മുതിര്‍ന്ന പൗരന്‍റെ കൈ വെട്ടിപ്പരുക്കേല്പിച്ചു, സിപിഎം പഞ്ചായത്ത് പ്രസിന്‍റിനെതിരേ കേസ്

തിരുവല്ല. കുറ്റൂരീല്‍ സിപിഎം നേതൃത്വത്തില്‍ അക്രമവും തേര്‍വാഴ്ചയും. മുതിര്‍ന്ന പൗരന്‍റെ കൈ വെട്ടിപ്പരുക്കേല്പിച്ചെന്ന പരാതിയില്‍ സിപിഎം നേതൃതൃത്വത്തിലുള്ള പഞ്ചായത്ത് പ്രസിഡന്‍റ് അടക്കം ഏതാനും പേര്‍ക്കെതിരേ പോലീസ് കേസെടുത്തു. കുറ്റൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് കെ.ജി സഞ്ജു അടക്കമുള്ളവര്‍ക്കെതിരേയാണു കേസ്. വീടിനു നേരേ ബോംബെറിഞ്ഞെന്നും ഗര്‍ഭിണിയടക്കം നിരവധി പേര്‍ക്കു പരുക്കേറ്റെന്നും റിപ്പോര്‍ട്ട്.

തിരുവല്ലയ്ക്ക് സമീപം കുറ്റൂർ പഞ്ചായത്ത് പ്രസിഡന്‍റ് സഞ്ജുവിന്‍റെ നേതൃത്വത്തില്‍ അക്രമം നടത്തിയതായി പരാതി ലഭിച്ചെന്നു പോലീസ്. വഴിത്തര്‍ക്കത്തെ തുടര്‍ന്ന് 72 വയസുകാരനെ അര്‍ധരാത്രി വെട്ടിപ്പരുക്കേല്‍പ്പിച്ചു എന്നാണ് പരാതി. തെങ്ങേലി പുതിരിക്കാട്ട് സ്വദേശി രമണനെയാണ് ആക്രമിച്ചത്. കുറ്റൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ ജി സഞ്ചുവും സംഘവുമാണ് ആക്രമണം നടത്തിയത്. സിപിഎം പ്രാദേശികനേതാവാണ് സഞ്ജു. ജെസിബി ഉപയോഗിച്ച്‌ മതില്‍ തകര്‍ക്കുകയും ചെയ്തു.

ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയാണ് സംഭവം. രമണന്റെ വീടിനുമുകളിലേക്ക് ആക്രമിസംഘം കല്ലെറിഞ്ഞെന്നും പരാതിയില്‍ പറയുന്നു. വീടിനു പിറകിലുള്ള വഴി മൂന്നടി വീതിയില്‍, ആറുകുടുംബങ്ങള്‍ക്ക് ഉപയോഗിക്കാനായി 21 വര്‍ഷം മുന്‍പ് കരാര്‍ എഴുതിയതാണ്. ഈ വഴി വീതി കൂട്ടിനല്‍കണമെന്നാവശ്യപ്പെട്ടാണ് അക്രമിസംഘം മതില്‍ പൊളിച്ചത്.ഈ സമയത്ത് സ്ഥലത്തെത്തിയ പൊലീസുകാര്‍ മതില്‍ പൊളിക്കുന്നത് നോക്കി നിന്നെന്നും പരാതിക്കാര്‍ പറയുന്നു. മതില്‍ പൊളിക്കുന്നത് തടയാന്‍ എത്തിയപ്പോഴാണ് രമണന് നേരെ ആക്രമണമുണ്ടായത്. കൈക്ക് വെട്ടേറ്റ ഇദ്ദേഹത്തെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിരുവല്ല പൊലീസ് മൊഴി രേഖപ്പെടുത്തി.

വീടിനു സമീ‌പം സ്ഫോടകവസ്തു എറിഞ്ഞു ഭീകരാന്തരീക്ഷം സൃഷ്ടിച്ചെന്ന് രമണന്‍റെ മകന്‍ പറഞ്ഞു. അഞ്ചു മാസം ഗര്‍ഭിണിയായ തന്‍റെ ഭാര്യ ശബ്ദം കേട്ടു ബോധമറ്റുവീണു. പരുക്കേറ്റ ഗര്‍ഭണിയെ ആശുപത്രിയിലെത്തിക്കാന്‍ പോലും അക്രമികള്‍ സഹായിച്ചില്ലെന്നും ആ‌ക്ഷേപം. പോലീസ് നോക്കിനില്‍ക്കെയാണ് സംഭവങ്ങളെന്നും പരാതിയില്‍ പറയുന്നു.

Related posts

Leave a Comment