പൊലീസ് ഗുണ്ടായിസം അവസാനിപ്പിക്കണം: കെ റെയിൽ വിരുദ്ധ ജനകീയ സമിതി

തിരുവനന്തപുരം: കേന്ദ്ര സർക്കാരിൻ്റെയോ റെയിൽവേ ബോർഡിൻ്റെയോ അനുമതിയില്ലാതെ കെ റയിൽ, സിൽവർ ലൈൻ പദ്ധതി പ്രവർത്തനങ്ങളുമായി സർക്കാർ മുന്നോട്ടുപോകുന്നത് നിയമവിരുദ്ധമാണെന്ന് കെ റെയിൽ വിരുദ്ധ ജനകീയ സമിതി. ഇതിനെ ചോദ്യം ചെയ്തുകൊണ്ട് സമര സമിതി പ്രവർത്തകർ സമർപ്പിച്ച ഹർജിയിൽ ഹൈക്കോടതി കെറയിൽ കോർപ്പറേഷനോടും സംസ്ഥാന സർക്കാരിനോട് വിശദീകരണം ചോദിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിലും പദ്ധതി പ്രവർത്തനങ്ങളുമായി നിയമവ്യവസ്ഥയെ വെല്ലുവിളിച്ചുകൊണ്ടാണ് സർക്കാർ മുന്നോട്ട് പോകുന്നത്.നിയമങ്ങളും ചട്ടങ്ങളും കാറ്റിൽപറത്തി ഭൂസർവേക്ക് എത്തിയ ഉദ്യോഗസ്ഥർക്കെതിരെ ജനാധിപത്യപരമായി സമരം ചെയ്ത സാധാരണക്കാരായ ജനങ്ങളെയും സമരസമിതി അംഗങ്ങളെയും പൊലീസ് അന്യായമായി കസ്റ്റഡിയിൽ എടുത്തതിൽ സമരസമിതി പ്രതിഷേധം രേഖപ്പെടുത്തി.

പാരിസ്ഥിതികമായും സാമ്പത്തികമായും സാമൂഹ്യമായും കേരളത്തെ തകർക്കുന്ന നിർദ്ദിഷ്ട സിൽവർ ലൈൻ പദ്ധതിയിൽനിന്ന് സർക്കാർ പിൻമാറണമെന്ന് കേരള സമൂഹം ഒന്നാകെ ആവശ്യപ്പെട്ടു കൊണ്ടിരിക്കുകയാണ്. ഒരുലക്ഷത്തിലേറെ ജനങ്ങളെ കുടിയിറക്കുന്ന പദ്ധതിയുടെ ഗുണം ലഭിക്കുക വിരലിലെണ്ണാവുന്ന അതിസമ്പന്നർക്ക് മാത്രം ആയിരിക്കുമെന്നും പദ്ധതിയെപ്പറ്റി പഠനം നടത്തിയവർ പറയുന്നു. ഇതിനായി വൻതോതിൽ വായ്പ എടുക്കുന്നത് നിലവിൽ തന്നെ പ്രതിസന്ധിയിലായ സംസ്ഥാനത്തിൻ്റെ സാമ്പത്തിക സ്ഥിതിയെ കരകയറാൻ ആകാത്ത ദുരന്തത്തിലേക്ക് ആവും തള്ളിയിടുക. ഇക്കാര്യങ്ങൾ മനസ്സിലാക്കി പദ്ധതിയിൽ നിന്ന് പിൻമാറണമെന്ന് ആവശ്യപ്പെടുന്നവരെ വികസന വിരുദ്ധരായി മുദ്രകുത്തി സമരത്തെ തകർക്കാൻ നടത്തുന്ന തന്ത്രങ്ങൾ വിലപ്പോകില്ല. കക്ഷിരാഷ്ട്രീയത്തിനെതിരായ ജനസമരങ്ങളെ ഇല്ലാതാക്കുവാൻ പൊലീസിൻ്റെ കയ്യൂക്ക് ഉപയോഗിച്ചാൽ സർക്കാർ അതിന് വലിയ വില നൽകേണ്ടി വരുമെന്ന് ചെയർമാൻ എംപി ബാബുരാജ് മുന്നറിയിപ്പ് നൽകി.

Related posts

Leave a Comment