തട്ടിപ്പ് സംഘത്തിലെ മൂന്ന് പേരേയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ചെന്നൈ സ്വദേശിയായ രാം കുമാർ, ഗബ്രിയേൽ ജയിംസ്, ട്രിചി സ്വദേശിയായ ബി ദിനുശാന്ത് എന്നിവരാണ് പിടിയിലായത്.

ഉദംഗമണ്ഡലം, ചെന്നൈ, ട്രിചി, കോയമ്പത്തൂർ, എന്നിവിടങ്ങളിൽ നിന്നും സംഘം പ്രവർത്തിച്ചതായാണ് പൊലീസ് കണ്ടെത്തൽ. നിലവിൽ പിടിയിലായ ദിനുശാന്തിന്റെ സഹോദരൻ ബി ചന്ദ്രകാന്തായിരുന്നു തട്ടിപ്പിനായി കംബോഡിയയിൽ നിന്ന് സഹായം എത്തിച്ചിരുന്നത്.
ഫെബ്രുവരി മുതൽ ജൂൺ മാസം വരെ ഗൂഗിൾ പേ അടക്കമുള്ള സംവിധാനമുപയോഗിച്ച്‌ 30 ലക്ഷത്തിലധികം രൂപയാണ് സംഘം കൈക്കലാക്കിയത്. ഈ പണം ക്രിപ്‌റ്റോ കറൻസിയാക്കാനുള്ള കംബോഡിയയിലുള്ള ചന്ദ്രകാന്ത് സഹായിച്ചതായി സംഘം പൊലീസിന് മൊഴി നൽകി.

ബ്രൗസറിൽ വരുന്ന പോപ് അപ് പരസ്യങ്ങളിലൂടെ അഡ്‌വെയർ ഉപയോഗിച്ച്‌ അശ്ലീല വീഡിയോ കാണുന്നവർക്ക് വ്യാജ പൊലീസ് നോടീസ് അയച്ചായിരുന്നു തട്ടിപ്പ്. 3000 രൂപ മുതലാണ് പിഴ ഈടാക്കിയിരുന്നത്. അശ്ലീല വീഡിയോ കാണുന്നവരുടെ കമ്പ്യൂട്ടറിലെ എല്ലാം ഫയലുകൾ ബ്ലോക് ചെയ്‌തെന്ന് പൊലീസ് അവകാശപ്പെടുന്ന നോടീസാണ് ഇവർ ഇരകളായവർക്ക് അയച്ചിരുന്നത്. നിയമവിരുദ്ധമായ കാര്യം ചെയ്തതിന് മൂവായിരം രൂപ പിഴ നൽകണമെന്നും നോടീസ് വ്യക്തമാക്കുന്നുണ്ട്.

അശ്ലീല ദൃശ്യങ്ങൾ അല്ലാതുള്ള സാധാരണ സെർചുകൾക്കും ഇത്തരം നോടീസ് അയച്ചതോടെയാണ് തട്ടിപ്പ് പുറത്തായത്. ഇത്തരത്തിൽ വ്യാജ പൊലീസ് നോടീസ് കിട്ടിയവർ പരാതി ഉയർത്തിയതോടെയാണ് സംഭവത്തിൽ അന്വേഷണം വന്നത്. സമൂഹമാധ്യമങ്ങളിൽ പരാതി ഉയർന്നതോടെ യാണ് സൈബർ പൊലീസ് അന്വേഷണമാരംഭിച്ചത്. പോപ് അപ് പരസ്യങ്ങളിൽ മറ്റ് സ്ഥലങ്ങളുടെ പേരാണ് കാണിക്കുന്നതെങ്കിലും പണം എത്തിയിരുന്നത് രാജ്യത്ത് തന്നെയുള്ള അക്കൗണ്ടുകളിലേക്കായിരുന്നു.

Related posts

Leave a Comment