അന്വേഷണ സംഘമെത്തിയത് ഗേറ്റ് ചാടിക്കടന്ന് ; ദിലീപിന്റെ വീട്ടിൽ ക്രൈംബ്രാഞ്ച് മണിക്കൂറുകളോളം റെയ്ഡ് നടത്തി

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട് റെയ്ഡിനെത്തിയ ക്രൈംബ്രാഞ്ച് സംഘം ദിലീപിന്റെ വീട്ടിലെത്തിയത് നാടകീയമായി. 11.30-ഓടെ ആലുവ പാലസിനടുത്തുള്ള ദിലീപിന്റെ പത്മസരോവരം എന്ന വീട്ടിലെത്തിയ അന്വേഷണ ഉദ്യോഗസ്ഥൻ ഗേറ്റ് ചാടിക്കടന്നാണ് ആദ്യം വീട്ടിൽ പ്രവേശിച്ചത്. ഗേറ്റിൽ നിന്നും നോക്കിയാൽ നേരിട്ട് കാണാനാകാത്ത വിധത്തിലാണ് വീട്. അതിനാൽ, റെയ്ഡിനെത്തിയ സംഘത്തിലെ ഉദ്യോഗസ്ഥരിലൊരാൾ ഗേറ്റ് ചാടിക്കടക്കുകയായിരുന്നു. പിന്നീട് ദിലീപിന്റെ സഹോദരിയെത്തി ഗേറ്റ് തുറന്ന് മറ്റുള്ളവരെ അകത്ത് പ്രവേശിപ്പിച്ചു. ക്രൈംബ്രാഞ്ച് എസ്.പി. മോഹനചന്ദ്രന്റെ നേതൃത്വത്തിലുള്ള 20 അംഗ സംഘമാണ് റെയ്ഡ് നടത്തുന്നത്. ദിലീപിന്റെ നിർമാണക്കമ്പനിയും സഹോദരൻ അനൂപിന്റെ വീടും ഉൾപ്പെടെയുള്ള ഇടങ്ങളിൽ റെയ്ഡ് നടക്കുന്നുണ്ട്. അന്വേഷണഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ദിലീപും ബന്ധുക്കളും ഗൂഢാലോചന നടത്തിയെന്നത് ഉൾപ്പെടെയുള്ള വെളിപ്പെടുത്തലുകളാണ് സംവിധായകൻ ബാലചന്ദ്രകുമാർ നടത്തിയിരുന്നത്. പത്മസരോവരത്തിലാണ് ഗൂഢാലോചന പ്രധാനമായും നടന്നതെന്നാണ് ഇദ്ദേഹത്തിന്റെ മൊഴി. കൂടുതൽ തെളിവുകൾ ശേഖരിക്കുന്നതിനായാണ് വിവിധയിടങ്ങളിൽ റെയ്ഡ് നടത്തുന്നത്.

Related posts

Leave a Comment