വർക്കല: കൊലക്കേസ് പ്രതിയെ തിരഞ്ഞ് പോയ പോലീസ് സംഘത്തിന്റെ വള്ളം കായലിൽ മുങ്ങി ഒരു പോലീസുകാരൻ മരിച്ചു. വർക്കല പോലീസ് എസ്.എച്ച്.ഒ പ്രശാന്തിന്റെ നേതൃത്വത്തിലുള്ള നാലംഗ പോലിസ് സംഘമാണ് കഴിഞ്ഞ ദിവസം വള്ളത്തിൽ സഞ്ചരിക്കവേ വള്ളം കായലിൽ മുങ്ങി ഒരു പോലീസുകാരൻ മരിച്ചത്. തിരുവനന്തപുരം എസ്.എ.പി ക്യാമ്പിലെ ബാലു(27)ആണ് മരിച്ചത്. ആലപ്പുഴ പുന്നപ്ര ആലിശ്ശേരിൽ കാർത്തികയിൽ ഡി സുരേഷിന്റെയും അനിലാ സുരേഷിന്റെയും മകനാണ് ബാലു അവിവാഹിതനാണ്. ശിവഗിരി തീർത്ഥാടനം പ്രമാണിച്ചു ക്യാമ്പിൽ നിന്നും പ്രത്യേക ഡ്യൂട്ടിക്ക് ചുമതലപ്പെടുത്തിയതിനെ തുടർന്നാണ് ബാലു വർക്കല പോലിസ് സ്റ്റേഷനിൽ എത്തിയത്. സർക്കിൾ ഇൻസ്പെക്ടറും ഒപ്പം ഉണ്ടായിരുന്ന രണ്ട് പോലിസ് ഉദ്യോഗസ്ഥരും വള്ളം തുഴഞ്ഞിരുന്ന ആളും നീന്തി രക്ഷപെട്ടു. കായൽക്കരയിൽ തൊഴിലുറപ്പ് ജോലിയിൽ ഏർപ്പെട്ടിരുന്ന സ്ത്രീകളുടെ നില വിളി കേട്ട് നാട്ടുകാരും രക്ഷാ പ്രവർത്തനത്തിന് ഓടികൂടുകയുണ്ടായി. ശനിയാഴ്ച ഉച്ചക്ക് മുമ്പായാണ് അകത്തുമുറി കായലിൽ പണയിൽ കടവ് പാലത്തിനു സമീപം അപകടം നടന്നത്. കായലിലെ ചളിയിൽ താഴ്ന്നു പോയ ബാലുവിനെ ഏകദേശം ഒരു മണിക്കൂർ നേരത്തെ തിരച്ചിലിന് ശേഷമാണ് കണ്ടെത്തിയത്. ഗുരുതരാവസ്ഥയിലായിരുന്ന ബാലുവിനെ ഉടൻ വർക്കല ശിവഗിരി ശ്രീ നാരായണ മെഡിക്കൽ മിഷൻ ആശുപത്രി ഐ. സി.യു.വിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കുവാനായില്ല. ചെറുന്നിയൂർ അകത്തുമുറി വക്കം റോഡിലാണ് പണയിൽക്കടവ് പാലം. ചെറുന്നിയൂർ ഭാഗം വർക്കല പോലിസ് സ്റ്റേഷൻ പരിധിയിൽപ്പെട്ടതാണ്. വർക്കല സി.ഐ പ്രശാന്തിന്റെ നേതൃത്വത്തിൽ പണയിൽക്കടവ് പാലത്തിനു സമീപമെത്തിയ നാലംഗ പോലിസ് സംഘം സമീപത്തെ യന്ത്രവൽകൃത വള്ളത്തിൽ കരയോട് ചേർന്നു സഞ്ചരിക്കവേയാണ് വള്ളത്തിൽ വെള്ളം കയറിയതും മറിഞ്ഞതും. പോത്തൻകോട് സുധീഷ് കൊലപതാക കേസിലെ രണ്ടാം പ്രതി ഒട്ടകം രാജേഷ് അകത്തുമുറി കായൽ തീരത്ത് ഒളിവിൽ കഴിയുന്നതായുള്ള വിവരം ലഭിച്ചതിനെ തുടർന്ന് രാജേഷിനെ അന്വേഷിച്ചു ഇറങ്ങിയതാണ് വർക്കലയിൽ നിന്നുമുള്ള പോലീസ് സംഘം.
പ്രതിയെ തിരഞ്ഞ് പോയ പോലീസ് സംഘത്തിന്റെ വള്ളം മറിഞ്ഞ് ; പോലീസുകാരൻ മരിച്ചു
