മുഖ്യമന്ത്രിയെ വധിക്കാൻ ശ്രമിച്ചെന്ന പച്ചക്കള്ളം പറഞ്ഞ സിപിഎം നേതാക്കൾക്കെതിരെ കലാപ ആഹ്വാനത്തിന് കേസെടുക്കണം: വി.ഡി. സതീശൻ

  • സംസ്ഥാനം തന്നെ വിൽക്കുന്നവർ രക്തസാക്ഷി ഫണ്ട് തട്ടിവർക്കെതിരെ എങ്ങനെ നടപടിയെടുക്കും?

പയ്യന്നൂർ(കണ്ണൂർ): വിമാനത്തിനുള്ളിലെ പ്രതിഷേധവുമായി ബന്ധപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് ജാമ്യം അനുവദിച്ചുള്ള ഉത്തരവിൽ യുഡിഎഫ് പറഞ്ഞ കാര്യങ്ങൾ തന്നെയാണ് കോടതിയും ആവർത്തിച്ചിരിക്കുന്നതെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സർക്കാരിന് കോടതി ചോദിച്ച ചോദ്യങ്ങൾക്ക് മറുപടി നൽകാനായില്ല. പ്രതിഷേധം മാത്രമാണ് അവിടെ നടന്നതെന്നാണ് യുഡിഎഫും പറഞ്ഞത്. ഇതിന്റെ പേരിലാണ് മുഖ്യമന്ത്രിയെ വധിക്കാനും കലാപമുണ്ടാക്കാനും ശ്രമിച്ചെന്ന് ആരോപിച്ച് യൂത്ത് കോൺഗ്രസുകാർക്കെതിരെ കേസെടുത്തത്. മുഖ്യമന്ത്രിയെ വധിക്കാൻ ശ്രമിച്ചെന്ന് പറഞ്ഞ് കലാപാഹ്വാനം നടത്തിയത് സിപിഎം നേതാക്കളാണെന്നും സതീശൻ കുറ്റപ്പെടുത്തി.
അതിന്റെ പേരിൽ കേരളത്തിലെ കോൺഗ്രസ് ഓഫീസുകൾക്ക് നേരെ ബോംബ് എറിഞ്ഞതും കത്തിച്ചതും പ്രവർത്തകരെ ആക്രമിച്ചതും. പൊലീസ് മർദ്ദനത്തിൽ യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടയുടെ കണ്ണ് തകർന്നു. നൂറിലധികം പ്രവർത്തകർ പരുക്കേറ്റ് ആശുപത്രിയിലാണ്. കെ.പി.സി.സി ഓഫീസിലേക്കും പ്രതിപക്ഷ നേതാവിന്റെ വസതിയിലേക്കും അക്രമികളെ വിട്ടു. കലാപാഹ്വാനം നടത്തിയ സി.പി.എം നേതാക്കളാണ് ഈ അക്രമങ്ങൾക്കെല്ലാം ഉത്തരവാദികൾ. അവർക്കെതിരെ കേസെടുക്കണം. മുഖ്യമന്ത്രിയും സി.പി.എമ്മും എത്തിച്ചേർന്നിരിക്കുന്ന അപമാനകരമായ അവസ്ഥയിൽ നിന്നും ശ്രദ്ധതിരിക്കുന്നതിന് വേണ്ടി നടത്തിയ ഗൂഡാലോചനയെ തുടർന്നാണ് സംസ്ഥാന വ്യപകമായി കലാപമുണ്ടാക്കിയത്.
എം.വി രഘവനെ ട്രെയിനിൽ ആക്രമിച്ചതും കരി ഓയിൽ ഒഴിച്ചതും സിപിഎമ്മാണ്. മുഖ്യമന്ത്രിയെയും മന്ത്രിമാരെയും വഴിയിൽ തയുമെന്ന് തീരുമാനിച്ചതും അവരാണ്. മട്ടന്നൂരിൽ ബസ് കത്തിച്ച് നാല് പേരെ കൊലപ്പെടുത്തിയ പാർട്ടിയും സിപിഎമ്മാണ്. ഞങ്ങളെയൊക്കെ ഭീഷണിപ്പെടുത്താൻ പാർട്ടിയുടെ തലപ്പത്ത് സിപിഎം ഗുണ്ടകളെയും ക്രിമിനലുകളെ നിയോഗിച്ചിരിക്കുകയാണ്. അതൊക്കെ കണ്ട് പേടിച്ചോടില്ല. ഇതൊക്കെ കേൾക്കുമ്പോൾ പൊലീസുകാർക്കിടയിലേക്ക് ഓടിയൊളിക്കുന്നത് മുഖ്യമന്ത്രിയാണെന്നു സതീശൻ പരിഹസിച്ചു.
പയ്യന്നൂരിൽ രക്തസാക്ഷി ഫണ്ട് അടിച്ചുമാറ്റിയെന്ന വിവാദത്തിൽ നിന്നും ശ്രദ്ധതിരിക്കാനാണ് ഗാന്ധി പ്രതിമയുടെ തലയറുത്തത്. എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും നാണക്കേടുണ്ടാക്കുന്നതാണ് രക്തസാക്ഷി ഫണ്ട് അടിച്ചു മാറ്റൽ. രക്തസാക്ഷിക്ക് വേണ്ടി പൊതുജനങ്ങളുടെ പണം പിരിച്ചിട്ട് ആഭ്യന്തരകാര്യമാണെന്ന് പറയാനാകില്ല. അതിനെതിരെ പൊലീസ് അന്വേഷണം നടത്തണം. ഇതിനെ ന്യായീകരിച്ച സി.പി.എം, പരാതി നൽകിയ ആൾക്കെതിരെ നടപടി എടുത്തു എന്നത് തന്നെ വിചിത്രമാണ്. ഇതാണ് പാർട്ടിയിൽ നടക്കുന്ന നീതി. കൊള്ളക്കാരനെയും അഴിമതിക്കാരെയും രക്തസാക്ഷി ഫണ്ട് അടിച്ചുമാറ്റുന്നവനെയുമൊക്കെ ചേർത്ത് നിർത്തുകയാണ്. ഇത്തരക്കാർക്കെതിരെ നടപടി എടുക്കാൻ നേതൃത്വത്തിൽ ഇരിക്കുന്നവർക്ക് സാധിക്കില്ല. ഇവരേക്കാൾ കുഴപ്പക്കാരാണ് അവിടെ ഇരിക്കുന്നത്. അവർ സംസ്ഥാനം തന്നെ അടിച്ച് മാറ്റിക്കൊണ്ടിരിക്കുകയാണ്. എം.എൽ.എയ്‌ക്കെതിരെയാണ് ഗുരുതര ആരോപണം ഉർന്നിരിക്കുന്നത്. അദ്ദേഹത്തെ സെക്രട്ടേറിയറ്റിൽ നിന്നും ജില്ലാ കമ്മിറ്റിയിലേക്ക് മാറ്റിയാൽ പരിഹരിക്കപ്പെടുന്ന പ്രശ്‌നമല്ലിത്. സത്യസന്ധരായ ആളുകൾക്കൊന്നും സി.പി.എമ്മിൽ രക്ഷയില്ല. അവർ വ്യാപകമായി ക്രിമിനലുകളെ പ്രോത്സാഹിപ്പിക്കുകയാണ്.

പയ്യന്നൂർ ഗാന്ധി പ്രതിമയ്ക്കു നേരെ സി.പി.എം നടത്തിയ ആക്രമണം ഹൃദയഭേദകമാണ്. കണ്ടിരിക്കാൻ പോലും കഴിയുന്നില്ല. ഗാന്ധിഘാതകർ ഗാന്ധിയോടുള്ള വിരോധം തീരാതെ ഇപ്പോഴും അദ്ദേഹത്തിന്റെ ബോർഡുകളിലെക്കും ചിത്രങ്ങളിലേക്കും നിറയൊഴിക്കുകയാണ്. ഈ ഗാന്ധിഘാതകരും കേരളത്തിലെ സി.പി.എമ്മുകാരും തമ്മിൽ വ്യത്യാസമില്ല. സംഘപരിവാർ പോലും ചെയ്യാത്ത തരത്തിലുള്ള ഗാന്ധിനിന്ദയാണ് സി.പി.എം കാട്ടുന്നത്. കണ്ണൂരിൽ തകർക്കപ്പെട്ട ഓഫീസുകളിലെ ഗാന്ധി ചിത്രങ്ങൾ വലിച്ച് താഴെയിട്ട് ചവിട്ടിപ്പൊട്ടിച്ചു. ഇതെല്ലാം സംഘപരിവാറുമായി കേരളത്തിലെ സി.പി.എം അടുക്കുന്ന എന്നതിന്റെ അടയാളങ്ങളാണ്.

പിണറായി സർക്കാരിന്റെ കാലത്ത് അവതാരങ്ങളെ മുട്ടി നടക്കാൻ പറ്റുന്നില്ല. പത്താമത്തെ അവതാരമായാണ് അനിത പുല്ലയിൽ എത്തിയിരിക്കുന്നത്. അവതാരങ്ങൾ എവിടെയും പോയി ഇരിക്കും. മുഖ്യമന്ത്രിക്കൊപ്പം സ്റ്റേജിൽ കയറി ഇരിക്കാത്തത് ഭാഗ്യം. ഇപ്പോൾ സി.പി.എം എതിർക്കുന്ന സ്വപ്‌ന സുരേഷിനെ എല്ലാ വേദയിലും കൊണ്ടു നടന്നത് ഈ സർക്കാരാണ്. സർക്കാരിന് അനുകൂലമായ വെളിപ്പെടുത്തൽ നടത്താനാണ്, സ്വർണക്കടത്ത് കേസിലെ മറ്റൊരു പ്രതിയായ ശിവശങ്കറിന് പുസ്തകം എഴുതാൻ അനുമതി നൽകിയത്. എന്നാൽ അതേ കേസിലെ മറ്റൊരു പ്രതിയായ സ്വപ്ന കോടതിയിൽ വെളിപ്പെടുത്തൽ നടത്തിയതിനാണ് കലാപ ആഹ്വാനത്തിന് കേസെടുത്തത്. ശിവശങ്കറിനെ സർവീസിൽ തിരിച്ചെടുക്കുകയും സ്വപ്നയെ ഇടനിലക്കാരെ വിട്ട് ഭീഷണിപ്പെടുത്തുകയും ചെയ്തു. സ്വപ്‌നയുടെ വെളിപ്പെടുത്തലിൽ സർക്കാരിന് ഭീതിയും വെപ്രാളവുമാണ്. അതുകൊണ്ടാണ് നിയമപരമായ മാർഗങ്ങൾ തേടാതെ പേടിച്ചോടുന്നത്. മടിയിൽ കനമില്ലാത്തവർ എന്തിനാണ് ഭയക്കുന്നത്. കേന്ദ്ര ഏജൻസികൾ അന്വേഷിക്കാത്തതിനാലാണ് സ്വപ്‌ന സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടിരിക്കുന്നത്. അതിൽ തെറ്റില്ല. മുഖ്യമന്ത്രിക്ക് ധൈര്യമുണ്ടെങ്കിൽ സോളാർ കേസ് സി.ബി.ഐക്ക് വിട്ടത് പോലെ ഈ കേസും സി.ബി.ഐയെ കൊണ്ട് അന്വേഷിപ്പിക്കണം.

ബാലുശേരിയിലെ ആൾക്കൂട്ട ആക്രമണത്തിന് പിന്നിൽ എസ്ഡിപിഐ ആണെന്നാണ് ആദ്യം പറഞ്ഞത്. പിന്നീട് ലീഗ്കാരണെന്ന് പറഞ്ഞു. ഇപ്പോൾ പറയുന്നു ആക്രമിക്കപ്പെട്ടയാൾക്കെതിരെ ഡിവൈഎഫ്ഐക്കാരനാണ് പരാതി നൽകിയതെന്ന്. ഈ സംഭവത്തിൽ ദുരൂഹതയുണ്ട്. അതേക്കുറിച്ച് പൊലീസ് അന്വേഷിക്കണണെന്നും സതീശൻ ആവശ്യപ്പെട്ടു.

Related posts

Leave a Comment