പോലീസ് പിഴിച്ചില്‍ തുടരും, ഇതുവരെ ഊറ്റിയത് 84.5 കോടി

കൊച്ചിഃ സംസ്ഥാനത്ത് കോവിഡ് കാലത്ത് പോലീസ് പതുജനങ്ങളെ ഊറ്റിപ്പിഴിഞ്ഞത് 84.5 കോടി രൂപ. ഒന്നാം തരംഗം മുതലുള്ള കണക്കാണിത്. പ്രതിദിനം പതിനായിരം കേസുകളെങ്കിലും ശിക്ഷിക്കപ്പെടുന്നു എന്നാണ് കേരളത്തിലെ കണക്ക്. ഓരോ സ്റ്റേഷനും വരുമാനം സംബന്ധിച്ച് ജില്ലാ പോലീസ് മേധാവികള്‍ വിഹിതം നിശ്ചയിക്കുന്നതാണ് സാധരണക്കാരെ ഊറ്റിപ്പിഴിയാന്‍ കാരണമെന്നു പോലീസ് തന്നെ സമ്മതിക്കുന്നു. ക്രമസമാധാന പാലനത്തിനു ചുമതലപ്പെട്ട പോലീസ് ഉദ്യോഗസ്ഥര്‍ പിരിവിനു മാത്രമാണു മുന്തൂക്കം നല്‍കുന്നതെന്നും ആക്ഷേപമുണ്ട്.

കോവിഡ് കേസുകള്‍ പിന്‍വലിക്കുന്നതു സംബന്ധിച്ച് അഭിപ്രായമാരാഞ്ഞ കേന്ദ്ര സര്‍ക്കാരിനോട് കേരളം വിയോജിച്ചു. കോവിഡിന്‍റെ മറവിലുള്ള കേസ് പിന്‍വലിക്കാനാവില്ലെന്ന് സംസ്ഥാനം കേന്ദ്രത്തെ അറിയിച്ചു. പെറ്റി കേസുകളുടെ എണ്ണം വല്ലാതെ വര്‍ധിച്ച സാഹചര്യത്തില്‍ കോവിഡ് പ്രോട്ടോകോള്‍ ലംഘനത്തിന്‍റെ പേരില്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ പിന്‍വലിക്കാമോ എന്ന കേന്ദ്ര സര്‍ക്കാരിന്‍റെ ചോദ്യത്തിനു പറ്റില്ല എന്നാണു സംസ്ഥാന സര്‍ക്കാര്‍ മറുപടി നല്‍കിയത്. കോവിഡിന്‍റെ മറവില്‍ ജനങ്ങളെ കൊള്ളയടിക്കാന്‍ പറ്റിയ വഴിയാണ് ഇത്തരം കേസുകളെന്നും സര്‍ക്കാര്‍ കരുതുന്നു. പ്രതിദിനം ഒരു കോടി രൂപ വരെ പിഴയായി ഈടാക്കുന്ന സാഹചര്യത്തില്‍ അതൊഴിവാക്കാനാകില്ലെന്നാണ് മുഖ്യമന്ത്രി ഇന്നു നിയമസഭയിലും വ്യക്തമാക്കിയത്.

അതേ സമയം, സാധാരക്കാരുടെ മേല്‍ പോലീസിന്‍റെ കടന്നാക്രമണം തുടരുകയാണ്. കഴിഞ്ഞ ദിവസം തിരുവല്ലയ്ക്കു സമീപം കുറ്റൂരില്‍ സിപിഎം നേ‌താക്കളും പഞ്ചായത്ത് പ്രസിഡന്‍റും ചേര്‍ന്ന് ഒരു വയോധികനെ ആക്രമിച്ചു കൈ തല്ലിയൊടിച്ചു. ഈ സമയത്ത് സ്ഥലത്ത് പോലീസ് ഉണ്ടായിരുന്നെങ്കിലും പ്രതികളുടെ രാഷ്‌ട്രീയ സ്വാധീനം കണക്കിലെടുത്ത് ഒരു നടപടിയും സ്വീകരിച്ചില്ലെന്നു പരുക്കേറ്റ രാമന്‍ എന്നയാള്‍ പരാതിപ്പെട്ടു. ഇദ്ദേഹത്തിന്‍റെ ഗര്‍ഭിണായായ മരുമകള്‍ ആക്രമണം കണ്ടു ഭയന്നു ബോധമറ്റുവീണു. ഇവരെ ആശുപത്രിയിലെത്തിക്കാന്‍ പോലൂം പോലീസ് സഹായം ലഭിച്ചില്ല. അതേ സമയം, എംസി റോഡിലടക്കം പോലീസിന്‍റെ വാഹന പരിശോധന കര്‍ശനമാണ്.

തിരുവനന്തപുരം കഴക്കൂട്ടത്ത് വീട്ടു മുറ്റത്ത് നില്‍ക്കുകയായിരുന്ന ഷിബു കുമാര്‍ എന്നയാളെ ഒരു പ്രകോപനവുമില്ലാതെ പോലീസ് തല്ലിച്ചതച്ചു. ഏതോ പ്രതിയെ പിടികൂടാനെത്തിയ പോലീസ് വീട്ടു മുറ്റത്തു നിന്നവരെപ്പോലും അടിച്ചോടിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ചതായി ഷിബു കുമാര്‍ പറയുന്നു. പുറത്തും കാലിനും ലാത്തിയടിയേറ്റ ഷിബുകുമാര്‍ മുഖ്യമന്ത്രിക്കും പോലീസ് മേധാവിക്കും പരാതി അയച്ചു.

വയനാട്ടില്‍ ആദിവാസി മൂപ്പനെയും മകനെയും പോലീസ് കൈയേറ്റം ചെയ്ത സംഭവവും പോലീസിന്‍റെ കിരാതവാഴ്ചയ്ക്ക് ഉദാഹരണം. ഇത്തരം അതിക്രമങ്ങള്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ഇന്നു സഭയില്‍ ഉന്നയിച്ചപ്പോഴാണ് പോലീസിനെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്തെത്തിയത്. പോലീസ് നടത്തുന്ന കോവിഡ് കൊള്ള ഇനിയും തുടരുമെന്നാണ് മുഖ്യമന്ത്രി സഭയില്‍ പറഞ്ഞത്. പ്രതിദിനം പതിനായിരത്തിലധികം കേസ് രജിസ്റ്റര്‍ ചെയ്ത് ഒരു ലക്ഷം രൂപ മുതല്‍ ഒരു കോടി രൂപ വരെയാണ് പുഴ ചുമത്തുന്നത്. പശുവിനു പുല്ലരിയാന്‍ പോയ കര്‍ഷക തൊഴിലാളിയും പെട്രോള്‍ പമ്പില്‍ പ്രാഥമികകൃത്യത്തിനു പോയ ഓട്ടോ റിക്ഷ ഡ്രൈവറും വലിയ പിഴ കൊടുക്കേണ്ടിവന്നു. ചെറിയ കുറ്റങ്ങള്‍ക്കു പോലും വലിയ പിഴ ചുമത്തിയ ശേഷം അതില്‍ ചെറിയ ഇളവ് നല്‍കി രസീത് പോലും നല്‍കാതെ ചില പോലീസ് ഉദ്യോഗസ്ഥര്‍ തെരുവുഗൂണ്ടകളെപ്പോലെ കൊള്ളയടിക്കുകയാണെന്നുമുണ്ട് ആക്ഷേപം. ആയിരം രൂപ വരെയുള്ള ശിക്ഷകളാണ് പോലീസ് ചെറിയ വിട്ടുവീഴ്ചകളോടെ ഒതുക്കിത്തീര്‍ക്കുന്നത്. വലിയ തുക പിഴ ചുമത്തി കേസ് കോടതിയിലേക്കു റഫര്‍ ചെയ്യുന്നവരും കുറവല്ല. ജോലിയും വരുമാനവുമില്ലാതെ കഷ്ടപ്പെടുന്ന പാവപ്പെട്ടവരെയാണ് പോലീസ് ഇങ്ങനെ വേട്ടയാടുന്നത്.

Related posts

Leave a Comment