പിണറായി… നിങ്ങൾ കമ്മ്യൂണിസ്റ് ആവണം, ധൂർത്ത് കുറക്കണം , കേരളത്തെ ശ്രീലങ്ക ആക്കരുത് : ബി ആർ എം ഷഫീർ

നാദിർ ഷാ റഹിമാൻ

റിയാദ് : പുറത്തുവരുന്ന വെളിപ്പെടുത്തലുകളിൽ ഭരണസ്തംഭനം നേരിടുമ്പോഴും,സാമ്പ ത്തിക ഞെരുക്കത്തിൽ പെൻഷനും ശമ്പളവും മുടങ്ങുമ്പോഴും, തൊഴുത്തിനും കാറിനും പോലീസ് അകമ്പടിക്കുമായി ധൂർത്തടിക്കുന്നത് നിർത്തി നിങ്ങൾ യഥാർത്ഥ കമ്മ്യൂണിസ്ററ് ആകണമെന്ന് അഡ്വ. ബി ആർ എം ഷഫീർ ആവശ്യപ്പെട്ടു.

സ്വർണ കള്ളക്കടത്തു വിഷയങ്ങളിൽ ഉയർന്നു വരുന്ന ആരോപണങ്ങളെ പ്രതിരോധിക്കാൻ സർക്കാർ നടത്തുന്ന പൊറാട്ടു നാടകങ്ങളെ ജനങ്ങൾ തിരിച്ചറിഞ്ഞതിന്റെ ജാള്യതയിൽ ആണ് രാഹുലിന്റെ ഓഫീസ് അടിച്ചു തകർത്തതും, അവസാനം എ കെ ജി സെന്ററിന് നേരെ ഓലപ്പടക്കം എറിഞ്ഞതും. എന്നാൽ നിങ്ങളുട വാദങ്ങൾ  ഏറ്റെടുക്കാൻ പോലും  ജനം തെയ്യാറല്ല.  ചോദ്യങ്ങൾക്കു ശരിയായ ഉത്തരം നൽകാതെയും നിയമസഭയെയും തെറ്റിദ്ധരിപ്പിക്കുന്നു. കേന്ദ്ര സർക്കാർ ഒളിച്ചുകളി അവസാനിപ്പിച്ച് ശരിയായ രീതിയിൽ അന്വേഷണം നടത്തണമെന്നും ബി ആർ എം ഷഫീർ ആവശ്യപ്പെട്ടു. റിയാദിൽ ഒഐസിസി തിരുവനന്തപുരം ജില്ലാ കമ്മറ്റിയുടെ പന്ത്രണ്ടാം വാർഷീകാഘോഷ ചടങ്ങിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു.

നേടാവുന്നതെല്ലാം നേടിയിട്ട് , പാർട്ടിയുടെ പരീക്ഷണ കാലത്തു അക്കരപ്പച്ച  തേടി പോകുന്നവർ ഒറ്റുകാരാണ്. ഈ പാർട്ടിയെ ക്ഷീണിപ്പിക്കാം എന്നല്ലാതെ ഇല്ലാതാക്കാൻ കഴിയില്ല. ഇന്ത്യയെന്ന  രാജ്യത്തിന്റെ ഡി എൻ എ ആണ് കോൺഗ്രസ് പ്രസ്ഥാനം. കോൺഗ്രസ് മുക്ത ഭാരതത്തിനായി പണിയെടുക്കുന്ന ബിജെപി യും മാർക്സിസ്റ്റു പാർട്ടിയും ഒരേ നാണയത്തിന്റെ ഇരുവശങ്ങൾ ആണെന്ന് നാം മറന്നുകൂടാ. കഴിഞ്ഞ തെരെഞ്ഞെടുപ്പിൽ നമ്മൾ അത് കണ്ടതാണ്. അണികളെ മറക്കുന്ന നേതാക്കന്മാരോ നേതാവിനെ അനുസരിക്കാത്ത അണികളോ പാർട്ടിക്ക് ഭൂഷണമല്ല. ഒന്നും നേടില്ല എന്നറിഞ്ഞിട്ടും ഈ പാർട്ടിക്ക് വേണ്ടി തെരുവിൽ പണിയെടുക്കുന്നവരിലൂടെ ഈ പാർട്ടി വീണ്ടും മുന്നോട്ടു വരുമെന്നും അവരാണ് പാർട്ടിയുടെ ശക്തി കേന്ദ്രം എന്നും അദ്ദേഹം ഓർമിപ്പിച്ചു. ജനനിബിഡമായ സദസ്സിനെ ആവേശഭരിതരാക്കിയാണ്  ബി ആർ എം ഷഫീർ പ്രസംഗം അവസാനിപ്പിച്ചത്.

ജില്ലാ പ്രസിഡന്റ് സജീർ പൂന്തുറ അധ്യക്ഷത വഹിച്ച യോഗത്തിൽ ഒഐസിസി സെൻട്രൽ കമ്മറ്റി വൈസ് പ്രസിഡന്റ് സലിം കളക്കര ഉദ്‌ഘാടനം ചെയ്തു  പ്രോഗ്രാം കമ്മറ്റി കൺവീനർ നിഷാദ് ആലംകോട് സ്വാഗതവും ട്രെഷറർ റാസി കോരാണി നന്ദിയും പറഞ്ഞു.

Related posts

Leave a Comment