മുഖ്യമന്ത്രിയുടേത് പാഴ്‌വാക്ക്;പൊലീസിൽ ക്രിമിനൽ പ്രതികൾ 744

തിരുവനന്തപുരം: സംസ്ഥാനത്തെ പൊലീസ് സേനയിൽ സിവിൽ പൊലീസ് ഉദ്യോഗസ്ഥർ മുതൽ ഉന്നത ഉദ്യോഗസ്ഥർ വരെ 744 പേർ ക്രിമിനൽ കേസിൽ പ്രതികളാണെന്ന് കണക്കുകൾ. എന്നാൽ കേസുകളിൽ ശിക്ഷപ്പെട്ടത് വെറും 18 പേരെയാണ്. ഇവരെ സർവീസിൽ നിന്നും പുറത്താക്കുകയും ചെയ്തതായി പൊലീസിന്റെ വെബ്‌സൈറ്റുകളിൽ സൂചിപ്പിക്കുന്നു. കോടതി കുറ്റക്കാരായി കണ്ടെത്തിയശേഷം പിരിച്ചുവിട്ടവരുടെ കണക്കു മാത്രമാണിത്. ഉദയകുമാർ ഉരുട്ടികൊലക്കേസിലെ ഡിവൈ.എസ്.പിയും രണ്ടു പോലീസ് ഉദ്യോഗസ്ഥർ മുതൽ പോക്‌സോ കേസിൽ ശിക്ഷപ്പെട്ട സിവിൽ പൊലീസ് ഉദ്യോഗസ്ഥൻവരെയാണ് പിരിച്ചുവിട്ടവരുടെ പട്ടികയിലുള്ളത്. കഴിഞ്ഞ പത്ത് വർഷത്തിനുള്ളിലെ കണക്കാണിത്. നിലവിൽ 691 പേർക്കെതിരെയാണ് വകുപ്പ് തല അന്വേഷണം നടക്കുന്നത്. ഇതിനകം കേസിൽ ഉൾപ്പെട്ട് സസ്‌പെൻഷനിലാകുന്ന പല പൊലീസ് ഉദ്യോഗസ്ഥരും തിരികെ കയറുകയും നിർണായക പദവികൾ വഹിക്കുകയും ചെയ്യുന്നുണ്ട്. ക്രിമിനൽ കേസിൽ ഉൾപ്പെട്ടതും അഴിമതിക്കാരുമായ ഉദ്യോഗസ്ഥരുടെ പട്ടിക മുഖ്യമന്ത്രി പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിൽ അവതരിപ്പിച്ചിരുന്നു. മുഖ്യമന്ത്രി അവതരിപ്പിച്ച പട്ടികയിലുള്ള അച്ചടക്ക നടപടി നേരിട്ടവരും അഴിമതിക്കാരുമായ ഉദ്യോഗസ്ഥർ ഇപ്പോഴും സ്റ്റേഷൻ ചുമതലയും സബ് ഡിവിഷൻ ചുമതലയും വഹിക്കുന്നുണ്ട്. ഉത്രക്കേസിൽ അച്ചടക്ക നടപടി വിധേയനായതും ഇപ്പോൾ മൊഫിയുടെ ആത്മഹത്യയിൽ ആരോപണ വിധേയനായ സ്‌റ്റേഷൻ ഓഫീസർ സുധീർ ആലുവ പൊലീസിലെ പ്രധാനപ്പെട്ട സ്റ്റേഷനിലെത്തിയത് തന്നെ ഇതിനു തെളിവാണ്.

Related posts

Leave a Comment