പ്ലസ് വൺ പ്രവേശന നടപടി 16 മുതൽ; പാഠ്യ പദ്ധതി പരിഷ്കരിക്കുമെന്ന് മന്ത്രി

തിരുവനന്തപുരം: പ്ലസ് വൺ പ്രവേശന നടപടികൾ ഈമാസം 16 മുതൽ ആരംഭിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. പ്ലസ് വൺ വിദ്യാർത്ഥികളുടെ അന്തിമ പരീക്ഷയ്ക്ക് മുൻപ് ഒരു മോഡൽ പരീക്ഷ നടത്താൻ ആലോചിക്കുന്നുണ്ടെന്നും മന്ത്രി നിയമസഭയിൽ ധനാഭ്യർത്ഥന ചർച്ചയ്ക്ക് മറുപടി പറഞ്ഞു. പ്രീ സ്കൂൾ മുതൽ ഹയർസെക്കൻഡറി തലം വരെ സ്കൂൾ സംവിധാനങ്ങൾ ഏകീകരിക്കാനുള്ള പ്രവർത്തനം ഖാദർ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടരും. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പരിധിയിൽ വരുന്ന സ്ഥാപനങ്ങൾ നടത്തുന്ന വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ മികവാർന്ന നിലയിൽ നടപ്പാക്കാൻ ക്രമീകരണം ഏർപ്പെടുത്തും. ആധുനിക ശാസ്ത്ര – സമൂഹ ബോധത്തിന്റെ അടിസ്ഥാനത്തിൽ പാഠ്യപദ്ധതി പരിഷ്കരിക്കും. 2022 ജനുവരി മാസത്തിന് മുമ്പ് തന്നെ പാഠ്യപദ്ധതി ചട്ടക്കൂടിന്റെ കരട് തയ്യാറാക്കും. സാങ്കേതിക വിദ്യ,പ്രകൃതിദുരന്തങ്ങളെ അഭിമുഖീകരിക്കാൻ തയ്യാറെടുക്കൽ, മാലിന്യനിർമാർജനം, കുടിവെള്ള സംരക്ഷണം, ഊർജ്ജ സംരക്ഷണം തുടങ്ങിയവ പാഠ്യപദ്ധതിയുടെ ഭാഗമാകും. ലിംഗ സമത്വം, ലിംഗ തുല്യത, ലിംഗാവബോധം എന്നിവയെല്ലാം ഉളവാകാൻ ആവശ്യമായ അംശങ്ങൾ പാഠ്യപദ്ധതിയുടെ ഭാഗമാക്കാൻ  നടപടി ഉണ്ടാകുമെന്നും മന്ത്രി അറിയിച്ചു. 2013ലാണ് അവസാനമായി പാഠ്യപദ്ധതി പരിഷ്കരണം നടന്നത്. സ്കൂളുകളിൽ സൗരോർജം പ്രയോജനപ്പെടുത്തുന്നതിന് മുൻഗണന നൽകും. അധ്യാപകർക്ക് കൂടുതൽ പരിശീലനം നൽകി പ്രൊഫഷനലിസം വർദ്ധിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Related posts

Leave a Comment