മുൻ എം.പി ബിജുവിന്റെ ഭാര്യക്ക് നിയമനടപടിക്ക് അനുമതി : കൂടുതൽ തെളിവുകൾ പുറത്തുവിട്ട് സേവ് യൂണിവേഴ്സിറ്റി

തിരുവനന്തപുരം: ഗവേഷണ പ്രബന്ധങ്ങൾ സംബന്ധിച്ച് ആരോപണങ്ങളുന്നയിച്ച സേവ് യൂണിവേഴ്സിറ്റി സമിതി ഭാരവാഹികൾക്കെതിരെ നിയമ നടപടി സ്വീകരിക്കാൻ മുൻ എംപി പി.കെ ബിജുവിന്റെ ഭാര്യ ഡോ. വിജി വിജയന് കേരള യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് അനുമതി നൽകി. വൈസ് ചാൻസലർക്ക് ഡോ. വിജി വിജയൻ നൽകിയ അപേക്ഷയുടെ അടിസ്ഥാനത്തിലാണ് തീരുമാനം. കേരള സർവകലാശാലയിൽ തന്റെ ബയോ കെമിസ്ട്രി അസിസ്റ്റന്റ് പ്രൊഫസ്സർ നിയമനവുമായും ഗവേഷണ പ്രബന്ധങ്ങളുമായും ബന്ധപ്പെട്ട് വസ്തുതാവിരുദ്ധമായ കാര്യങ്ങൾ പ്രചരിപ്പിക്കുകയും വ്യക്തി രാഷ്ട്രീയ വിരോധത്തിന്റെ പേരിൽ വ്യാജവാർത്തകൾ സൃഷ്ടിക്കുകയും ചെയ്യുന്നവർക്കെതിരെ നിയമ നടപടിക്ക് അനുമതി നൽകണമെന്നായിരുന്നു ഡോ. വിജിയുടെ ആവശ്യം. നിയമ നടപടിക്ക് അനുമതി  നൽകിയെങ്കിലും അനുബന്ധ ചെലവുകൾ വഹിക്കുന്നത് സംബന്ധിച്ച തീരുമാനം സർവകലാശാല കൈകൊണ്ടിട്ടില്ല.
ഡോ. വിജി വിജയൻ ഡാറ്റാ തട്ടിപ്പ് നടത്തിയെന്നും അതേ ഗവേഷണ പ്രസിദ്ധീകരണങ്ങൾ കൂടി കണക്കിലെടുത്താണ്  വിജി വിജയന് ബയോ കെമിസ്ട്രി വിഭാഗത്തിൽ അസിസ്റ്റന്റ് പ്രൊഫസ്സർ  നിയമനം ലഭിച്ചതെന്നും സേവ് യൂണിവേഴ്സിറ്റി സമിതി ഗവർണർക്കും കേരള സർവകലാശാല വൈസ് ചാൻസലർക്കും പരാതി നൽകിയിരുന്നു. 120-ഓളം അപേക്ഷകരിൽ ഉയർന്ന യോഗ്യതകളും ഗവേഷണ പ്രസിദ്ധീകരണങ്ങളും അധ്യയന പരിചയവുമുള്ള നിരവധി പേരെ ഒഴിവാക്കി മുൻ എംപി പികെ ബിജുവിന്റെ ഭാര്യയായ ഡോ. വിജി വിജയന് ഒന്നാം റാങ്ക് നൽകിയത് നേരത്തെ വിവാദമായിരുന്നു. ആർ.എസ് ശശികുമാർ, എം ഷാജർഖാൻ എന്നിവരാണ് സേവ് യൂണിവേഴ്സിറ്റി സമിതിയുടെ നിലവിലെ ഭാരവാഹികൾ.
അതേസമയം, ഡോ. വിജി വിജയന്റെ ഗവേഷണ പ്രബന്ധവുമായി ബന്ധപ്പെട്ട കൂടുതൽ തെളിവുകൾ സേവ് യൂണിവേഴ്സിറ്റി സമിതി പുറത്തുവിട്ടു. തന്റ ഗവേഷണ പ്രബന്ധവുമായി ബന്ധപ്പെട്ടുണ്ടായ വീഴ്ച മാപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ഡോ. വിജി വിജയൻ ബ്രിട്ടീഷ് ഫാർമക്കോളജി ജേർണൽ പ്രസാധകർക്ക് സമർപ്പിച്ച തിരുത്തൽ രേഖകളാണ് പുറത്തുവിട്ടത്. വിജി വിജയന്റെ ഗവേഷണ മേൽനോട്ടം വഹിച്ച പ്രൊഫസ്സറും വിജി വിജയനും ഡാറ്റാ തട്ടിപ്പ് നടത്തിയതായി സേവ് യൂണിവേഴ്സിറ്റി സമിതി പരാതി ഉന്നയിച്ചതിന് ശേഷമാണ് തങ്ങൾക്കു പറ്റിയ വീഴ്ച ചൂണ്ടിക്കാട്ടി പ്രസാധകാരോട് ക്ഷമാപണം നടത്തിയതെന്ന് രേഖകളിൽ വ്യക്തമാണ്. ഡാറ്റ തട്ടിപ്പ് നടന്നതായി തെളിഞ്ഞ സാഹചര്യത്തിൽ വിജി വിജയൻ അസിസ്റ്റന്റ് പ്രൊഫസ്സർ നിയമനത്തിനുള്ള അപേക്ഷയോടൊപ്പം സർവകലാശാലയിൽ സമർപ്പിച്ച എല്ലാ ഗവേഷണ രേഖകളും ഒരു കേന്ദ്ര അംഗീകൃത വിദഗ്ധ സമിതിയെ കൊണ്ട് പരിശോധിക്കണമെന്ന് സേവ് യൂണിവേഴ്സിറ്റി ക്യാംപയിൻ കമ്മിറ്റി വൈസ് ചാൻസലറോട് ആവശ്യപ്പെട്ടു. 

Related posts

Leave a Comment