കേസ് അന്വേഷണത്തിന് കൈക്കൂലി;പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി വേണമെന്ന് ഹൈക്കോടതി

കൊച്ചി: കേസ് അന്വേഷണത്തിന് കൈക്കൂലി ആവശ്യപ്പെട്ട പൊലിസ് ഉദ്യോഗസ്ഥർക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കണമെന്നു ഹൈക്കോടതി. കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ടു പരാതിക്കാരിയിൽ നിന്നു ചെലവിനു പണം വാങ്ങിയ നടപടി തെറ്റെന്നു കോടതി വ്യക്തമാക്കി. ചിൽഡ്രൻസ് ഹോമിലുണ്ടായിരുന്ന മക്കളെ വിട്ടുകിട്ടുന്നതിനു അഞ്ച് ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്ന കേസിൽ ഹൈക്കോടതി സ്വമേധയാ രജിസ്റ്റർ ചെയ്ത കേസ് പരിഗണിക്കവേയാണ് കോടതി നിരീക്ഷണമുണ്ടായത്. കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട ചെലവുകൾ വഹിക്കേണ്ടത് സർക്കാരിന്റെ ബാധ്യതയാണെന്നും കോടതി ചൂണ്ടിക്കാട്ടി. കേസുമായി ബന്ധപ്പെട്ടു കൊച്ചി സിറ്റി പോലിസ് കമ്മീഷണറോട് റിപ്പോർട്ട് സമർപ്പിക്കണമെന്നു കോടതി നിർദ്ദേശം നൽകിയിരുന്നു. പൊലിസുകാരനെതിരെ പരാതി ലഭിച്ചിട്ടില്ലെന്നു റിപ്പോർട്ടിൽ പറഞ്ഞിട്ടുണ്ടെന്നു കോടതി ചൂണ്ടിക്കാട്ടി. അമ്മയുടെ മൊഴിയെടുത്തപ്പോൾ കൈക്കൂലി സംബന്ധിച്ചു പരാമർശമുണ്ടെങ്കിലും പരാതിയായി ലഭിച്ചിട്ടില്ലെന്നു സർക്കാർ കോടതിയിൽ ബോധിപ്പിച്ചു. കേസ് അന്വേഷണത്തിനു ഡൽഹിയിൽ പോകുന്നതിനുള്ള യാത്രാ ചെലവ് താമസ സൗകര്യം എന്നിവയ്ക്ക് പണം ആവശ്യപ്പെട്ടത് തെറ്റാണെന്നു കോടതി വ്യക്തമാക്കി. കേസ് അടുത്ത മാസം ആദ്യത്തെ ആഴ്ച പരിഗണിക്കാനായി മാറ്റി. ആരോപണ വിധേയനായ ഉദ്യോഗസ്ഥർക്കെതിരെ എന്തുകൊണ്ട് ക്രിമിനൽ കേസെടുത്തില്ലെന്നു കോടതി സർക്കാരിനോട് ആരാഞ്ഞു. ഭീഷണിപ്പെടുത്തി പണം തട്ടാൻ അല്ലേ ഉദ്യോഗസ്ഥൻ ശ്രമിച്ചതെന്നും കോടതി ചോദിച്ചു. കൊച്ചിയിൽ താമസക്കാരായ ഡൽഹിക്കാരിയുടെ മകളെ കാണാതായ കേസിലെ അന്വേഷണത്തിലാണ് കൈക്കൂലി ആവശ്യപ്പെട്ടുവെന്ന ആരോപണമുണ്ടായത്. കാണാതായ കുട്ടിയുടെ സഹോദരങ്ങൾ പീഡനനത്തിനു വിധേയമാക്കിയെന്നു ചൂണ്ടിക്കാട്ടി പോക്സോ നിയമപ്രകാരം കേസെടുക്കുകയും ചെയ്തിരുന്നു.

Related posts

Leave a Comment