പ്ലസ് വണ്‍ പരീക്ഷാ തീയതി ഇന്ന് പ്രഖ്യാപിച്ചേക്കും

തിരുവനന്തപുരം: സംസ്ഥാന്നത്തെ കോവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവ് അനുവദുക്കുന്ന കാര്യത്തില്‍ ഇന്നു ചോരുന്ന അവലോകന യോഗം തീരുമാനിക്കും. പ്ലസ് വണ്‍ പരീക്ഷ നടത്തുന്നതിനു സുപ്രീം കോടതി അനുകൂല വിധി പുറപ്പെടുവിച്ച സാഹചര്യത്തില്‍ പരീക്ഷാ തീയതിയെക്കുറിച്ചും അവലോകന യോഗത്തില്‍ തീരുമാനമുണ്ടാകുമെന്നാണു സൂചന.

ഉച്ച കഴിഞ്ഞു മൂന്ന് മണിക്കു മുഖ്യമന്ത്രിയുടെ അധ്യക്ഷതയിലാണു യോഗം. കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കണമെന്ന ആവശ്യം ചര്‍ച്ചയാകും. ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാന്‍ അനുവദിക്കണമെന്ന ആവശ്യത്തില്‍ തീരുമാനമുണ്ടായേക്കും. ബാറുകളില്‍ ഇരുന്ന് മദ്യപിക്കാന്‍ അനുവദിക്കണമെന്ന ബാറുടമകളുടെ ആവശ്യവും സര്‍ക്കാരിന് മുന്നിലുണ്ട്.

അതേ സമയം തീയറ്ററുകള്‍ ഉടന്‍ തുറക്കാന്‍ സാധ്യതയില്ല. ജിംനേഷ്യം അടക്കം ഇപ്പോൾ അടഞ്ഞുകിടക്കുന്ന മറ്റ് സ്ഥാപനങ്ങൾ തുറന്ന് പ്രവർത്തിക്കുന്ന കാര്യത്തിലും തീരുമാനമുണ്ടാകും. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയര്‍ന്ന് നില്‍ക്കുന്ന സാഹചര്യം കൂടി പരിഗണിച്ച ശേഷം ഇളവുകളുടെ കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനമെടുക്കുമെന്നാണ് സൂചന.

സംസ്ഥാനത്തെ പ്ലസ് വൺ പരീക്ഷാ തീയതി ഉടൻ പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. ഇന്നു ചേരുന്ന ഉന്നതതല യോഗത്തിൽ ഇതുസംബന്ധിച്ച് അന്തിമ തീരുമാനത്തിലെത്തും. പരീക്ഷ എത്രയും പെട്ടെന്ന് തുടങ്ങാനാണ് വിദ്യാഭ്യാസ വകുപ്പ് ആലോചിക്കുന്നതെന്നും മന്ത്രി അറിയിച്ചു.

കുട്ടികളുടെയും രക്ഷിതാക്കളുടെയും അഭിപ്രായം മാനിച്ച് പഠിക്കുന്നതിന് ഇടവേള നൽകിക്കൊണ്ടുള്ള ടൈംടേബിൾ തയ്യാറാക്കാനാണ് നിർദേശം നൽകിയിട്ടുള്ളത്. കുട്ടികൾക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാകാത്ത രീതിയിൽ പരീക്ഷ നടത്താനുള്ള ഒരുക്കങ്ങളാണ് സർക്കാർ നടത്തുന്നതെന്നും മന്ത്രി പറഞ്ഞു.

സ്കൂളുകൾ തുറക്കുന്ന കാര്യത്തിൽ വിദ്യാഭ്യാസ വകുപ്പ് മാത്രമല്ല തീരുമാനമെടുക്കേണ്ടത്. മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള സമിതിയുടെയും ആരോഗ്യവകുപ്പിന്റെയും നിർദേശങ്ങൾക്കനുസരിച്ചായിരിക്കും ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കുകയെന്നും മന്ത്രി വ്യക്തമാക്കി.

Related posts

Leave a Comment