ഡാം സുരക്ഷാ നിയമം മുല്ലപ്പെരിയാറിലും ബാധകമാക്കണം: പിജെ ജോസഫ്

തിരുവനന്തപുരം: ലോക്‌സഭയും രാജ്യസഭും പാസാക്കിയ ഡാം സുരക്ഷാ നിയമം മുല്ലപ്പെരിയാറിന്റെ കാര്യത്തില്‍ ബാധകമാക്കണമെന്ന് കേരളാ കോണ്‍ഗ്രസ് ചെയര്‍മാന്‍ പി.ജെ ജോസഫ് എംഎല്‍എ. മരം മുറി ഉത്തരവിനു പിന്നില്‍ ഉന്നതരാണെന്നും ഇതുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥന്റെ സസ്‌പെന്‍ഷന്‍ ഉടന്‍ പിന്‍വലിച്ചത് അതുകൊണ്ടാണെന്നും മുഖ്യമന്ത്രിയും വനം മന്ത്രിയും അറിയാതെ ഉത്തരവ് ഇറങ്ങില്ലെന്നും മരം മുറി വിഷയത്തില്‍ മുഖ്യമന്ത്രി മൗനം തുടരുകയാണെന്നും ജോസഫ് കുറ്റപ്പെടുത്തി. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ നിസംഗതയ്‌ക്കെതിരെ കേരളാ കോണ്‍ഗ്രസ് നേതൃത്വത്തില്‍ നടത്തിയ ഉപവാസ സമരം സെക്രട്ടറിയേറ്റിനു മുന്നില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുല്ലപ്പെരിയാര്‍ ഡാമിന്റെ ബലക്ഷയത്തെക്കുറിച്ച് ആദ്യം പറഞ്ഞത് കേന്ദ്ര ജല കമ്മീഷനാണ്. മുല്ലപ്പെരിയാര്‍ ഡാമിനെ സംബന്ധിച്ച രണ്ടു പഠന റിപ്പോര്‍ട്ടുകള്‍ അണക്കെട്ടിന്റെ ബലക്ഷയം ചൂണ്ടിക്കാട്ടിയിട്ടുള്ളതാണ്. ഐ.ഐ.ടി ഡല്‍ഹി നടത്തിയ പ്രളയ സാധ്യത പഠനം രണ്ടു ദിവസം കൊണ്ട് മുല്ലപ്പെരിയാറിന്റെ വൃഷ്ടി പ്രദേശത്ത് 65 സെന്റിമീറ്റര്‍ മഴയുണ്ടാകാന്‍ സാധ്യത നിലനില്‍ക്കുന്നതായും അങ്ങനെ സംഭവിച്ചാല്‍ അണക്കെട്ട് 136 അടി ജലനിരപ്പില്‍ നില്‍ക്കുമ്പോള്‍ പോലും ജലനിരപ്പ് 160 അടിക്കു മുകളില്‍ ഉയര്‍ന്ന് അണക്കെട്ടിനു മുകളിലൂടെ 11 മണിക്കൂറില്‍ കൂടുതല്‍ ജലം ഒഴുകുമെന്നും അങ്ങനെ ഉണ്ടായാല്‍ അണക്കെട്ട് തകരുമെന്നും ഡോ. ഗോസൈന്റെ റിപ്പോര്‍ട്ടില്‍ പറഞ്ഞിട്ടുണ്ട്. ഭൂകമ്പ പ്രതിരോധം അണക്കെട്ടുകളുടെ രൂപകല്‍പനയുടെ ഭാഗമാകുന്നുതിനും മുമ്പ് നിര്‍മ്മിച്ചതാണ് മുല്ലപ്പെരിയാര്‍ അണക്കെട്ട്. ഡാമില്‍ നിന്നും 16 കിലോ മീറ്റര്‍ അകലെയുള്ള ഇപ്പോള്‍ നിര്‍ജീവമായി കഴിയുന്ന തേക്കടി – കൊടൈവന്നല്ലൂര്‍ ഭ്രംശമേഖല റിക്ടര്‍ സ്‌കെയിലില്‍ 6.5 വരെ പ്രഹര ശേഷിയുള്ള ഭൂകമ്പങ്ങള്‍ ഉണ്ടാക്കാന്‍ കഴിയുമെന്ന് ഐഐടി റൂര്‍ക്കിയിലെ ഡോ ഡി.കെ. പോള്‍ വ്യക്തമാക്കിയിട്ടുണ്ട്. തമിഴ്‌നാടിനു കത്ത് എഴുതിയതു കൊണ്ടു മാത്രം കാര്യമില്ല. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സര്‍ക്കാര്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കണമെന്നും ജോസഫ് പറഞ്ഞു. യോഗത്തില്‍ വര്‍ക്കിംഗ് ചെയര്‍മാന്‍ പി.സി. തോമസ് എക്‌സ് എം. പി. അദ്ധ്യക്ഷത വഹിച്ചു. മോന്‍സ് ജോസഫ് എംഎല്‍എ, ജോയി എബ്രഹാം, കെ. ഫ്രാന്‍സിസ് ജോര്‍ജ്, ജോണി നെല്ലൂര്‍, ജോസഫ് എം. പുതുശ്ശേരി, മാത്യു സ്റ്റീഫന്‍, എം.പി. പോളി, കൊട്ടാരക്കര പൊന്നച്ചന്‍, ഡി.കെ. ജോണ്‍, ജോണ്‍ കെ. മാത്യൂസ്, മോഹനന്‍പിള്ള, ഗ്രേസമ്മ മാത്യു, എബ്രഹാം കലമണ്ണില്‍, അഹമ്മദ് തോട്ടത്തില്‍, രാജന്‍ കണ്ണാട്ട്, വര്‍ഗീസ് മാമന്‍, അപു ജോണ്‍ ജോസഫ്, അജിത് മുതിരമല, വര്‍ഗ്ഗീസ് വെട്ടിയാങ്കല്‍, രാകേഷ് ഇടപ്പുര, അഡ്വ. ചെറിയാന്‍ ചാക്കോ, റോയി ഉമ്മന്‍, ഷിബു തെക്കുംപുറം, സജി മഞ്ഞക്കടമ്പില്‍, എം.ജെ. ജേക്കബ്, വിക്ടര്‍ റ്റി. തോമസ്, ജെറ്റോ ജോസഫ്, എം.പി. ജോസഫ്, വി.ജെ. ലാലി, കുഞ്ഞു കോശി പോള്‍, പ്രിന്‍സ് ലൂക്കോസ്, സന്തോഷ് കാവുകാട്ട്, ജെയ്‌സണ്‍ ജോസഫ് തുടങ്ങിയവര്‍ സംസാരിച്ചു.

Related posts

Leave a Comment