കണ്ടതൊന്നുമല്ല, കാണാനിരിക്കുന്നതാണ് പൂരം! ; ദേശാടനം വായിക്കാം

-ഷൈബിൻ നന്മണ്ട-

ജോസഫ് സ്റ്റാലിനിൽ നിന്ന് ക്രൂഷ്‌ച്ചേവിലൂടെ ബ്രെഷ്‌നേവിലൂടെ ആൻഡ്രോപ്പോവിലൂടെ ചെർനങ്കോവിലൂടെ ഗോർബച്ചേവിലേക്ക് എത്തിയപ്പോൾ റഷ്യൻ ജനത ‘സ്വാതന്ത്ര്യദാഹ’വുമായി തെരുവുകളിലേക്ക് ഓടിയ ചിത്രം ചരിത്രത്തിൽ ഇന്നും ത്രസിച്ചുനിൽക്കുന്നുണ്ട്; സോവിയറ്റ് യൂണിയൻ തകർന്നപ്പോൾ ലെനിനിസ്റ്റ് ആശയസംഹിതയ്ക്ക് പകരംവെച്ച ദേശീയതാവാദങ്ങളും വലതുപക്ഷ രാഷ്ട്രീയവും റഷ്യയെ ഏതുദിശയിൽ നയിക്കുന്നുവെന്നതിന്റെ ദൃഷ്ടാന്തമാണ് വ്‌ളാഡിമിർ പുടിൻ യുക്രൈയ്‌നിൽ നടത്തുന്ന സൈനിക താണ്ഡവം.
ലോകമാസകലം കണ്ടുനിൽക്കെ ഒരു സ്വതന്ത്രരാജ്യം നിർദ്ദയം അക്രമിക്കപ്പെടുമ്പോൾ ഐക്യരാഷ്ട്ര സഭയിലുൾപ്പെടെ ഇന്ത്യ സ്വീകരിച്ച നിലപാടിനെക്കുറിച്ചാണ് ദേശീയതലത്തിൽ ചർച്ച. റഷ്യ-ചൈന-പാക്കിസ്ഥാൻ അച്ചുതണ്ടിനെ ഭയക്കുന്ന നമ്മുടെ ഭരണകർത്താക്കൾ, ഇന്ത്യയുടെ നയതന്ത്രപാളിച്ചകളെപ്പറ്റി ആത്മപരിശോധന നടത്തുന്നില്ലെന്നതാണ് യാഥാർത്ഥ്യം. ചൈനയോ പാക്കിസ്ഥാനോ സമീപ ഭാവിയിൽ ഇന്ത്യയ്‌ക്കെതിരെ തിരിഞ്ഞാൽ ഇന്നത്തെ സാഹചര്യത്തിൽ റഷ്യ അവർക്കൊപ്പമേ നിൽക്കുകയുള്ളൂ. സംഭവിക്കാൻ പോകുന്ന ദുരന്തത്തെപ്പറ്റി മോദി ഭരണകൂടം ആകുലപ്പെടുന്നുണ്ടോ? നമ്മുടെ അയൽരാജ്യങ്ങളിൽ ചൈന ചെലുത്തുന്ന സ്വാധീനം സൃഷ്ടിക്കാൻ പോകുന്ന പ്രത്യാഘാതങ്ങൾ ചിന്തിക്കാവുന്നതിലും വലുതായിരിക്കും. അഫ്ഗാനിസ്ഥാനിൽ താലിബാനെ അംഗീകരിക്കാൻ യാതൊരു മടിയും ചൈന കാട്ടിയിരുന്നില്ലെന്ന് ഓർക്കണം. എക്കാലവും മികച്ച ബന്ധം കാത്തുസൂക്ഷിച്ച നേപ്പാളിനെ പോലും ഇന്ത്യയ്‌ക്കെതിരെ തിരിച്ചുവിട്ടു; മക്മഹോൻ രേഖ അതിർലംഘിച്ച് അരുണാചൽ പ്രദേശ് ഉൾപ്പെടെയുള്ള ഇന്ത്യൻ ഭൂപ്രദേശത്ത് കടന്നുകയറുന്നു; ശ്രീലങ്കയ്ക്കും മാലിദ്വീപിനും ‘സമുദ്ര സിൽക്ക് റൂട്ട്’ എന്ന മോഹനവാഗ്ദാനം നൽകി അവരെയും വരുതിയിലാക്കുന്നു; പാക്കിസ്ഥാന് രഹസ്യമായ് ആയുധം നൽകുന്നു.

ജവഹർലാൽ നെഹ്‌റുവും യൂഗോസ്ലാവ്യൻ പ്രസിഡന്റായിരുന്ന മാർഷൽ ടിറ്റോയും ഈജിപ്ഷ്യൻ പ്രസിഡന്റായിരുന്ന ഗമാൽ അബ്ദുന്നാസറും രൂപപ്പെടുത്തിയ ചേരിചേരാ ആശയത്തിന്റെ പ്രസക്തിയും പ്രാമുഖ്യവും ഇന്നത്തെ ലോകസാഹചര്യത്തിൽ വർധിക്കുകയാണ്. എന്നാൽ ഇന്ത്യ അനുവർത്തിക്കുന്നത് ആ നയമല്ല. യുക്രൈനിൽ റഷ്യയുടെ അധിനിവേശത്തിനെതിരെ യു എൻ രക്ഷാസമിതിയിൽ അമേരിക്ക കൊണ്ടുവന്ന പ്രമേയത്തിൽ നിന്ന് വിട്ടുനിന്ന ഇന്ത്യ, തങ്ങളുടെ ഭാഗം ന്യായീകരിക്കാൻ പറയുന്നത് തങ്ങൾ ചേരിചേരാ നയം വീണ്ടും പിന്തുടർന്നു എന്നാണ്! എന്നാൽ ചൈനയ്ക്കും റഷ്യയ്ക്കുമൊപ്പം ചേർന്നു നിൽക്കുന്ന നയമാണ് ഇന്ത്യ അവിടെ സ്വീകരിച്ചത്. സോവിയറ്റ് യൂണിയൻ കാലഘട്ടത്തിൽ ഇന്ത്യയുമായ് ആ രാജ്യം പുലർത്തിയ ബന്ധം ഇന്ന് അതേതോതിൽ നിലനിൽക്കുന്നില്ലെന്ന വസ്തുത ഇന്ത്യയെ ആശങ്കപ്പെടുത്തുന്നതാണ്. സൈനികപരമായ് റഷ്യയോട് അമിത ആശ്രയം കാട്ടുന്ന രാജ്യമാണ് വർത്തമാന ഇന്ത്യ. ആ നിലയിൽ മാത്രമല്ല, ചൈനയോടും പാക്കിസ്ഥാനോടും റഷ്യ കൂടുതൽ അടുപ്പം കാട്ടുമെന്ന ഭയത്താലുമാകാം പുടിന്റെ നടപടിയെ അപലപിക്കാൻ ഇന്ത്യയ്ക്ക് സാധിക്കാതെ വരുന്നത്!
എന്നാൽ മറ്റൊരു ലോകക്രമത്തിലേക്കാണ് യുക്രൈൻ പ്രതിസന്ധി നയിക്കുന്നതെന്ന് ഇന്ത്യ തിരിച്ചറിയുന്നില്ല.
യുക്രൈൻ യുദ്ധത്തിന്റെ പരിണാമം എന്തായാലും യു എസ് ചേരിയും റഷ്യൻ ചേരിയുമായ് ലോകം വീണ്ടും വിഭജിക്കപ്പെട്ടേക്കും. അതോടെ ഇപ്പോഴത്തെ അഴകൊഴമ്പൻ നിലപാട് കൈവിട്ട് എവിടെ നിൽക്കണമെന്നതിനെപ്പറ്റി ഇന്ത്യയ്ക്ക് തെളിച്ചത്തോടെയും വെളിച്ചത്തോടെയും പറയേണ്ടി വരും. നിലവിൽ റഷ്യയ്ക്ക് ഉപരോധം പ്രഖ്യാപിച്ച രാജ്യങ്ങൾ ഉള്ളതിനാൽ വരും നാളുകളിൽ അമേരിക്കയും ഓസ്‌ത്രേലിയയും ജപ്പാനും ഇന്ത്യയും ഉൾപ്പെടുന്ന ചതുർരാഷ്ട്ര ‘ക്വാഡ്’ സഖ്യമുൾപ്പെടെ തകരാനുള്ള സാധ്യതയും ഏറെയാണ്. അതേസമയം ആശങ്കയോടെയല്ലാതെ ചൈനയോടും റഷ്യയോടും ചേർന്നുനിൽക്കാനും ഇന്ത്യയ്ക്ക് സാധിക്കില്ല. അത്തരമൊരു പ്രതിസന്ധി ഘട്ടത്തിൽ എത്തുമ്പോഴാവും ചേരിചേരാ നയമാവും അഭികാമ്യമെന്ന് ഇന്ത്യ വീണ്ടും പ്രഖ്യാപിക്കുക! അതിലും മികച്ച മാർഗം ഇപ്പോൾ തന്നെ നെഹ്‌റുവിലേക്ക് തിരികെ പോകുന്നതാവും; ചേരിചേരാ നയം ശക്തമാക്കി കൂടുതൽ രാജ്യങ്ങളെ യുദ്ധവിരുദ്ധ മുന്നണിയിലേക്ക് എത്തിക്കുവാനും ലോകത്തിന് മുന്നിൽ ധാർമ്മിക ശക്തി വിളംബരം ചെയ്യുവാനും അതുവഴി ഇന്ത്യയ്ക്ക് സാധിക്കും. ദേശീയ വാദി എന്നതിലുപരി സാർവദേശീയ കാഴ്ചപ്പാടുള്ള ലോകനേതാവായിരുന്നു നെഹ്‌റു. ആഗോള സമീപനവും തുറന്ന നയതന്ത്ര ചാതുരിയുമില്ലാത്ത മോദിക്ക് ഇന്ത്യയെ അപ്രകാരം നയിക്കാൻ സാധിക്കുമോ?


അഞ്ച് സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആരവങ്ങൾക്കിടയിൽ ബിജെപിയുടെ ചങ്കിടിപ്പ് വർധിപ്പിക്കുന്നതാണ് ബീഹാർ മുഖ്യമന്ത്രി നിതീഷ്‌കുമാറിനെ വലംവെച്ച് ഉയരുന്ന ചർച്ചകൾ. തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു നൽകുന്ന സൂചന പ്രകാരമാണെങ്കിൽ, പൊതുസഖ്യത്തിന്റെ രാഷ്ട്രപതി സ്ഥാനാർത്ഥിയായി നിതീഷ്‌കുമാർ അവതരിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. എൻഡിഎയ്‌ക്കൊപ്പം നീരസപൂർവമുള്ള സംബന്ധം അവസാനിപ്പിക്കാൻ നിതീഷിന് ഏറെയൊന്നും ആലോചിക്കേണ്ടി വരില്ലെന്നത് ആ സാധ്യത വർധിപ്പിക്കുന്നു. ബിജെപിയുടെ രാഷ്ട്രപതി സ്ഥാനാർത്ഥിയുടെ പരാജയം ഉറപ്പാക്കേണ്ടത് പ്രതിപക്ഷത്തിന്റെ ദൗത്യമായതിനാൽ എന്തും സംഭവിച്ചേക്കാം. കോൺഗ്രസിന്റെ നിലപാട് ഇക്കാര്യത്തിൽ നിർണായകമാവും.

ഉത്തർപ്രദേശ് തെരഞ്ഞെടുപ്പിലെ സീറ്റ് വിന്യാസം രാഷ്ട്രപതി തെരഞ്ഞെടുപ്പിലേക്കുള്ള ചൂണ്ടുപലകയാവുമെന്ന് തീർച്ച. പഞ്ചാബോ മണിപ്പൂരോ ഗോവയോ ഉത്തരാഖണ്ഡോ ചെലുത്തുന്നതിന്റെ പതിന്മടങ്ങ് ശക്തിയുള്ള സ്വാധീനമാവും ഇലക്ടറൽ കോളേജിന്റെ മൂല്യത്തിൽ യുപി ചെലുത്തുക. ഉത്തർപ്രദേശിലെ ഒരു എംഎൽഎയുടെ വോട്ടുമൂല്യം 209 ആണ്. അഖിലേഷ് യാദവ് ഭരണം പിടിച്ചാൽ പ്രതിപക്ഷത്തിനൊപ്പം നിൽക്കാനുള്ള സാധ്യതയ്ക്ക് തോത് വർധിക്കും. മായാവതി എവിടെ നിൽക്കുമെന്ന് പ്രവചനം അസാധ്യമാണ്. രാഷ്ട്രപതി സ്ഥാനത്തേക്കുൾപ്പെടെ കണ്ണുണ്ടെങ്കിലും യുപിഎ സഖ്യത്തിന്റെ പൊതുനിലപാടിനൊപ്പമാവും ശരത്പവാർ നിലയുറപ്പിക്കുക. ഇന്നത്തെ സാഹചര്യത്തിൽ ബിജെപി വിരുദ്ധ ചേരിയിൽ മാത്രമേ മമതാ ബാനർജിയും കെ ചന്ദ്രശേഖര റാവുവും ഉദ്ധവ് താക്കറെയും കൈകോർക്കുകയുള്ളൂ. എം കെ സ്റ്റാലിനാവും കോൺഗ്രസ് സഖ്യത്തിൽ അചഞ്ചലം ഉറച്ചുനിൽക്കുന്ന ഏറ്റവും പ്രധാന കക്ഷി നേതാവ്. ബിജെപിയ്‌ക്കൊപ്പമോ പ്രതിപക്ഷത്തിന് ഒപ്പമോ എന്ന് വ്യക്തമായ് പ്രവചിക്കുവാൻ ഇപ്പോൾ സാധിക്കാത്ത രണ്ട് കൂട്ടരാണ് നവീൻ പട്‌നായിക്കും (ബിജെഡി) ജഗൻമോഹൻ റെഡ്ഡിയും (വൈഎസ്ആർസിപി). കേരളത്തിൽ ഭരണമുള്ള ഇടതുപാർട്ടികളും പ്രതിപക്ഷത്തിനൊപ്പം നിൽക്കും. തന്നെയോ തനിക്ക് അഭിമതനായ സ്ഥാനാർത്ഥിയെയോ നിതീഷ്‌കുമാറും പിന്തുണച്ചേക്കും. ബീഹാർ ഗവർണറായിരുന്ന രാംനാഥ് കോവിന്ദിനെ കഴിഞ്ഞ തവണ കളത്തിലിറക്കി ജെഡിയുവിന്റെ പിന്തുണ ബിജെപി സ്വന്തമാക്കിയത്, നിതീഷ് ഇടയുമെന്ന ഘട്ടത്തിലായിരുന്നല്ലോ. ഇത്തവണത്തെ രാഷ്ട്രപതി തെരഞ്ഞെടുപ്പിന്റെ പ്രയാണ സരണിയത്ര സുഖപ്രദവും സുഗമവുമല്ലെന്ന് മറ്റാരേക്കാളും ബിജെപി തിരിച്ചറിയുന്നുണ്ട്. അഞ്ചിടത്തെ അങ്കമല്ല, യഥാർത്ഥ പൂരം കാണാൻ പോകുന്നതേയുള്ളൂ.

Related posts

Leave a Comment