വെള്ളിമാട്കുന്ന് ചിൽഡ്രൻസ് ഹോമിലെ കുട്ടികൾക്കു മദ്യം നൽകി പീഡിപ്പിക്കാൻ ശ്രമം,യുവാക്കൾക്കെതിരേ പോക്സോ കേസ്

കോഴിക്കോട്: വെള്ളിമാടുകുന്നിലെ ചിൽഡ്രൻസ് ഹോമിൽ നിന്നു കാണാതായ കുട്ടികളെ മദ്യം നൽകി ശാരീരികമായി പീഡിപ്പിക്കാൻ ശ്രമിച്ചെന്നു മൊഴി. കൂട്ടിക്കൊണ്ടു പോയെന്നു പറയപ്പെടുന്ന ചെറുപ്പക്കാരാണ് തങ്ങൾക്ക് മദ്യം നൽകിയതെന്നു പെൺകുട്ടികൾ പൊലീസിനോടു സമ്മതി‌ച്ചി. മം​ഗലാപുരത്തെത്തിച്ച ശേഷം മദ്യം നൽകുകയും ശരീരത്തിൽ സ്പർശിക്കുകയും ചെയ്തും. മം​ഗലാപുരം വഴി ​ഗോവയിലേക്കു പോവുകയായിരുന്നു ലക്ഷ്യമെന്നും കുട്ടികൾ പറഞ്ഞു. ​ഗോവയിൽ സെക്സ് റാക്കറ്റിന് കൈമാറാൻ പദ്ധതിയുണ്ടായിരുന്നോ എന്നും അന്വേഷിക്കുന്നുണ്ട്.
മൊഴിയുടെ അടിസ്ഥാനത്തിൽ കസ്റ്റഡിയിലുള്ള രണ്ട് യുവാക്കൾക്കെതിരെ പൊലീസ് കേസെടുക്കും. ജുവനൈൽ ജസ്റ്റിസ് ആക്ട്, പോക്സോ വകുപ്പുകൾ ചേർത്താണ് കേസ് എടുക്കുക. യുവാക്കൾ ശാരീരിക പീഡനത്തിന് ശ്രമിച്ചെന്നും മദ്യം നൽകിയെന്നും കുട്ടികൾ മൊഴി നൽകിയിട്ടുണ്ട്. മലപ്പുറം എടക്കരയിലുള്ള യുവാവാണ് കുട്ടികൾക്ക് പണം നൽകിയത്. ബാലികാമന്ദിരത്തിലെ അവസ്ഥകൾ മോശമായതിനാലാണ് പുറത്ത് കടക്കാൻ ശ്രമിച്ചതെന്നും ഗോവയിലേക്ക് പോകാനായിരുന്നു പദ്ധതി എന്നും കുട്ടികൾ പറഞ്ഞു. വൈദ്യ പരിശോധന നടത്തിയതിൽ ഒരു കുട്ടിക്ക് കൊവിഡ് സ്ഥിരീകരിച്ചു.

ബുധനാഴ്ച കാണാതായ ആറു പേരിൽ രണ്ടു കുട്ടികളെ ബെംഗളൂരുവിൽ നിന്നും നാലുപേരെ മലപ്പുറം എടക്കരയിൽ നിന്നും ആണ് കണ്ടെത്തിയത്. ബാലികാമന്ദിരത്തിൽ നിന്ന് രക്ഷപ്പെട്ട് ബെംഗളൂരുവിലെത്തിയ ആറ് പെൺകുട്ടികളിൽ നാലുപേരാണ് ഇന്നലെ ഐലന്റ് എക്സ്പ്രസ് വഴി പാലക്കാട്ടെത്തിയത്. തുടർന്ന് മലപ്പുറം എടക്കരയിലേക്ക് ബസിലെത്തിയ കുട്ടികളെ എടക്കര പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. വൈകീട്ടോടെ ചേവായൂർ പൊലീസ് സ്റ്റേഷനിലെത്തിച്ച കുട്ടികളെ വൈദ്യപരിശോധനയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കി ജുവനൈൽ ഹോമിലെത്തിച്ചു. ബെംഗളൂരുവിൽ കണ്ടെത്തിയ രണ്ടു കുട്ടികളെയും ഇവർക്കൊപ്പമുളള യുവാക്കളെയും കൊണ്ട് പൊലീസ് സംഘം പുലർച്ചെ രണ്ടുമണിയോടെയാണ് കോഴിക്കോട്ട് എത്തിയത്.

Related posts

Leave a Comment