പിന്നെയും പിണറായിയുടെ പ്രത്യുപകാരം: രാജ്ഭവനിലേക്ക് വീണ്ടും സ്ഥിര നിയമനം

തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനുമായുള്ള ഒത്തുതീർപ്പിന്റെ ഭാഗമായി രാജ്ഭവനിൽ വീണ്ടും സ്ഥിരം നിയമനം അംഗീകരിച്ച് മുഖ്യമന്ത്രി ഉത്തരവിറക്കി. നിലവിൽ പബ്ലിക് റിലേഷൻസ് ഓഫീസറായി പ്രവർത്തിക്കുന്ന എസ്.ഡി പ്രിൻസിനെ സ്ഥിരപ്പെടുത്തിക്കൊണ്ടാണ് ഇക്കുറി പിണറായി വിജയന്റെ പ്രത്യുപകാരം.
രാജ്ഭവനിൽ ഗവർണറുടെ സെക്രട്ടറിയേറ്റിൽ ഫോട്ടോഗ്രാഫറുടെ തസ്തിക സൃഷ്ടിക്കാൻ ഇന്ന് ചേർന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. നിലവിൽ കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്തുവരുന്ന പി ദിലീപ് കുമാറിനെ ഗവർണറുടെ ശുപാർശ പ്രകാരം സ്ഥിരപ്പെടുത്താൻ തീരുമാനിച്ചുവെന്നാണ് മന്ത്രിസഭാ യോഗ തീരുമാനത്തിൽ അറിയിച്ചിരുന്നത്. ഇതിന് പിന്നാലെയാണ് രണ്ടാമത്തെ സ്ഥിര നിയമനം ഇന്നുണ്ടായിരിക്കുന്നത്. നയപ്രഖ്യാപന പ്രസംഗത്തിൽ സർക്കാരിനെ മുൾമുനയിൽ നിർത്തികൊണ്ട് ഗവർണർ വെച്ച ഉപാധികളിൽ ഈ നിയമനങ്ങളും ഉൾപ്പെട്ടതായാണ് സൂചന. പുനർ നിയമന വ്യവസ്ഥയിലാണ് പ്രിൻസിനെ സ്ഥിരപ്പെടുത്തിയിട്ടുള്ളത്.
നേരത്തെ കേരള സർവകലാശാല പിആർഒ ആയിരുന്നു പ്രിൻസ്. വൈദ്യുതി ബോർഡ് പിആർഒ ആയി പ്രവർത്തിച്ചിട്ടുണ്ട്. 2020-ൽ സർവീസിൽ നിന്ന് വിരമിച്ചെങ്കിലും രാജ്ഭവനിൽ താത്കാലിക നിയമനത്തിൽ പ്രവർത്തിക്കുകയായിരുന്നു. ഗവർണറുടെ ശുപാർശ പ്രകാരമാണ് ഇപ്പോൾ സർക്കാർ അദ്ദേഹത്തിന് പുനർനിയമന വ്യവസ്ഥയിൽ ജോലി സ്ഥിരപ്പെടുത്തി നൽകിയിരിക്കുന്നത്. പെൻഷൻ കഴിഞ്ഞ പദവിക്ക് തുല്യമായ ശമ്പളമായിരിക്കും പുനർനിയമനത്തിലൂടെ ലഭിക്കുക.

Related posts

Leave a Comment