പെണ്‍വേട്ടക്കാര്‍ അഴിഞ്ഞാടുന്ന കേരളം

തുടര്‍ ഭരണമെന്നത് എന്ത് അശ്ലീലവും പ്രവര്‍ത്തിക്കാനുള്ള അനുമതിയാണെന്ന് കരുതുന്നവരാണ് ഇടതുമുന്നണി നേതാക്കളും മന്ത്രിമാരും. പൊതുപ്രവര്‍ത്തകര്‍ പാലിക്കേണ്ട ആഭിജാത്യവും അന്തസ്സും കളഞ്ഞുകുളിച്ചുകൊണ്ട് സമൂഹത്തിലെ അര്‍ബുദങ്ങളായി തീര്‍ന്നിരിക്കയാണ് ഇത്തരം നേതാക്കള്‍. കഴിഞ്ഞ മന്ത്രിസഭയില്‍ മന്ത്രിയായിരിക്കുമ്പോള്‍ ഹണിട്രാപ്പില്‍ വീണ് അപമാനിതനായി പുറത്തുപോകേണ്ടിവന്ന എ.കെ. ശശീന്ദ്രന്‍ അന്വേഷണ പ്രഹസനത്തിലൂടെയായിരുന്നു മന്ത്രിസഭയില്‍ തിരിച്ചുവന്നത്. അന്ന് ഒരു മാധ്യമപ്രവര്‍ത്തകയെ വാഗ്ദാനം നല്‍കി പ്രലോഭിപ്പിച്ച പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു ശശീന്ദ്രന്‍ കുരുക്കിലകപ്പെട്ടത്. തുടര്‍ഭരണത്തിന് രണ്ടുമാസം തികയുന്ന ദിവസംതന്നെ മന്ത്രി വീണ്ടും സ്ത്രീ സംബന്ധമായ വിവാദത്തില്‍പ്പെട്ടിരിക്കുകയാണ്. ഇത്തവണ പെണ്‍വേട്ടയില്‍ മന്ത്രി നേരിട്ടല്ല പങ്കാളിയാകുന്നത്. സഹപ്രവര്‍ത്തകന്‍ നടത്തിയ അതിക്രമം ഒതുക്കാന്‍ സമ്മര്‍ദ്ദവും ഭീഷണിയും ഉയര്‍ത്തിക്കൊണ്ടാണ് മന്ത്രി വിവാദത്തില്‍ പങ്കാളിയാകുന്നത്. പിണറായി സര്‍ക്കാരിന്റെ രണ്ടാംവര്‍ഷത്തില്‍ മരംമുറിയില്‍ തുടങ്ങിയ വിവാദം സ്ത്രീ പീഡനത്തില്‍ എത്തിയിരിക്കയാണ്. കൊല്ലം കുണ്ടറ സ്വദേശിയും ബിജെപി പ്രവര്‍ത്തകയുമായ വനിതയെ എന്‍സിപി സംസ്ഥാന നേതാവ് കൈയില്‍ കയറിപ്പിടിച്ചെന്നും പണം വാഗ്ദാനം ചെയ്തുവെന്നുമാണ് പരാതി. ഇതുസംബന്ധിച്ച് യുവതി പൊലീസില്‍ പരാതി നല്‍കിയിട്ട് മൂന്നാഴ്ച കഴിഞ്ഞിട്ടും യാതൊരു തുടര്‍ നടപടിയും ഉണ്ടായില്ല എന്നതാണ് ഇതിലെ ദുഃഖകരമായ അവസ്ഥ.
യുവതിയുടെ പിതാവും കുടുംബവും സ്വന്തം പാര്‍ട്ടിക്കാരാണെന്ന് അറിയാമായിരുന്നിട്ടും മറ്റൊരു സഹപ്രവര്‍ത്തകന്‍ നടത്തിയ ഹീനമായ പ്രവര്‍ത്തനത്തെ ന്യായീകരിക്കുന്നത് സത്യപ്രതിജ്ഞാലംഘനവും ഭരണഘടനാ വിരുദ്ധവുമാണ്. അധികാരത്തിന്റെയും ഭരണ സ്വാധീനത്തിന്റെയും മറവില്‍ പെണ്‍പീഡനം മുതല്‍ സ്വര്‍ണക്കടത്തും ഡോളര്‍ കടത്തും ആരോപിക്കപ്പെട്ടവര്‍ സുരക്ഷിതരായി അധികാരത്തില്‍ തുടരവെ ഇരകള്‍ക്ക് എവിടെനിന്ന് നീതി ലഭിക്കാനാണ്. പിണറായി സര്‍ക്കാരിന്റെ ആദ്യത്തെ അഞ്ചുവര്‍ഷത്തിനുള്ളില്‍ എണ്ണമറ്റ സ്ത്രീ പീഡന കേസുകളാണ് രജിസ്റ്റര്‍ ചെയ്യപ്പെട്ടത്. വാളയാര്‍ മുതല്‍ വണ്ടിപ്പെരിയാര്‍ വരെയുള്ള നാമങ്ങള്‍ കേരളം ലജ്ജിച്ച് തലകുനിക്കേണ്ട തരത്തില്‍ സ്ഥലങ്ങളായി തീര്‍ന്നിരിക്കുന്നു. എല്ലാവിധ അതിക്രമങ്ങളില്‍ നിന്നും സ്ത്രീകളെ സംരക്ഷിക്കേണ്ട വനിതാ കമ്മീഷന്‍പോലും സ്ത്രീവിരുദ്ധവും സ്ത്രീകളെ അപമാനിക്കുന്നതുമായ സമീപനങ്ങളാണ് സ്വീകരിച്ചുവരുന്നത്.
വനിതാ കമ്മീഷന്‍ സിപിഎം പോഷകസംഘടനയെപ്പോലെയാണ് പ്രവര്‍ത്തിക്കുന്നത്. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനുള്ളില്‍ മൂന്നിരട്ടിയായാണ് കേരളത്തിലെ സ്ത്രീ പീഡനം വര്‍ദ്ധിച്ചത്. സ്ത്രീകളും കുട്ടികളും പീഡിപ്പിക്കപ്പെടുന്നതിന്റെ കണക്കും പീഡനാനന്തര മരണങ്ങളുടെ കണക്കും വിവരാവകാശ കമ്മീഷനിലോ നിയമസഭയിലെ ഉത്തരമായോ ലഭ്യമല്ല. കോവിഡ് മരണം മൂടിവെയ്ക്കുന്നതുപോലെ മറച്ചുവെയ്ക്കുകയാണ്. സ്ത്രീ ശാക്തീകരണത്തിന് മതില് കെട്ടുകയും ചങ്ങല പിടിക്കുകയും ചെയ്യുന്നവരും അതിന് പ്രതിജ്ഞ ചൊല്ലിക്കൊടുക്കുന്നവരുമാണ് സ്ത്രീ പീഡനങ്ങളില്‍ പ്രതികളാവുന്നത്. സര്‍ക്കാരിന്റെ നടപടികളുടെ പ്രതിഫലനമാണ് മന്ത്രിമാര്‍പോലും അനാശാസ്യങ്ങളില്‍ പങ്കാളികളാവുന്നതും പ്രതികളെ രക്ഷിക്കുന്നതും.
ഉത്തര്‍പ്രദേശിലെ സത്‌രാസില്‍ ദളിത് പെണ്‍കുട്ടിയെ പീഡിപ്പിച്ചുകൊന്നത് ഭരണകൂടത്തിന്റെ പിണിയാളുകളായിരുന്നു. സ്ത്രീപീഡന കേസുകളില്‍ പ്രതികളാവുന്നവരെ രക്ഷിക്കാന്‍ ശ്രമിച്ച മന്ത്രിയുടെ മനോഘടന കുറ്റവാളിയുടേതിന് തുല്യമാണ്. സംസ്ഥാന മന്ത്രിയുടെ ചെയ്തികള്‍ക്ക് മുഖ്യമന്ത്രി ഉത്തരം പറയേണ്ടതാണ്. അന്യായങ്ങള്‍ക്കും അതിക്രമങ്ങള്‍ക്കും ചൂഷണങ്ങള്‍ക്കും ഭരണകൂടത്തിന്റെ സഹായങ്ങള്‍ ലഭിക്കുന്നതുകൊണ്ട് കുറ്റം ആവര്‍ത്തിക്കാനാണ് സാധ്യത. കൊടിവെച്ച കാറുകളില്‍ സ്ത്രീപീഡകര്‍ രാജകീയ യാത്രകള്‍ നടത്തുമ്പോള്‍ ഇരകള്‍ നിസ്സഹായരായി നോക്കിനില്‍ക്കുക മാത്രമേ വഴിയുള്ളൂ.

Related posts

Leave a Comment