പെറ്റി പൊലീസ് ഇനി വീടുകളിലേക്കും

*ലോക്ഡൗണും രാത്രി കർഫ്യുവും തുടരും

തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി പൊതുജനങ്ങളുടെ പോക്കറ്റ് കൊള്ളയടിച്ച പൊലീസ്, പിഴ ഈടാക്കാനായി ഇനി വീടുകളിലേക്കുമെത്തും. നേരത്തെ അത്യാവശ്യകാര്യങ്ങൾക്ക് വേണ്ടി റോഡിലിറങ്ങിയവരിൽ നിന്നാണ് പൊലീസ്
പിഴ ഈടാക്കിയതെങ്കിൽ ഇനി വീട്ടിലുള്ളവരിൽ നിന്നും ഫൈനടിക്കണമെന്നാണ് പിണറായി സർക്കാരിന്റെ നിർദ്ദേശം. കോവിഡ് ബാധിതരായവർ വീടുകളിൽ തന്നെ ക്വാറന്റയ്നിൽ കഴിയുന്നുണ്ടോയെന്ന് ഉറപ്പാക്കാനാണ് പൊലീസിനെ അയക്കുന്നത്. വീടുകളിലായാലും ക്വാറന്റയ്ൻ ലംഘിക്കുന്നവരെ കണ്ടെത്തിയാൽ അവർക്കെതിരെ കേസ് എടുക്കും. ഇത്തരം ആൾക്കാരെ പിന്നീട് വീടുകളിൽ തുടരാൻ അനുവദിക്കില്ല. അവരെ സി.എഫ്.എൽ.ടി.സിയിലേയ്ക്ക് മാറ്റും. പോസിറ്റീവ് ആയവരുടെ വീടുകൾ
തോറുമുള്ള ഇത്തരം പരിശോധനയ്ക്ക് പോലീസിന്റെ മോട്ടോർ സൈക്കിൾ പട്രോൾ സംഘത്തെയാണ് നിയോഗിക്കുന്നത്. പൊലീസിന്റെ ക്രൂരകൃത്യങ്ങളിൽ പൊറുതി ജനങ്ങളെ പൊറുതി മുട്ടിയിരിക്കുമ്പോഴാണ് പരിശോധനയുടെ പേരിൽ ഓരോ വീടുകളിലേക്കും പൊലീസിനെ അയക്കാനുള്ള തീരുമാനം. ഇത് വരും ദിവസങ്ങളിൽ വലിയ പ്രതിഷേധത്തിന് വഴിവെയ്ക്കുമെന്ന് ഉറപ്പാണ്.
വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവർ പുറത്തിറങ്ങരുത് എന്ന നിർദേശം കർശനമായി നടപ്പാക്കുമെന്ന് അവലോകന യോഗത്തിന് ശേഷമുള്ള വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അത്തരക്കാരിൽ നിന്നും പിഴ ഈടാക്കുക മാത്രമല്ല. അവരുടെ സ്വന്തം ചെലവിൽ  ക്വാറന്റയിനിലേക്ക് മാറ്റുകയും ചെയ്യും.  അത് നേരത്തെ കഴിഞ്ഞ വീടല്ല. അതത് സ്ഥലത്ത് ഏർപ്പെടുത്തുന്ന ക്വാറന്റയിൽ കേന്ദ്രത്തിൽ ആകുമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി.
അതേസമയം, ആരോഗ്യ വിദഗ്ധർ എതിർത്തിട്ടും ഞായറാഴ്ച ലോക്ഡൗണും എല്ലാദിവസവും രാത്രികാല കർഫ്യൂവും തുടരാനാണ് സർക്കാരിന്റെ തീരുമാനം. വാക്സിനേഷൻ പൂർത്തിയായാലും കോവിഡ് പൂർണമായും വിട്ടുപോകില്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നിയന്ത്രണങ്ങൾ തുടരുന്നതെന്ന്  മുഖ്യമന്ത്രി അറിയിച്ചു. നിയന്ത്രണം തുടരണോയെന്നത് സംബന്ധിച്ച് അടുത്ത ആഴ്ച വീണ്ടും ആലോചിക്കും.

Related posts

Leave a Comment