മമ്മൂട്ടിക്കെതിരെ പോലീസ് കേസ്

കോഴിക്കോട്: സിനിമാതാരം മമ്മൂട്ടിക്കെതിരെ കോഴിക്കോട് പോലീസ് കേസ്. കൊവിഡ് മാനദണ്ഡം ലംഘിച്ചുവെന്ന കുറ്റത്തിനാണ് കേസെടുത്തത്. മെയ്ത്ര ആശുപത്രിയില്‍ നടന്ന പരിപാടിയില്‍ മമ്മൂട്ടിയും മറ്റു പ്രമുഖരും സംബന്ധിച്ചിരുന്നു. ഇതില്‍ മാനദണ്ഡങ്ങള്‍ ലംഘിച്ച് ആള്‍ക്കൂട്ടം പങ്കെടുത്തതാണ് കേസെടുക്കാന്‍ കാരണം.വെള്ളിയാഴ്ച കേസ് രജിസ്റ്റര്‍ ചെയ്തതായി എലത്തൂര്‍ പോലീസ് അറിയിച്ചു. കൊവിഡ് ഭീതി വ്യാപിച്ച ശേഷം മമ്മൂട്ടി പൊതു പരിപാടികളില്‍ പങ്കെടുക്കാറില്ല. മാസങ്ങള്‍ക്ക് ശേഷം താരം നേരിട്ടെത്തിയ ആദ്യ പൊതുപരിപാടിയാണ് മെയ്ത്രയില്‍ നടന്നത്.

ആശുപത്രി ചെയര്‍മാന്‍ ഫൈസലിന്റെ ക്ഷണം സ്വീകരിച്ചാണ് മമ്മൂട്ടി പരിപാടിക്ക് എത്തിയത്. കൊവിഡ് മാനദണ്ഡം ലംഘിട്ട് 300ഓളം പേര്‍ ചടങ്ങില്‍ പങ്കെടുത്തതാണ് പോലീസ് നടപടിക്ക് കാരണം.പകര്‍ച്ചവ്യാധി നിയമം ലംഘിച്ചു എന്നതാണ് കേസ്. നിലവിലെ കൊവിഡിന്റെ പശ്ചാത്തലത്തില്‍ ഈ വകുപ്പ് പ്രകാരം പോലീസ് വ്യാപകമായി കേസെടുക്കുന്നുണ്ട്. ആള്‍ക്കൂട്ടങ്ങള്‍ ഒത്തുചേര്‍ന്ന് രോഗ വ്യാപനത്തിന് വഴിയൊരുക്കരുത് എന്നാണ് ആരോഗ്യ വകുപ്പിന്റെ കര്‍ശന നിര്‍ദേശം. എല്ലാവരും മാനദണ്ഡം പാലിക്കണമെന്ന് പോലീസ് പ്രത്യേകം അഭ്യര്‍ഥിച്ചു. കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു മെയ്ത്ര ആശുപത്രിയിലെ ഉദ്ഘാടന ചടങ്ങ്.ആശുപത്രിയില്‍ സന്ധി മാറ്റിവയ്ക്കലിലുള്ള ആധുനിക ശസ്ത്രക്രിയ വിഭാഗത്തിന്റെ ഉദ്ഘാടന ചടങ്ങിന് എത്തിയപ്പോള്‍ ആള്‍ക്കൂട്ടമുണ്ടാക്കിയെന്നാണ് പോലീസ് പറയുന്നത്. ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗമുള്ള ബ്ലോക്കിലെത്തിയിരുന്നു മമ്മൂട്ടി. ആളുകള്‍ തടിച്ചുകൂടാന്‍ ഇത് കാരണമായി. അലി ഫൈസല്‍, എബ്രഹാം സാമുവല്‍ രാജന്‍ എന്നിവര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.

Related posts

Leave a Comment