ഭക്ഷണത്തിലും വിഷമോ? ; വീക്ഷണം എഡിറ്റോറിയൽ


ലൗജിഹാദ്, നാര്‍ക്കോടിക് ജിഹാദ് തുടങ്ങിയ വിവാദങ്ങള്‍ക്ക് ശേഷം സംഘ്പരിവാറിന്റെ അടുക്കളയില്‍ ചുട്ടെടുത്ത പുതിയ വിവാദമാണ് ഹലാല്‍ ഭക്ഷണം. ജാതിയുടെയും മതത്തിന്റെയും പേരില്‍ മനുഷ്യനെ വിഘടിപ്പിക്കുന്ന ഈ വിവാദം ഭക്ഷണത്തിന്റെ പേരിലും സമൂഹത്തില്‍ ഭീതി സൃഷ്ടിക്കുന്നു. രാഷ്ട്രീയത്തിന്റെ പേരിലും മതത്തിന്റെ പേരിലും സമൂഹത്തെ ഭിന്നിപ്പിക്കാനുള്ള ശ്രമം പരാജയപ്പെട്ടപ്പോഴാണ് ഭക്ഷണത്തിന്റെ പേരില്‍ സ്പര്‍ധയുണ്ടാക്കാനുള്ള ശ്രമം. ഹലാല്‍ എന്ന പദത്തിന് അര്‍ത്ഥം അനുവദനീയം എന്നാണ്. ഇത്രയേറെ നിര്‍ദോഷമായ ഒരു പദത്തെ ഹിംസാത്മകമാക്കുന്നത് എന്തിനാണ്. സ്വാതന്ത്ര്യസമരത്തിലും നവോത്ഥാന പ്രസ്ഥാനത്തിലും ഭക്ഷണം ഒരു സമരായുധമാക്കിയത് സദുദ്ദേശ്യത്തോടുകൂടിയായിരുന്നു. പന്തിഭോജനം നമ്മുടെ നവോത്ഥാന പ്രസ്ഥാനത്തിന്റെ മുഖ്യ സമരപാതയായിരുന്നു. സവര്‍ണനും അവര്‍ണനും ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നതിലൂടെ ജാതീയമായ ഉച്ചനീചത്വം തകര്‍ക്കപ്പെടുന്നു. വഴിനടക്കാനും പരസ്പരം ഇടകലര്‍ന്ന് ജീവിക്കാനും അനുവദിക്കാത്ത കര്‍ക്കശ ആചാരങ്ങളെയാണ് 1917-ല്‍ സഹോദരന്‍ അയ്യപ്പന്റെ നേതൃത്വത്തില്‍ സമരം നടത്തി കേരളം തോല്‍പ്പിച്ചത്.
ഹലാല്‍ ബേക്കറി, ഹലാല്‍ ഹോട്ടല്‍ എന്നീ ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടപ്പോള്‍ അതിനെതിരെ ഉറഞ്ഞുതുള്ളുന്ന സംഘ്പരിവാറിന്റെ രോഷം ഒരു രോഗമാണ്. ഉഡുപ്പി ബ്രാഹ്‌മണ ഹോട്ടല്‍, നായര്‍ ഹോട്ടല്‍ എന്നിങ്ങനെ വെജിറ്റേറിയന്‍ ഹോട്ടലുകളെ വേര്‍തിരിച്ചറിയാന്‍ ബോര്‍ഡ് സ്ഥാപിക്കുന്ന രീതി ഇന്നും നമ്മുടെ നാട്ടിലുണ്ട്. ചൈനീസ് ഫുഡ്, അറേബ്യന്‍ ഫുഡ് എന്നീ തരത്തിലുള്ള ബോര്‍ഡുകളും സാധാരണയാണ്. ഇത് മറ്റ് ഹോട്ടലുകളുടെയോ അത് നടത്തുന്ന ഉടമയുടെ മതവിശ്വാസത്തെ തകര്‍ക്കുന്നതിനോ വേണ്ടിയല്ല. ഇത്തരം സാധാരണമായ കാര്യങ്ങളെ ഊതിവീര്‍പ്പിച്ച് സമുദായ സൗഹാര്‍ദ്ദം തകര്‍ക്കാന്‍ ബി ജെ പി തന്നെ രംഗത്തിറങ്ങിയത് അവരുടെ പാപ്പരത്തമാണ് വിളംബരം ചെയ്യുന്നത്. മഹാരോഗവും പ്രളയവും വിലക്കയറ്റവും കൊണ്ട് പൊറുതിമുട്ടുന്ന ജനതയെ ജാതിയുടെയും മതത്തിന്റെയും പേരില്‍ ഭിന്നിപ്പിക്കുകയാണ് വിവാദം സൃഷ്ടിക്കുന്നവരുടെ ലക്ഷ്യം. ലൗജിഹാദ് എന്ന സംജ്ഞയിലൂടെ കേരളത്തെ ഭിന്നിപ്പിക്കാന്‍ ഇവര്‍ നടത്തിയ പ്രചാരണം ക്രൂരമായിരുന്നു. ഒരു പ്രത്യേക സമുദായത്തിലെ പുരുഷന്മാര്‍ സംഘടിതമായി അന്യമതത്തില്‍പ്പെട്ട പെണ്‍കുട്ടികളെ പ്രണയിച്ച് മതംമാറ്റി വിവാഹം ചെയ്യുന്നുവെന്നും ഇത് ഗൂഢാലോചനയാണെന്നുമായിരുന്നു ലൗജിഹാദിന് നല്‍കിയ ഭാഷ്യം. എന്നാല്‍ ഇത്തരത്തില്‍ ഒരു പരാതിയോ കണ്ടെത്തലുകളോ ഉണ്ടായിട്ടില്ല. ശൂന്യതയില്‍ നിന്ന് ആരോപണങ്ങളുന്നയിച്ച് തെളിവുപോലും നല്‍കാതെ ഒളിച്ചോടുന്ന വര്‍ഗീയ രാഷ്ട്രീയം എത്രമാത്രം അപകടകരമാണെന്ന് ഇതിന്റെ സൃഷ്ടാക്കള്‍ ഓര്‍ക്കുന്നില്ല. സംഘ്പരിവാറിനോടൊപ്പം ടൈംസ് നൗ, റിപ്പബ്ലിക് തുടങ്ങിയ മാധ്യമങ്ങളുമാണ് ഇതിന്റെ പ്രചാരകര്‍. സോഷ്യല്‍ മീഡിയകളിലും ഇത് ബോധപൂര്‍വ്വം പ്രചരിപ്പിക്കപ്പെട്ടു. വിവാഹം ചെയ്യുന്നതിനായി മതം മാറ്റുന്നത് അഭിനന്ദനീയമായ കാര്യമല്ല. ഈ ഉദ്ദേശ്യത്തോടുകൂടിയുള്ള പ്രണയവും തിരസ്‌കരിക്കപ്പെടേണ്ടതാണ്.
ഇതിന് പിന്നാലെയാണ് നാര്‍ക്കോട്ടിക് ജിഹാദ് എന്ന പരാമര്‍ശം. ലഹരി മരുന്നിലൂടെ സമൂഹത്തില്‍ അസ്വസ്ഥത വളരുന്നത് തടയപ്പെടേണ്ടതാണ്. എന്നാല്‍ അത് ഏതെങ്കിലുമൊരു മതത്തിന്റെ അജണ്ടയാണെന്ന് പ്രചരിപ്പിക്കുന്നത് പ്രകോപനപരമാണ്. ലഹരി മരുന്നുകള്‍ ഉപയോഗിക്കുന്നവര്‍ എല്ലാ മതത്തിലുമുണ്ട്. എന്നാല്‍ അത് അന്യമതങ്ങളെ ഇല്ലായ്മ ചെയ്യുന്നതിനുവേണ്ടിയാണെന്ന വാദം ബാലിശമാണ്. അവിശ്വസനീയമായ ഇത്തരം കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നതിനെയാണ് കിംവദന്തി എന്ന് പറയുന്നത്. മതേതരമൂല്യങ്ങള്‍ക്ക് മഹത്തായ സംഭാവനകള്‍ നല്‍കിയ കേരളം കഴിഞ്ഞ കുറേനാളുകളായി വൈകാരികമായ കാര്യങ്ങളില്‍ ശ്രദ്ധയൂന്നാനും പ്രചരിപ്പിക്കാനും ശ്രമിക്കുന്നു. ഭൂരിപക്ഷ സമുദായത്തിന്റെ വികാരങ്ങളെ നോവിക്കാതെ ന്യൂനപക്ഷങ്ങളുടെ പരിരക്ഷ സാധ്യമാക്കിയുള്ള നമ്മുടെ മതേതര വീക്ഷണം ലോകോത്തരമാണ്. രാജ്യത്തിന്റെ പൂര്‍വ്വ പിതാക്കള്‍ ഒരുക്കിയ സഹിഷ്ണുതയുടെ പാതയാണ് ഭൂരിപക്ഷ സമുദായം പിന്തുടരുന്നത്. ബഹുവര്‍ഗ സമൂഹത്തില്‍ വിദ്വേഷമില്ലാതെ ജീവിക്കാന്‍ ന്യൂനപക്ഷങ്ങള്‍ക്കും സാധിക്കുന്നുവെന്നുള്ളതാണ് മതേതരത്വത്തിന്റെ വിജയം.

Related posts

Leave a Comment