പൊലീസ് അനാസ്ഥ അന്വേഷിക്കണംഃ രമേശ് ചെന്നിത്തല

തിരുവനന്തപുരം: ആലപ്പുഴയ്ക്കടുത്ത് തൃക്കുന്നപ്പുഴയില്‍ കോവിഡ് ഡ്യൂട്ടി കഴിഞ്ഞു മടങ്ങുകയായിരുന്ന ആരോഗ്യ വകുപ്പ് ജീവനക്കാരിയെ അര്‍ധരാത്രിയില്‍ ആക്രമിച്ച കുറ്റവാളികളെ പിടികൂടുന്ന കാര്യത്തില്‍ പൊലീസ് ഗുരുതരമായ വീഴ്ച വരുത്തിയെന്നു കെപിസിസി മുന്‍ പ്രസിഡന്‍റ് രമേശ് ചെന്നിത്തല സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്തിനു നല്‍കിയ പരാതിയില്‍ കുറ്റപ്പെടുത്തി. രാത്രിയില്‍ ഒരു സ്ത്രീ ആക്രമിക്കപ്പെടുന്നതു നേരിട്ട് കണ്ടിട്ടും കുറ്റവാളികള്‍ക്കു രക്ഷപ്പെടാനുള്ള പഴുതാണ് പോലീസ് ഒരുക്കിയത്. തന്നെയുമല്ല, ആക്രമിക്കപ്പെട്ട സ്ത്രീയോട് വളരെ മോശമായി പെരുമാറുകയും ചെയ്തു. പട്രോളിംഗ് സംഘം അവസരോചിതമായി പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ കുറ്റവാളികളെ കൈയോടെ പിടികൂടാമായിരുന്നു. ഇരയുടെ പരാതി പോലും കേള്‍ക്കാന്‍ പൊലീസ് തയാറായില്ലെന്നും ചെന്നിത്തല ആരോപിച്ചു.

  • ഇതും ഒറ്റപ്പെട്ട സംഭവമോ ? ബിന്ദു കൃഷ്ണ

ആലപ്പുഴയിലെ തൃക്കുന്നപ്പുഴയിൽ ഉണ്ടായ സംഭവം വളരെയധികം വേദനയും ഞെട്ടലും ഉളവാക്കുന്നതാണെന്നു മഹിളാ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ അഡ്വ. ബിന്ദു കൃഷ്ണ. ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന ആരോഗ്യ പ്രവർത്തകയും ആലപ്പുഴ മെഡിക്കൽ കോളേജ് ജീവനക്കാരിയുമായ യുവതിയെ ഒരു സംഘം ആക്രമിക്കുന്നു, പണം അപഹരിക്കാൻ ശ്രമിക്കുന്നു, തട്ടിക്കൊണ്ട് പോകാൻ ശ്രമിക്കുന്നു. സ്ഥലത്തെത്തിയ പൊലീസ് ഒന്നും ചെയ്യാതെ മടങ്ങുന്നു. പൊലീസ് നിഷ്ക്രിയത്വത്തിന് ഇതിലും വലിയ തെളിവു വേണോ എന്നു ബിന്ദു ചോദിച്ചു.

എന്നാൽ സംഭവം നടന്നതിൻ്റെ തൊട്ടടുത്ത നിമിഷം സ്ഥലത്ത് എത്തിയ പട്രോളിംഗ് പോലീസ് യുവതിക്ക് നേരെ ഉണ്ടായ അതിക്രമത്തെ നിസ്സാരവൽക്കരിച്ച് കണ്ടതാണ് ഏറ്റവുമധികം വേദനയുളവാക്കിയത്.

കാണാൻ കഴിയുന്ന അകലത്തേക്ക് മറഞ്ഞ അക്രമികളെ ഉടൻ തന്നെ കണ്ടെത്താൻ കഴിയുമായിരുന്ന പോലീസ് അതിന് തയ്യാറായില്ല. അതേസമയം ആക്രമിക്കപ്പെട്ട യുവതിയെ ആശുപത്രിയിൽ എത്തിച്ച് ചികിത്സ ലഭ്യമാക്കാനും പോലീസ് തയ്യാറായില്ല എന്നത് വേദനാജനകമാണ്. യുവതിയുടെ ഭർത്താവ് സംഭവസ്ഥലത്ത് എത്തിയ ശേഷമാണ് യുവതിയെ ആശുപത്രിയിലേക്ക് മാറ്റിയത്.

ആശുപത്രിയിൽ കഴിയുന്ന യുവതിയെ സ്റ്റേഷനിൽ എത്തിച്ചാൽ മൊഴി രേഖപ്പെടുത്താം എന്ന് പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞതായി വാർത്തകൾ പുറത്ത് വരുന്നു.

ഇതും ഒറ്റപ്പെട്ട സംഭവമാണോ ? ഭരണാധികാരികൾ മറുപടി പറയണം. ഈ വിഷയത്തിൽ പോലീസിൻ്റെ ഭാഗത്ത് വീഴ്ച സംഭവിച്ചിട്ടുണ്ട് എന്നത് വ്യക്തമാണ്. വീഴ്ച വരുത്തിയവർക്കെതിരെ അടിയന്തിരമായി നടപടികൾ സ്വീകരിക്കണം.

ഏത് രാത്രിയിലും തൊഴിൽ മേഖലയിൽ നിന്നും തൊഴിലിന് ശേഷം ഭീതിയില്ലാതെ സ്ത്രീകൾക്കും വീടുകളിൽ എത്തണം. അതാണ് സമത്വം. അതു നല്‍കാന്‍ ബാധ്യസ്ഥമായ പൊലീസ് കുറ്റവാളികള്‍ക്കു സംരക്ഷണം നല്‍കുന്നത് അനുവദിക്കാനാവില്ലും ബിന്ദു കൃഷ്ണ ചൂണ്ടിക്കാട്ടി.

Related posts

Leave a Comment