പൊലീസിനു നിയന്ത്രണം നഷ്ടമായി, ആർക്കും ആരെയും കൊല്ലാമെന്ന സ്ഥിതി, ഭയാനകം: സതീശൻ

തിരുവനന്തപുരം: ആർക്കും ആരെയും കൊല്ലാമെന്ന സ്ഥിതിയാണ് കേരളത്തിലെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ. പ്രതിപക്ഷം സഭയിൽ ഉന്നയിച്ച ആരോപണങ്ങൾക്ക് അടിവരയിടുന്നതാണ് ഇന്ന് തിരുവനന്തപുരത്ത് നടന്ന കൊലപാതകമെന്നും അദ്ദേഹം ആരോപിച്ചു. തമ്പാനൂരിൽ

ജീവനക്കാരൻ കുത്തേറ്റു മരിച്ച ഹോട്ടൽ‌ സന്ദർശിച്ച ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗുണ്ടാ സംഘങ്ങളെ തുറന്ന് വിട്ടിരിക്കുകയാണ്. മുഖ്യമന്ത്രിയുടെ മൂക്കിന് താഴെയാണ് അക്രമ സംഭവങ്ങൾ നടക്കുന്നത്. മുഖ്യമന്ത്രി യാഥാർത്ഥ്യം മനസ്സിലാക്കണം. ഗുണ്ടകളെ അകത്താക്കണം. മുഖ്യമന്ത്രി ദുരഭിമാനം വെടിയണമെന്നും വി ഡി സതീശൻ ആവശ്യപ്പെട്ടു.

തിരുവനന്തപുരം നഗരത്തെ ഞെട്ടിച്ച് ഇന്ന് പട്ടാപ്പകലാണ് അരുംകൊല നടന്നത്. ഹോട്ടൽ സിറ്റി ടവറിലെ റിസപ്ഷിനിസ്റ്റായ തമിഴ്നാട് സ്വദേശി അയ്യപ്പനെയാണ് രാവിലെ എട്ടരയോടെ ബൈക്കിലെത്തിയ ആൾ വെട്ടി കൊലപ്പെടുത്തിയത്. രാവിലെ അയ്യപ്പനും ഒരും റൂം ബോയും മാത്രമാണ് ഹോട്ടലിലുണ്ടായത്. മാലിന്യം കളയാനായി റൂം ബോയ് അകത്തേക്ക് പോയ സമയത്തായിരുന്നു സംഭവം നടന്നത്. എട്ടരയോടെ ബൈക്കിലെത്തിയ അക്രമി ബൈക്ക് പാർക്ക് ചെയ്ത ശേഷം വെട്ടുകത്തിയുമായി ഹോട്ടലിലേക്ക് കയറി. റിസപ്ഷനിലുണ്ടായിരുന്ന അയ്യപ്പനെ തലങ്ങും വിലങ്ങും വെട്ടി. റൂം ബോയ് തിരിച്ചെത്തിയപ്പോഴാണ് അയ്യപ്പനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. അക്രമത്തിൻറെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. നാല് വർഷത്തോളമായി ഹോട്ടലിലെ ജീവനക്കാരനാണ് അയ്യപ്പൻ. കൊവിഡ് സമയത്ത് നാട്ടിലേക്ക് പോയ ഇയാൾ ഒൻപത് മാസം മുമ്പാണ് തിരിച്ചെത്തിയത്.

പ്രതിയെ പൊലീസ് പിടികൂടിയിട്ടുണ്ട്. നെടുമങ്ങാട് കല്ലിയോട് സ്വദേശി അജീഷിനെയാണ് സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ മണിക്കൂറുകൾക്കുള്ളിൽ പൊലീസ് പിടികൂടിയത്. ഒരാഴ്ച മുമ്പ് ഹോട്ടലിൽ മുറിയെടുക്കാൻ എത്തിയപ്പോൾ റിസപ്ഷനിസ്റ്റായ അയ്യപ്പനുമായി ഇയാൾ തർക്കമുണ്ടാക്കിയിരുന്നു. ഇതിന്റെ വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് വിവരം. കൊലപാതകത്തിന് ശേഷം ആയുധവുമായി നെടുമങ്ങാട് എത്തിയ ഇയാളെ ഒരു പാലത്തിൽ ഇരിക്കുമ്പോഴാണ് അറസ്റ്റ് ചെയ്തത്. നെടുമങ്ങാട് പൊലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റിലുള്ളയാളാണ് അജീഷ്. കൊലക്ക് ഉപയോഗിച്ച ആയുധവും ലഭിച്ചു. നേരത്തെയും പല കേസുകളിൽ പ്രതിയായ ഇയാളെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്.

Related posts

Leave a Comment