നിധി കണ്ടെത്താൻ യുവതിയെ ന​ഗ്നയാക്കി പൂജ ; മന്ത്രവാദി ഉൾപ്പടെ അ‍ഞ്ച് പേർ അറസ്റ്റിൽ

ബെംഗളൂരു: നിധി കണ്ടെത്താനായി യുവതിയെ ന​ഗ്നയാക്കി പൂജകൾ നടത്തിയ മന്ത്രവാദി അടക്കം അ‍ഞ്ചുപേർ അറസ്റ്റിൽ.
കർണാടകയിലെ രാമനഗരത്തിലാണ് സംഭവം. യുവതിയേയും അവരുടെ പ്രായപൂർത്തിയാകാത്ത മകളെയും സംഭവ സ്ഥലത്തുനിന്ന് രക്ഷപ്പെടുത്തി. യുവതിയുടെ നാല് വയസുള്ള മകളെ ബലികൊടുക്കാൻ സംഘത്തിന് പദ്ധതിയുണ്ടായിരുന്നെന്നും റിപ്പോർട്ടുകളുണ്ട്.

മന്ത്രവാദി ഷാഹികുമാർ, സഹായി മോഹൻ, കല്പണിക്കാരായ ലക്ഷ്മിനരസപ്പ, ലോകേഷ്, നാഗരാജ്, പാർത്ഥസാരഥി എന്നിവരാണ് അറസ്റ്റിലായത്. തമിഴ്നാട് സ്വദേശിയാണ് ഷാഹികുമാർ കർണാടകയിലെ ഭൂനഹള്ളിയിൽ നിന്നുള്ള കർഷകനായ ശ്രീനിവാസിന്റെ വീട്ടിലാണ് മന്ത്രവാദ ക്രിയ നടത്തിയത്. 2019ൽ ഒരു വിവാഹത്തിൽ പങ്കെടുക്കാൻ തമിഴ്നാട്ടിലേക്ക് പോയപ്പോഴാണ് ശ്രീനിവാസ് ഷാഹികുമാറുമായി പരിചയപ്പെടുന്നത്. 2020 ന്റെ തുടക്കത്തിൽ ശ്രീനിവാസിന്റെ വീട്ടിലെത്തിയ ഷാഹികുമാർ 75 വർഷങ്ങൾക്ക് മുമ്പ് നിർമിച്ച വീടിനുള്ളിൽ നിധി ഒളിഞ്ഞിരിക്കുന്നതായി ശ്രീനിവാസിനെ വിശ്വസിപ്പിച്ചു.

വീട്ടിനുള്ളിലെ നിധി കണ്ടെത്തി മാറ്റിയില്ലെങ്കിൽ കുടുംബം വലിയ ദുരന്തങ്ങൾ നേരിടേണ്ടി വരുമെന്നും ഇയാൾ ശ്രീനിവാസനെ ഭയപ്പെടുത്തി. നിധി എടുത്തു മാറ്റുന്ന കാര്യം പറഞ്ഞ് ഇയാൾ 20,000 രൂപയും ശ്രീനിവാസിൽ നിന്ന് മുൻകൂറായി വാങ്ങി. എന്നാൽ തുടർന്നുണ്ടായ കോവിഡ് ലോക്ക്ഡൗണും മറ്റ് പ്രശ്നങ്ങളും കാരണം പദ്ധതി മാറ്റിവെക്കേണ്ടി വന്നു. രണ്ട് മാസം മുമ്പ് വീണ്ടും ശ്രീനിവാസിനെ സന്ദർശിച്ചു ഇയാൾ നിധി എടുക്കാനുള്ള പ്രവർത്തനങ്ങൾ ആരംഭിക്കുന്നതായി അറിയിച്ചു.

മന്ത്രവാദ ക്രിയകൾക്കായി ശ്രീനിവാസിന്റെ വീട്ടിലെ ഒരു മുറി ഇയാൾ തിരഞ്ഞെടുത്തു. പൂജയ്ക്കിടെ നഗ്നയായ ഒരു സ്ത്രീയെ തന്റെ മുന്നിൽ ഇരുത്തിയാൽ നിധി സ്വയമേവ പുറത്തുവരുമെന്നും ഇയാൾ പറഞ്ഞു. നഗ്നയായി ഇരിക്കാനുള്ള സ്ത്രീ ശ്രീനിവാസിന്റെ കുടുംബത്തിൽ യുവതിയെ ദിവസക്കൂലിക്ക് കണ്ടെത്തുകായിരുന്നു. ഇതിനായി അവർക്ക് 5,000 രൂപ പ്രതിഫലം നൽകിയതായി പോലീസിനെ ഉദ്ധരിച്ച്‌ ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.

മറഞ്ഞിരിക്കുന്ന നിധി കണ്ടെത്താനുള്ള മന്ത്രവാദ പൂജകൾക്കിടയിൽ നരബലി നൽകാനായാണ് സ്ത്രീയുടെ നാല് വയസ്സുള്ള മകളെ സംഭവസ്ഥലത്തേക്ക് കൊണ്ടുവന്നതെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ ഇത്തരം റിപ്പോർട്ടുകൾ രാമനഗര പോലീസ് സൂപ്രണ്ട് എസ്. ഗിരീഷ് തള്ളി. മന്ത്രവാദിയുടേയും മറ്റുള്ളവരുടെയും പ്രവർത്തികളിൽ സംശയം തോന്നിയ നാട്ടുകാരാണ് പോലീസിനെ വിവരം അറിയിച്ചതെന്നും പെൺകുട്ടി സ്ത്രീയുടെ മകളാണെന്നും എസ്പി പറഞ്ഞു. ഇന്ത്യൻ ശിക്ഷാ നിയമത്തിലെയും മന്ത്രവാദ വിരുദ്ധ നിയമത്തിലേയും പ്രസക്തമായ വകുപ്പുകൾ പ്രകാരമാണ് അറസ്റ്റ്.

Related posts

Leave a Comment