പ്ലസ് വൺ രണ്ടാം അലോട്ട്മെന്റിലും മിടുക്കർക്ക് സീറ്റില്ല

തിരുവനന്തപുരം: എസ്.എസ്.എൽ.സി പരീക്ഷയിൽ മുഴുവൻ വിഷയത്തിലും എ പ്ലസ് വാങ്ങിയ പതിനായിരക്കണക്കിന് വിദ്യാർത്ഥികൾക്ക് പ്ലസ് വൺ രണ്ടാം അലോട്ട്മെന്റിലും പ്രവേശനമില്ല. അശാസ്ത്രീയമായി സീറ്റുകൾ വർധിപ്പിച്ച സർക്കാർ നടപടിയാണ് വിദ്യാർത്ഥികളുടെ ഭാവി തുലാസിലാക്കിയിരിക്കുന്നത്. മെറിറ്റ് വിഭാഗത്തില്‍ ബാക്കിയുള്ളത് 655 സീറ്റുകള്‍ മാത്രമാണ്. ഇനി സപ്ലിമെന്ററി അലോട്ട്മെന്റ് മാത്രമാണ് അവശേഷിക്കുന്നത്. സംസ്ഥാനത്തെ ആകെ അപേക്ഷകരുടെ എണ്ണം മാത്രം കണക്കാക്കി സീറ്റ് വർധിപ്പിച്ചതാണ് വിദ്യാർത്ഥികൾക്ക് തിരിച്ചടിയായത്. ജില്ലാ, സബ്ജില്ലാ തലങ്ങളിൽ നിന്നുള്ള അപേക്ഷകരുടെ തോത് മനസിലാക്കി അധിക ബാച്ച് അനുവദിക്കണമെന്ന് നിയമസഭയ്ക്ക് അകത്തും പുറത്തും പ്രതിപക്ഷം ആവശ്യപ്പെട്ടെങ്കിലും സർക്കാർ മുഖം തിരിക്കുകയായിരുന്നു.
ഇഷ്ടമുള്ള സ്കൂളുകളിലും ഇഷ്ട വിഷയങ്ങളിലും പ്രവേശനം ആഗ്രഹിച്ച 1.75 ലക്ഷത്തോളം വിദ്യാര്‍ഥികളാണ് പ്രവേശന നടപടികളിൽ നിന്ന് ഇപ്പോൾ പുറത്തായിരിക്കുന്നത്. ഇതില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ്  ലഭിച്ചവരുമുണ്ട്. ഇതോടെ അണ്‍ എയ്ഡഡ് സ്‌കൂളുകളില്‍ ഫീസ് അടച്ച് പഠിക്കേണ്ട അവസ്ഥ വരുമോയെന്ന ആശങ്കയിലാണ് വിദ്യാർഥികൾ.
3,94,457 പ്ലസ് വണ്‍ സീറ്റുകളാണ് സംസ്ഥാനത്ത് ആകയുള്ളത്. രണ്ട് അലോട്ട്മെന്റുകള്‍ കഴിഞ്ഞപ്പോഴേക്കും 2,69,533 കുട്ടികള്‍ക്കാണ് പ്ലസ് വണ്‍ പ്രവേശനം ലഭിച്ചത്. എന്നാല്‍ പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷിച്ച കുട്ടികളുടെ എണ്ണം നാലരലക്ഷത്തോളമാണ്. രണ്ടാംഘട്ട അലോട്ട്മെന്റുകൂടി കഴിഞ്ഞതോടെ ശേഷിക്കുന്ന പാതിയോളം കുട്ടികള്‍ക്ക് ഫീസ് മുടക്കി അണ്‍ എയ്ഡഡ് സ്‌കൂളുകളുകളിലോ മാനേജ്മെന്റ് സീറ്റുകളിലോ പ്രവേശനം നേടേണ്ടിവരും.  മിക്ക കുട്ടികള്‍ക്കും ഇഷ്ടപ്പെട്ട സ്‌കൂളുകളോ, വിഷയമോ ലഭിച്ചിട്ടില്ല. 1,21,318 കുട്ടികള്‍ക്കാണ് ഇത്തവണ പത്താം ക്ലാസില്‍ മുഴുവന്‍ വിഷയത്തിലും എ പ്ലസ് കിട്ടിയത്.

Related posts

Leave a Comment