പൂവാർ ലഹരി പാർട്ടി; ഇന്ന് കൂടുതൽ പേരെ കസ്റ്റഡിയിലെടുക്കും

തിരുവനന്തപുരം: പൂവാർ ലഹരി പാർട്ടിയുമായി ബന്ധപ്പെട്ട് ഇന്ന് കൂടുതൽ പേരെ കസ്റ്റഡിയിലെടുക്കും. റിമാന്റിലായ പാർട്ടി നടത്തിപ്പുകാരൻ അക്ഷയ് മോഹൻ ഉൾപ്പടെ മൂന്ന് പ്രതികളേയും എക്സൈസ് വിശദമായി ചോദ്യം ചെയ്യും. അക്ഷയ് മോഹൻ, അഷ്ക്കർ, പീറ്റർഷാൻ എന്നിവരാണ് പ്രധാന പ്രതികൾ. ബെംഗളൂരുവിൽ നിന്നാണ് ലഹരി വസ്തുക്കളെത്തിച്ചതെന്നാണ് ഇവരുടെ മൊഴി. എക്സൈസിന്റെ പ്രത്യേക സംഘം ഇന്ന് മുതൽ അന്വേഷണം തുടങ്ങും. സാമ്പത്തിക ഇടപാടുകളും ലഹരി വസ്തുക്കളുടെ ഉറവിടവും കണ്ടെത്താനുള്ള നടപടിയും തുടങ്ങി. ലഹരി പാർട്ടിയിൽ പങ്കെടുത്ത 17 പേരെയും മൊഴിയെടുത്ത ശേഷം ജാമ്യത്തിൽ വിട്ടു.

പൂവാർ ലഹരിപാർട്ടിയിൽ അഞ്ച് ലക്ഷത്തിന് മുകളിൽ മൂല്യമുള്ള ലഹരി ഇടപാട് നടന്നെന്നാണ് എക്സൈസിന്റെ കണ്ടെത്തൽ. പണം ലഹരിമരുന്നിന്റെ ആവശ്യക്കാർ ഓൺലൈനായി കൈമാറി. തിരുവനന്തപുരത്തെ മോഡലിനെ കേന്ദ്രീകരിച്ച് കൂടുതൽ അന്വേഷണം നടത്തുമെന്നും വിവരം പുറത്തുവന്നിരുന്നു. കാരക്കാട് റിസോർട്ടിൽ ആറ് മാസത്തിനിടെ നടന്നത് 17 ലഹരി പാർട്ടികളെന്നാണ് വിവരം. എല്ലാത്തിനും മേൽനോട്ടം വഹിച്ചത് അക്ഷയ് മോഹനായിരുന്നു.

കേസിലെ മുഖ്യപ്രതിയും ഡിജെ സംഘാടകനുമായി ആര്യനാട് സ്വദേശി അക്ഷയ് മോഹൻ ലഹരി മരുന്ന് കച്ചവടം നടത്തിയതിന് ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. കൻ്റോൺമെന്റ് പൊലീസ് അറസ്റ്റ് ചെയ്ത അക്ഷയ് 22 ദിവസമാണ് ജയിൽ ശിക്ഷ അനുഭവിച്ചത്. നിർവാണ മ്യൂസിക് ഫെസ്റ്റ് എന്ന പേരിൽ കേരളത്തിനകത്തും പുറത്തുമായി അക്ഷയ് ഡിജെ പാർട്ടികൾ സംഘടിപ്പിച്ചിട്ടുണ്ട്.

മുഖ്യപ്രതികൾ ഉൾപ്പെടെ 19 പേരെ എക്സൈസ് കസ്റ്റഡയിൽ എടുത്തിരുന്നു. ഇൻഡോ‍ർ സ്വദേശിയായ ഒരു സ്ത്രീയെയും എക്സൈസ് കസ്റ്റഡയിലെടുത്തിരുന്നു. എന്നാൽ മൂന്നുപേരൊഴികെ മറ്റുള്ളവരെല്ലാം പാർട്ടിയിൽ പങ്കെടുക്കാനെത്തിയവരായതിനാൽ ജാമ്യം നൽകി വിട്ടയക്കുകയായിരുന്നു.

പൂവ്വാറിലെ കാരക്കാട് റിസോർട്ടിൽ എംഡിഎംഎ അടക്കമുള്ള മയക്കുമരുന്നുകളും ഹാഷിഷ് ഓയിലും ഉപയോഗിച്ചായിരുന്നു പാർട്ടി. രഹസ്യ വിവരത്തെ തുടർന്നാണ് എക്സൈസ് സംഘം റെയ്ഡ് നടത്തിയത്. നിർവാണാ മ്യൂസിക് ഫെസ്റ്റ് എന്ന പേരിൽ വാട്സ്ആപ്പ്, ഇൻസ്റ്റഗ്രാം എന്നീ സമൂഹ മാധ്യമങ്ങൾ വഴിയാണ് ലഹരിപാർട്ടിക്കായി ആളെ സംഘടിപ്പിച്ചത്. ഒരാൾക്ക് പാർട്ടിയിൽ പങ്കെടുക്കാൻ ആയിരം രൂപയാണ് ചെലവ്. ലഹരിക്കും മദ്യത്തിനും പണം വേറെ നൽകണം. രഹസ്യവിവരത്തെ തുടർന്ന് വനിതാ എക്സൈസ് ഉദ്യോഗസ്ഥ അടക്കമുള്ള 20 അംഗ സംഘം റിസോർട്ട് വളഞ്ഞു. ബോട്ട് സഞ്ചാരത്തിനെത്തിയ വിനോദസഞ്ചാരികൾ എന്ന തരത്തിൽ സംശയം തോന്നാത്ത വിധമായിരുന്നു എക്സൈസ് നീക്കം. ഉദ്യോഗസ്ഥരെത്തുമ്പോൾ ഓരോ കോട്ടേജിലും ലഹരി ഉപയോഗം തകൃതിയായി നടക്കുകയായിരുന്നു.

Related posts

Leave a Comment