പ്ലസ് വണ്‍ അലോട്ട്മെന്‍റ് ഇന്ന്, ഇഷ്ടവിഷയവും സ്കൂളും കിട്ടാതെ കുട്ടികള്‍

കൊച്ചി: സംസ്ഥാനത്തെ പ്ലസ് വണ്‍ അലോട്ട്മെന്‍റ് ഇന്ന്. നാളെ മുതല്‍ പ്രവേശനനം തുടങ്ങും. അതേ സമയം, എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ കുട്ടികള്‍ക്കു പോലും ഇഷ്ടപ്പെട്ട വിഷയങ്ങളും അടുത്തുള്ള സ്കൂളുകളും കിട്ടാതെ ബുദ്ധിമുട്ടിലാകും. ഈ വര്‍ഷം കൂടുതല്‍ ബാച്ചുകള്‍ അനുവദിക്കില്ലെന്നു സര്‍ക്കാര്‍ വ്യക്തമാക്കിയതോടെ വലിയൊരു വിഭാഗം വിദ്യാര്‍ഥികളുടെ ഉന്നത വിദ്യാഭ്യാസം ഇരുട്ടിലാകും.

കടുത്ത സാമ്പത്തിക പ്രതിസന്ധി ഉയര്‍ത്തിയാണ് സര്‍ക്കാര്‍ കൂടുതല്‍ ബാച്ചുകള്‍ അനുവദിക്കേണ്ടതില്ലെന്ന നിലപാട് സ്വാകരിച്ചത്. എന്നാല്‍ മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് റെക്കോഡ് വിജയമാണ് ഇക്കുറി എസ്എസ്എല്‍സി പരീക്ഷയിലുണ്ടായത്. മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയവരുടെ എണ്ണം മാത്രം കഴിഞ്ഞ വര്‍ഷത്തക്കേള്‍ മൂന്നിരട്ടി വര്‍ധിച്ചു. ഈ സാഹചര്യത്തില്‍ ട്രയല്‍ അലോട്ട്മെന്‍റ് ലിസ്റ്റ് പ്രസിദ്ധപ്പെടുത്തിയപ്പോള്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് വാങ്ങിയവര്‍ക്കു പോലും സമീപ സ്കൂളുകളിലൊന്നും ഇഷ്ട വിഷയങ്ങളില്‍ പ്രവേശനം ലഭിച്ചില്ല.

ഒട്ടാകെ 4,19,651 പേരാണ് ഇക്കുറി എസ്എസ്എല്‍സി പരീക്ഷ കഴിഞ്ഞ ഉന്നത വിദ്യാഭ്യാസത്തിനു യോഗ്യത നേടിയത്. അവരില്‍ 1,21,318 പേര്‍ക്ക് എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് ലഭിച്ചു. കഴിഞ്ഞ വര്‍ഷം ഇവരുടെ എണ്ണം 41,905 ആയിരുന്നു. എന്നിട്ടും പലര്‍ക്കും ഇഷ്ടവിഷയങ്ങള്‍ക്കു പ്രവേശനം ലഭിച്ചില്ല. ഇക്കുറി 3.62 ലക്ഷം സീറ്റുകളാണ് പ്ലസ് വണിലുള്ളത്. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി, പോളിടെക്നിക്ക്, തുടങ്ങിയ അനുബന്ധ കോഴ്സുകളിലേക്കു കുറച്ചു പേര്‍ പോയേക്കാം. എന്നാല്‍ അതിനെക്കാള്‍ കൂടുതല്‍ കുട്ടികള്‍ സിബിഎസ്ഇ, ഐസിഎസ്ഇ സിലബസുകളില്‍ നിന്നു കേരള സിലബസിലേക്കു മാറാന്‍ തയാറെടുക്കുന്നു. എല്ലാം കൂടി നാലര ലക്ഷത്തോളം കുട്ടികളെങ്കിലും പ്ലസ് വണ്ണിനെത്തുമെന്നാണ് കണക്കാക്കുന്നത്.

കോവിഡ് മഹാമാരി മൂലം സംസ്ഥാനത്തെ പല അണ്‍എയ്‌ഡഡ് സിബിഎസ്ഇ സ്കൂളുകളും അടച്ചു പൂട്ടി. അവിടങ്ങളിലുണ്ടായിരുന്ന കുട്ടികളും ഇപ്പോള്‍ കേരള സിലബസിലേക്കാണു വരുന്നത്. ഇവരെ എല്ലാം ഉള്‍ക്കൊള്ളാനുള്ള ശേഷി സംസ്ഥാനത്തെ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിനില്ല. ഈ വര്‍ഷം ഒരു ലക്ഷത്തോളം സീറ്റുകളുടെ കുറവുണ്ടാകുമെന്നാണു കരുതുന്നത്. ഈ സാഹചര്യത്തില്‍ ഈ വര്‍ഷത്തെ പ്ലസ് വണ്‍ പ്രവേശനം കുത്തഴിയുമെന്ന കാര്യം ഉറപ്പ്. അവസരം മുതലാക്കാനുള്ള ശ്രമത്തിലാണ് സ്വകാര്യ സ്കൂളുകള്‍. സയന്‍സ്, കോമേഴ്സ് വിഷയങ്ങള്‍ക്ക് കഴിഞ്ഞ വര്‍ഷം തന്നെ ഒരു ലക്ഷം രൂപ വരെ കോഴ വാങ്ങിയ സ്കൂളുകളുണ്ട്. അവര്‍ ഈ വര്‍ഷം ഏതു നിരക്ക് വാങ്ങുമെന്നറിയാതെ വീര്‍പ്പുമുട്ടുകയാണു രക്ഷിതാക്കള്‍.

സാമ്പത്തിക ബാധ്യത പറഞ്ഞ് സീറ്റ വര്‍ധിപ്പിക്കാതിരിക്കുന്ന സര്‍ക്കാരാവട്ടെ, വിദ്യാര്‍ഥികളുടെ ഉന്നത വിദ്യാഭ്യാസമെന്ന മൗലികാവകാശത്തെപ്പോലും അട്ടിമറിക്കുകയാണ്. അടുത്ത മാസം ഒന്നു വരെയാ​ണ് ഒന്നാംഘട്ട അലോട്ട്മെന്‍റ്.

Related posts

Leave a Comment