മൂന്നു വയസുകാരിയെ തനിച്ചാക്കി കാര്‍ ലോക്ക് ചെയ്ത സംഭവംഃ മനുഷ്യാവകാശ കമ്മിഷനു പരാതി നല്‍കും

തിരുവനന്തപുരം: മാതാപിതാക്കളുടെ കണ്‍മുന്നില്‍ മൂന്നുവയസുകാരിയായ പെണ്‍കുഞ്ഞിനെ കാറിനുള്ളില്‍ തനിച്ചാക്കി ഡോര്‍ ലോക്ക് ചെയ്ത പോലീസ് അതിക്രമിത്തിനെതിരേ മനുഷ്യാവകാശ കമ്മിഷനെ സമീപിക്കാനൊരുങ്ങി ബന്ധുക്കള്‍. പോലീസിന്‍റെ ഹൈവേ പെറ്റിക്കൊള്ളയ്ക്കെതിരേ പ്രതികരിച്ചതിനാണു കുരുന്നു കുഞ്ഞിനോടുള്ള ക്രൂരത. മാധ്യമ റിപ്പോര്‍ട്ടുകളെത്തുടര്‍ന്ന് ബാലാവകാശ കമ്മിഷന്‍റെ ശ്രദ്ധയിലും സംഭവം പെട്ടിട്ടുണ്ട്. കഴിഞ്ഞ ഫെബ്രുവരി 23 നായിരുന്നു സംഭവം. കഴിഞ്ഞ ദിവസം ആറ്റിങ്ങലില്‍ മൂന്നാംക്ലാസു കാരിയെ മോഷണക്കുറ്റം ചുമത്തി പിങ്ക് പോലീസ് പീഡിപ്പിച്ച സംഭവം വിവാദമായതിനെത്തുടര്‍ന്നാണ് തങ്ങള്‍ക്കുണ്ടായ അതിക്രൂരമായ അനുഭവം പുറംലോകത്തെ അറിയിക്കുന്നതെന്ന് കുട്ടിയുടെ മാതാപിതാക്കള്‍ പറഞ്ഞു.

ഗാനമേളകള്‍ക്കു സംഗീതോപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്ന കലാകാരാന്‍ ഷിബുകുമാറാണു പരാതിക്കാരന്‍ താനും ഭാര്യയും ഗായികയുമായ അഞ്ജന സുരേഷും മൂന്നു വയസുള്ള മകളുമായി സംഭവ ദിവസം ധനുവച്ചപുരത്തു നിന്നു തിരുവനന്തപുരത്തേക്കു കാറില്‍ വരികയായിരുന്നു. ബാലരാമപുരത്തിനു സമീപം വച്ച് പോലീസ് വാഹന പരിശോധന നടക്കുന്നതായി കണ്ടു. പോലീസ് കൈകാണിച്ച ഉടന്‍ തന്നെ വാഹനം നിര്‍ത്തി. കാര്‍ അമിത വേഗത്തിലായിരുന്നു എന്നും 1500 രൂപ പഴ ഒടുക്കണമെന്നും ആവശ്യപ്പെട്ടു. എന്നാല്‍, കോവിഡ് മഹാമാരി മൂലം തൊഴില്‍ നഷ്ടപ്പെട്ടതിനാല്‍ പണമില്ലെന്നു പറഞ്ഞു. എന്നാല്‍ പോലീസ് വഴങ്ങിയില്ല. നിര്‍ബന്ധിച്ചു പിഴയടപ്പിച്ചു.

ഈ സമയം, മറ്റു പല വാഹനങ്ങളും അമിത വേഗതയില്‍ പോകുന്ന കാര്യം ഷിബു പോലീസിനെ ചൂണ്ടിക്കാണിച്ചു കൊടുത്തു. ഇതില്‍ പ്രകോപിതനായി പോലീസ് അയാളെ മര്‍ദിക്കാനോങ്ങി. ഈ സംഭവങ്ങള്‍ അഞ്ജന മൊബൈല്‍ ഫോണില്‍ പകര്‍ത്തിയപ്പോഴാണ് കാറിന്‍റെ മുഴുവന്‍ ഡോറുകളും പൂട്ടി, പോലീസ് താക്കോലുമായി മടങ്ങിയത്. കാറില്‍ തനിച്ചായ കുട്ടി പേടിച്ചു നിലവിളിക്കുന്നതിന്‍റെ ചിത്രങ്ങളും അമ്മ പകര്‍ത്തി. വളരെ നേരം കഴിഞ്ഞാണ് പോലീസ് താക്കോല്‍ മടക്കി നല്‍കിയത്.

അന്നു ചിത്രീകരിച്ച വിഡിയോകള്‍ കഴിഞ്ഞ ദിവസം മാധ്യമങ്ങളിലൂടെയും സോഷ്യല്‍ മീഡിയയിലൂടെയും പ്രചരിപ്പിക്കുകയായിരുന്നു. സ്ത്രീകളുടെയും കുട്ടികളുടെയും രക്ഷയ്ക്കു പ്രത്യക പരിഗണന എന്നു പുറത്തു പറയുകയും, അവര്‍ക്കെതിരേ അതി നിന്ദ്യമായ നടപടികള്‍ സ്വീകരിക്കുകയും ചെയ്യുന്ന കേരള പോലീസിന്‍റെ നെറികേടുകള്‍ക്കെതിരേ നിയമനടപടിക്കൊരുങ്ങുകയാണ് ഷിബു കുമാറും അഞ്ജനയും.

Related posts

Leave a Comment