പൂവാറില്‍ നരവേട്ട, എസ്ഐക്കു സസ്പെന്‍ഷന്‍

തിരുവനന്തപുരം:പൂവാറില്‍ പോലീസിന്‍റെ നരനായാട്ട്. ക്രൂരമര്‍ദനത്തിനിരയായ യുവാവ് ആശുപത്രിയില്‍. മൂന്നാംമറയെക്കുറിച്ചു പോലീസ് തന്നെ നടത്തിയ അന്വേഷണത്തില്‍ പോലീസിന്‍റെ വീഴ്ച കണ്ടെത്തി, പൂവാര്‍ സബ് ഇന്‍സ്പെക്റ്ററെ സസ്പെന്‍ഡ് ചെയ്തു. ഇന്നലെ വൈകുന്നേരമാണ് സംഭവങ്ങള്‍ക്കു തുടക്കം.

പൂവാര്‍ ബോട്ട് ജെട്ടിക്കു സമീപം നില്‍ക്കുകയായിരുന്ന സുധീര്‍ഖാന്‍ എന്ന യുവാവിനാണ് പോലീസ് പീഡനം ഏല്‍ക്കേണ്ടിവന്നത്. ബോട്ട് ജെട്ടിക്കു ദൂരെ മാറി മൂത്രമൊഴിച്ചു നില്‍ക്കുമ്പോള്‍ പോലീസെത്തി തന്നെ വളഞ്ഞിട്ടു മര്‍ദിക്കുകയായിരുന്നു എന്നാണു സുധീര്‍ഖാന്‍റെ പരാതി. എന്തിനാണു മര്‍ദിക്കുന്നതെന്നു ചോദിച്ചപ്പോഴേക്കും വലിച്ചിഴച്ച് തന്നെ ജീപ്പില്‍ കയറ്റി. ജീപ്പിനുള്ളിലിട്ടും സ്റ്റേഷനിലെത്തിയ ശേഷവും മര്‍ദനം തുടര്‍ന്നു. തനിക്കെതിരേ ഒരു പരാതിയുമില്ലെന്നാണു സുധീര്‍ പറയുന്നത്. കാലിനും കൈക്കും പുറത്തും മര്‍ദനമേറ്റ പാടുകളുണ്ട്. പരുക്ക് സാരമുള്ളതാണെന്നു ഡോക്റ്റര്‍മാരും പറയുന്നു.

സംഭവത്തെത്തുടര്‍ന്ന് റൂറല്‍ എസ്‌പിയുടെ ഉത്തരവനുസരിച്ച് സ്പെഷ്യല്‍ ബ്രാഞ്ച് ഡിവൈ.എസ് പി പരാതി അന്വേഷിച്ചു. പോലീസിന്‍റെ ഭാഗത്തു നിന്നു ഗുരുതരമായ വീഴ്ച ഉണ്ടായെന്ന അന്വേഷണ റിപ്പോര്‍ട്ടിനെത്തുടര്‍ന്നാണ് പൂവാര്‍ എസ്ഐ ജെ. സനലിനെ സര്‍വീസില്‍ നിന്നു സസ്പെന്‍ഡ് ചെയ്തത്.

Related posts

Leave a Comment