എംജി സർവ്വകലാശാലയിലും രാഷ്ട്രീയ അതിപ്രസരം: യുഡിഎഫ് സെനറ്റ് മെമ്പർമാർ

കോട്ടയം: കേരളത്തിലെ സർവ്വകലാശാലകളിൽ നടക്കുന്ന രാഷ്ട്രീയ ഇടപെടലിനെപ്പറ്റി ചാൻസലറായ ബഹുമാനപ്പെട്ട ഗവർണർക്ക് പോലും പ്രതികരിക്കേണ്ടി വന്നത് സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് തന്നെ അപമാനകരമാണെന്നും മുൻപ് പലവട്ടം ഇത്തരം വിഷയങ്ങൾ മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി സെനറ്റിൽ ഉന്നയിച്ചിട്ടുള്ളതാണെന്നും യുഡിഎഫ് സെനറ്റ് മെമ്പർമാർ പറഞ്ഞു.

യുജിസി യോഗ്യതകൾക്കപ്പുറത്ത് മറ്റു പല യോഗ്യതകൾ ഉണ്ടോ എന്നതാണ് അദ്ധ്യാപകരുടെ അപ്പ്രൂവൽ, പ്രമോഷൻ ഫയലുകൾ പരിഗണിക്കുമ്പോൾ യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് തിരക്കുന്നത്. ഇടതുപക്ഷ അദ്ധ്യാപക സംഘടനാ അംഗത്വം എന്ന യോഗ്യതയില്ലാത്തവരുടെ ഫയലുകൾ ചുവപ്പുനാടയിൽ കുരുക്കി വർഷങ്ങളോളം നടത്തിക്കുന്നത് ഒരു തുടർക്കഥയാവുകയാവുമ്പോൾ അധ്യാപകർക്ക് പലപ്പോഴും നീതിപീഠത്തെ സമീപിക്കേണ്ടി വരുന്നു.

യൂണിവേഴ്സിറ്റിയിലെ വിവിധ പഠന ബോർഡിലേക്ക് അംഗങ്ങളെ തെരഞ്ഞെടുക്കുന്നതിലും പരീക്ഷ സ്ക്വാഡ് രൂപീകരിക്കുന്നതിലും വിവിധ കമ്മറ്റികൾ ഉണ്ടാക്കുന്നതിലും അക്കാദമിക മികവിനും പ്രവൃത്തിപരിചയത്തിതിനുമപ്പുറം രാഷ്ട്രീയം മാത്രം മാനദണ്ഡമാക്കി മുന്നോട്ടുപോകയാണ് രാഷ്ട്രപിതാവിൻറെ പേരിലുള്ള സർവകലാശാല. മികവിന്റെ കേന്ദ്രങ്ങളാവേണ്ട സർവ്വകലാശാലകളെ തകർക്കുന്ന തരത്തിലുള്ള രാഷ്ട്രീയ ഇടപെടലിനെതിരെ ധീരമായ പ്രതികരണമാണ് ബഹുമാനപ്പെട്ട ഗവർണർ നടത്തിയതെന്നും യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് നടത്തുന്ന രാഷ്ട്രീയ അജണ്ടയോട് കൂടിയുള്ള പ്രവർത്തനങ്ങളെ പ്രതിരോധിക്കാൻ അദ്ധ്യാപകരും വിദ്യാർത്ഥികളും മുന്നോട്ടുവരണമെന്നും യുഡിഎഫ് സെനറ്റ് മെമ്പർമാരായ ഡോ: ജീജി, ഡോ.സജു മാത്യു, എ.ജെ ഇമ്മാനുവൽ, ഡോ: ആൽസൺ മാർട്ട്, ഡോ: സിറിയക് ജോസ് , സജിത് ബാബു എസ് എന്നിവർ ആവശ്യപ്പെട്ടു.

Related posts

Leave a Comment