വനിതാ കായിക താരങ്ങൾക്ക് പരിശീലനം; താരങ്ങളുമായി പ്ലേ ട്രൂ കരാർ ഒപ്പിട്ടു

 തിരുവനന്തപുരം: തിരുവനന്തപുരം ആസ്ഥാനമായുള്ള കേരളത്തിലെ ആദ്യ പ്ലെയർ-മാനേജ്‌മെന്റ്, സ്‌പോർട്‌സ് മാർക്കറ്റിംഗ് കമ്പനിയായ പ്ലേ ട്രൂ അഞ്ച് വനിതാ കായികതാരങ്ങളുമായി കരാർ ഒപ്പിട്ടു. പ്രണതി നായർ (ടേബിൾ ടെന്നീസ്), വിദർശ വിനോദ് (റൈഫിൾ ഷൂട്ടിംഗ്), കെസിയ മിറിയം സബിൻ (ക്രിക്കറ്റ്), ശ്രേയ മേരി കമൽ (നീന്തൽ), ദിയ ഗിരീഷ് (ക്രിക്കറ്റ്) എന്നീ താരങ്ങളുമായാണ് പ്ലേ ട്രൂ ആദ്യ ഘട്ടത്തിൽ കരാർ ഒപ്പിട്ടിരിക്കുന്നത്. ഈ താരങ്ങൾക്ക് ആവശ്യമുള്ള പരിശീലന സൗകര്യങ്ങളും മറ്റ് അനുബന്ധസഹായങ്ങളും കമ്പനി നിർവഹിക്കും.
ഇതാദ്യമായാണ് കേരളത്തിൽ നിന്നും ഒരു പ്ലെയർ-മാനേജ്‌മെന്റ് കമ്പനി കായിക താരങ്ങൾക്കായി ഇത്തരമൊരു ശ്രമം നടത്തുന്നത്. വ്യത്യസ്ത കായികമേഖലയിൽ നിന്നുള്ള അഞ്ച് താരങ്ങൾക്ക് മികച്ച പരിശീലനവും ദേശീയ അന്തർദേശീയ മത്സരവേദികൾ സാധ്യമാക്കുന്നതിനുമായുള്ള ശ്രമവുമായിരിക്കും പ്ലേ ട്രൂ നടത്തുക.
ദേശീയ ജൂനിയർ ടേബിൾ ടെന്നീസ് താരമാണ് പ്രണതി, സംസ്ഥാന-ദേശീയ മത്സരങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച റൈഫിൾ ഷൂട്ടറാണ് വിദർശ.ദേശീയ മത്സരങ്ങളിൽ ശ്രദ്ധേയയായ ജൂനിയർ നീന്തൽ താരമാണ് ശ്രേയ. കെസിയയും ദിയയും അണ്ടർ 19 കേരള സംസ്ഥാന താരങ്ങളാണ്. ഇപ്പോൾ ബാംഗ്ലൂരിലെ പദുക്കോൺ-ദ്രാവിഡ് സെന്റർ ഫോർ സ്പോർട്സ് എക്സലൻസിൽ പരിശീലനം നടത്തിവരികയാണ്. മികച്ച ചാമ്പ്യന്മാരെ കണ്ടെത്തുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമായാണ് പ്ലേ ട്രൂ ഇത്തരമൊരു ശ്രമം നടത്തുന്നതെന്ന് പ്ലേ ട്രൂവിന്റെ സിഇഒയും സഹസ്ഥാപകയുമായ സോണിയ അനിരുദ്ധൻ പറഞ്ഞു.

Related posts

Leave a Comment