കെ കരുണാകരന്റെ ഓർമയിൽ രാഷ്ട്രീയ കേരളം; ഇന്ന് ജന്മദിനം

കേരള രാഷ്ട്രീയത്തിൽ പകരം വയ്ക്കാനില്ലാത്ത ഭരണാധികാരിയും രാഷ്ട്രീയ നേതാവും ആയിരുന്നു കെ കരുണാകരൻ. അദ്ദേഹത്തിന്റെ നേതൃത്വ പാടവവും പ്രവർത്തന മികവും ദേശീയതലത്തിൽ തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ട ഒരു നേതാവാക്കി മാറ്റി. മുഖ്യമന്ത്രി ആയിരിക്കുമ്പോഴും അതിനു മുമ്പും ശേഷവും ഏറെ പ്രതിസന്ധികൾ ഉണ്ടായപ്പോഴും അതിനെയെല്ലാം പുഞ്ചിരിയോടെ തരണം ചെയ്ത അദ്ദേഹത്തിന്റെ പ്രവർത്തന ശൈലി എക്കാലവും മാതൃക തന്നെയാണ്. പൊതുപ്രവർത്തനത്തെ എങ്ങനെ ക്രിയാത്മകമായി സമീപിക്കാം എന്ന് പലയാവർത്തി അദ്ദേഹം തെളിയിച്ചിട്ടുണ്ട്. എല്ലാവരോടും ആത്മാർത്ഥതയും വിശ്വാസവും നിലനിർത്തി കടന്നുപോയ നേതാവായിരുന്നു അദ്ദേഹം. കേരളത്തിലെ കോൺഗ്രസ് പ്രവർത്തകർക്കും സാധാരണക്കാർക്കും കെ കരുണാകരൻ എന്തായിരുന്നു എന്നതിന്റെ നേർച്ച സാക്ഷ്യമാണ് അദ്ദേഹത്തോടുള്ള ലീഡർ വിളി. മുഖ്യമന്ത്രിയായിരിക്കെ ഒട്ടേറെ വിപ്ലവകരമായ വികസന പ്രവർത്തനങ്ങൾക്കും അദ്ദേഹം നേതൃത്വം നൽകിയിട്ടുണ്ട്. തൃക്കാക്കരയിലെ ഉപതിരഞ്ഞെടുപ്പ് സമയത്ത് വികസനം തന്നെയാണ് ചർച്ചയാകേണ്ടത് എന്ന് കോൺഗ്രസും യുഡിഎഫും ഉറച്ചു പറയുമ്പോൾ അതിന് പ്രാപ്തമാക്കിയത് കെ കരുണാകരന്റെ കാലത്ത് കൂടി നടപ്പാക്കിയ വികസന പ്രവർത്തനങ്ങളാണ്. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളവും കലൂർ അന്താരാഷ്ട്ര സ്റ്റേഡിയവും ഉൾപ്പെടെ ഒട്ടേറെ വികസന പ്രവർത്തനങ്ങൾ അദ്ദേഹത്തിന്റെ കയ്യൊപ്പ് പതിഞ്ഞതാണ്.

കേരളത്തിൽ ഏറ്റവും കൂടുതൽ പ്രാവശ്യം മുഖ്യമന്ത്രി ആയതിനുള്ള ബഹുമതി കെ. കരുണാകരന് അവകാശപ്പെട്ടതാണ്. ആകെ നാലു തവണയാണ് അദ്ദേഹം മുഖ്യമന്ത്രി കസേരയിൽ ഇരുന്നത്.

ഒരു നിയമസഭയുടെ കാലാവധി പൂർത്തിയാക്കിയ ആദ്യത്തെ കോൺഗ്രസ് മുഖ്യമന്ത്രിയും അദ്ദേഹം തന്നെ. (1982-1987)

കേരളത്തിൽ ഏറ്റവും കുറച്ചുകാലം അധികാരത്തിലിരുന്ന മന്ത്രിസഭയ്ക്ക് നേതൃത്വം നൽകിയതും കരുണാകരൻ തന്നെയാണ്. (1977 മാർച്ച് 25 – ഏപ്രിൽ 27)

ജനിച്ചത് കണ്ണൂരിൽ ആണെങ്കിലും രാഷ്ട്രീയ നേതാവ് എന്ന നിലയിൽ ചില അദ്ദേഹം വളർച്ച നേടിയത് തൃശൂരിൽ എത്തിയതോടെയാണ്. ആദ്യകാലത്ത് ട്രേഡ് യൂണിയൻ പ്രവർത്തനങ്ങളിൽ ആയിരുന്നു കൂടുതൽ താല്പര്യം.

ഐ.എൻ.ടി.യു.സിയുടെ സ്ഥാപക നേതാവായിരുന്നു കരുണാകരൻ. പിന്നീട് തൃശ്ശൂർ നഗരസഭയിൽ അംഗമായതോടെ ആണ് അധികാരത്തിലേക്കുള്ള പടയോട്ടം ആരംഭിച്ചത്.

1945 ലായിരുന്നു കരുണാകരൻ തൃശ്ശൂർ നഗരസഭയിൽ അംഗമായത്. തുടർന്ന് 1948 കൊച്ചി നിയമസഭാ തിരഞ്ഞെടുപ്പിൽ അദ്ദേഹം വിജയിച്ചു പിന്നീട് 1949-ലും 1952-ലും 1954-ലും തിരു-കൊച്ചി നിയമസഭയിൽ അംഗമായി. തിരു-കൊച്ചി അസംബ്ലിയിൽ 1952-1953 കാലഘട്ടത്തിൽ കോൺഗ്രസ് നിയമസഭാ കക്ഷിയുടെ ചീഫ് വിപ്പായിരുന്നു.

1957 ൽ ഐക്യകേരളത്തിലെ ആദ്യ നിയമസഭാ തിരഞ്ഞെടുപ്പിൽ തൃശൂരിൽ നിന്നാണ് കരുണാകരൻ മത്സരിച്ചത്. പക്ഷേ വിജയം തുടർക്കഥയാക്കി മാറ്റിയിരുന്ന കരുണാകരനെ അത്തവണ കാത്തിരുന്നത് പരാജയമായിരുന്നു.

ആ തിരഞ്ഞെടുപ്പ് പോരാട്ടത്തിൽ ഡോ.എ.ആർ. മേനോൻ കരുണാകരനെ പരാജയപ്പെടുത്തി. പക്ഷേ പരാജയം അദ്ദേഹത്തെ തളർത്തിയില്ല. 1965 ലെ തിരഞ്ഞെടുപ്പിൽ കരുണാകരൻ വിജയക്കൊടി പാറിച്ചു. തൃശൂർ ജില്ലയിലെ മാള നിയോജക മണ്ഡലത്തിൽ നിന്ന് ആദ്യമായി നിയമസഭയിൽ അംഗമായി. അതൊരു തുടക്കമായിരുന്നു.

1967ലെ നിയമസഭ തിരഞ്ഞെടുപ്പിൽ വെറും ഒൻപത് എം എൽ എ മാർക്ക് ഒപ്പം നിയമസഭയിലെത്തിയ കരുണാകരൻ കോൺഗ്രസിൻ്റെ നിയമസഭാ കക്ഷി നേതാവായി. ഒരുപക്ഷേ, കേരളത്തിലെ കോൺഗ്രസിൻ്റെ അന്ത്യനാളുകൾ എന്ന് ജനങ്ങൾ കരുതിയ കാലഘട്ടമായിരുന്നു അത്.

എന്നാൽ 1970 ൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ 32 സീറ്റുമായി കോൺഗ്രസിനെ മുന്നിലെത്തിക്കാൻ കരുണാകരന് കഴിഞ്ഞു. കോൺഗ്രസ് നയിച്ച ഐക്യ മുന്നണി 69 സീറ്റുമായി അധികാരത്തിലെത്തി. 1971 ൽ അദ്ദേഹം സി. അച്യുതമേനോൻ മന്ത്രിസഭയിലെ ആഭ്യന്തര വകുപ്പ് മന്ത്രിയായി സ്ഥാനമേറ്റു. ആക്കാലത്തായിരുന്നു രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. അടിയന്തരാവസ്ഥയ്ക്ക് ശേഷം നടന്ന 1977 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 38 സീറ്റുമായി കോൺഗ്രസ് അധികാരത്തിലെത്തി. പാർട്ടി നേതാവായിരുന്ന കരുണാകരൻ ആദ്യമായി മുഖ്യമന്ത്രിയായി.

Related posts

Leave a Comment