അർദ്ധരാത്രിയിൽ വിമുക്തഭടന്റെ വീടുകയറി പോലീസ് അതിക്രമം ; വാതിലും ജനൽച്ചില്ലുകളും തകർത്തതായി പരാതി

കൊല്ലം : എഴുകോൺ പോലീസ്‌ അർദ്ധരാത്രിയിൽ വിമുക്തഭടന്റെ വീടുകയറി അതിക്രമം കാട്ടിയതായി പരാതി. എഴുകോൺ അമ്പലത്തുംകാല സ്വദേശിയായ ഉദയകുമാറിന്റെ വീട്ടിലാണ് പോലീസ് അതിക്രമം കാണിച്ചത്. വീടിന് സമീപം നടന്ന ഒരു തർക്കവുമായി ബന്ധപ്പെട്ട് പ്രാദേശിക സിപിഎം നേതൃത്വത്തിന്റെ സമ്മർദംമൂലം ഉദയകുമാറിനും മക്കൾക്കുക്കെതിരെ പോലീസ് കേസെടുക്കുകയായിരുന്നു. ഇതിനെത്തുടർന്ന് പോലീസ് അറസ്റ്റ് ചെയ്യുവാൻ വീട്ടിലേക്ക് വരുകയും അസഭ്യം പറയുകയും അക്രമം കാട്ടികയും ആയിരുന്നു എന്നാണ് പരാതി. പോലീസിന്റെ അസഭ്യവർഷം സഹിക്കാൻ വയ്യാതെ ഉദയകുമാർ ഹൈക്കോടതിയിൽ നിന്നും അറസ്റ്റു തടയുവാൻ വേണ്ട ഉത്തരവ് വാങ്ങിയെങ്കിലും അതൊന്നും വകവെക്കാതെ പോലീസ് അർദ്ധരാത്രിയിൽ വീടുകയറി അതിക്രമം കാണിക്കുകയായിരുന്നു എന്നാണ് ഉദയകുമാർ പറയുന്നത്. വിമുക്തഭടന്റെ ഭാര്യയോടും പോലീസ് അപമര്യാദയായി പെരുമാറുകയും ഉണ്ടായി.

സംസ്ഥാനത്ത് പോലീസിന്റെ ഭാഗത്തുനിന്നുള്ള അതിക്രമങ്ങൾ വർദ്ധിച്ചു വരികയാണ്.സിപിഎമ്മിന്റെ പോഷക സംഘടനയായി കേരളത്തിലെ പോലീസ് സംവിധാനങ്ങൾ പ്രവർത്തിക്കുന്നുവെന്ന ആക്ഷേപം ശക്തമാകുന്ന കാലത്താണ് കൊല്ലത്ത് ഇത്തരമൊരു സംഭവം ആവർത്തിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് വിമുക്തഭടന്റെ കുടുംബം വലിയ മാനസിക സമ്മർദ്ദത്തിൽ ആണ്. ഹൈക്കോടതി അറസ്റ്റ് തടഞ്ഞെങ്കിലും പോലീസ് ഏതുവിധേനയും അവരെ കേസിൽ പെടുത്താനുള്ള നീക്കത്തിൽ ആണെന്നാണ് ആരോപണം. പോലീസ് സ്റ്റേഷനുമായി വീക്ഷണം ലേഖകൻ ബന്ധപ്പെട്ടപ്പോൾ ഇതുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് അവർക്ക് ലഭിച്ചിട്ടില്ലെന്നാണ് മറുപടി ലഭിച്ചത്.

Related posts

Leave a Comment