അച്ഛനെയും മകളെയും പൊലീസ് അപമാനിച്ച സംഭവം: പട്ടിക ജാതി പട്ടിക ഗോത്ര വർഗ കമ്മീഷൻ കേസെടുത്തു

തിരുവനന്തപുരം: ആറ്റിങ്ങലിൽ പട്ടികജാതിക്കാരനായ ജയചന്ദ്രനെയും എട്ടുവയസുകാരിയായ മകളെയും മൊബൈൽ മോഷ്ടാവ് എന്നാരോപിച്ച് നടുറോഡിൽ അപമാനിക്കുകയും പൊതുനിരത്തിൽ പരസ്യവിചാരണ നടത്തുകയും ചെയ്ത സംഭവത്തിൽ കേരള സംസ്ഥാന പട്ടികജാതി പട്ടികഗോത്രവർഗ കമ്മീഷൻ കേസെടുത്തു. പിങ്ക് പോലീസ് പട്രോൾ ഉദ്യോഗസ്ഥയായ രജിതക്കെതിരെ കർശന നടപടി ഉണ്ടാകണമെന്ന് ആവശ്യപ്പെട്ട് ജയചന്ദ്രൻ കമ്മീഷന് പരാതി നൽകിയിരുന്നു. പരാതി പരിശോധിച്ചതിൽ നിന്നും വനിതാ ഉദ്യോഗസ്ഥയുടെ പ്രവൃത്തി പട്ടികജാതി പട്ടികവർഗ്ഗ അതിക്രമ നിരോധന നിയമത്തിന്റെ പരിധിയിൽ വരുന്ന കുറ്റകൃത്യമാണെന്ന് കമ്മീഷൻ പ്രാഥമികമായി വിലയിരുത്തി. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തി 10 ദിവസത്തിനകം കമ്മീഷനിൽ റിപ്പോർട്ട് സമർപ്പിക്കാൻ സംസ്ഥാന പോലീസ് മേധാവിക്ക് നിർദ്ദേശം നൽകി.
വെള്ളിയാഴ്ച ആറ്റിങ്ങലിൽ വച്ചാണ് എട്ട് വയസുകാരിക്കും അച്ഛനും പിങ്ക് പൊലീസിൽ നിന്ന് ദുരനുഭവമുണ്ടായത്. തന്‍റെ മൊബൈൽ മോഷ്ടിച്ചു എന്നാരോപിച്ച് അച്ഛനെയും മകളെയും പൊലീസ് ഉദ്യോഗസ്ഥയായ രജിത ചോദ്യം ചെയ്യുകയായിരുന്നു.
പൊലീസ് വാഹനത്തിലെ ബാഗിൽ നിന്നും മൊബൈൽ കിട്ടിയിട്ടും നാട്ടുകാരുടെ മുന്നിൽ രജിത സ്വന്തം നിലപാട് ന്യായീകരിക്കുകയായിരുന്നു. അന്വേഷണം നടത്തിയ ആറ്റിങ്ങൽ ഡിവൈഎസ്പി, രജിത അപമര്യാദയായി പെരുമാറിയിട്ടില്ലെന്ന റിപ്പോർട്ടാണ് നൽകിയത്. പിന്നാലെ രജിതയുടെ നടപടി നല്ല നടപ്പ് പരിശീലനത്തിൽ ഒതുക്കി. ഇതോടെ വിചാരണ നേരിട്ട ജയചന്ദ്രന്‍ മകളുമായി ഡിജിപിയെ കണ്ടു. പിന്നാലെ ഐജിക്ക് അന്വേഷണച്ചുമതല നൽകി. മനുഷ്യാവകാശ കമ്മീഷനിലും ജയചന്ദ്രൻ പരാതി നൽകിയിരുന്നു. 

Related posts

Leave a Comment